കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കിയുള്ള തന്ത്രവും ഫലം കണ്ടില്ല! മിസോറാമില്‍ ബിജെപിയ്ക്ക് ആകെ നേടാനായത് നാല്‍പ്പതില്‍ ഒരു സീറ്റ്; ഇനി തിരിച്ച് വന്നുകൂടെയെന്ന് സോഷ്യല്‍മീഡിയ

ആത്മവിശ്വാസം അതിരുവിട്ട് കോണ്‍ഗ്രസ് മുക്ത ഭാരതത്തിനുവേണ്ടി സ്വപ്‌നം കണ്ട് പ്രവര്‍ത്തിച്ചു പോന്ന മോദി- അമിത് ഷാ ദ്വയത്തിനേറ്റ തിരിച്ചടിയാണ് സെമിഫൈനലിലെ ഈ ദയനീയ പരാജയം. അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നില്‍ പോലും വ്യക്തമായ നേട്ടമുണ്ടാക്കാന്‍ ബിജെപിയ്ക്ക് സാധിച്ചിട്ടില്ല.

ത്രിപുര മോഡലില്‍ പിടിച്ചെടുക്കാമെന്ന് സ്വപ്‌നം കണ്ട് അതിനായി ഏറെ പ്രയത്‌നിച്ച് മിസോറാമിലാണ് ബിജെപിയ്ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. നാല്‍പ്പത് സീറ്റുകളില്‍ ഒന്ന് മാത്രമാണ് നേടാനായത്. 2013 ല്‍ ഒരു സീറ്റ് പോലും നേടിയിരുന്നില്ല എന്നത് ചിന്തിക്കുമ്പോള്‍ നേട്ടമായി വിലയിരുത്താമെങ്കിലും മിസോറാം ഒരു പ്രതീക്ഷ തന്നെയായിരുന്നു ബിജെപിയ്ക്ക്.

മിസോറാമിലെ തോല്‍വി കേരള ബിജെപിയുടെ കൂടി തോല്‍വിയായിരിക്കുകയാണ്. കേരളത്തിലെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് മിസോറാമിലെ ബിജെപിയുടെ തോല്‍വിയോട് കൂട്ടി വായിക്കപ്പെടുന്ന വ്യക്തി.

ഈ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മിസോറാമില്‍ കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കിയത്. സംസ്ഥാന ഗവര്‍ണറാക്കിയ കേന്ദ്രസര്‍ക്കാര്‍, ത്രിപുര മോഡലില്‍ സംസ്ഥാന ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഈ നീക്കത്തിനാണ് ദയനീയമായ പരാജയം നേരിട്ടിരിക്കുന്നത്.

മിസോറാമില്‍ ആകെയുള്ളത് 40 സീറ്റുകളാണ്. എല്ലാ സീറ്റിലേക്കും ബിജെപി സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിച്ചിരുന്നു. എന്നാല്‍ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് ലീഡ് നേടാനായത്. 2013 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ബിജെപി നേട്ടം ഉണ്ടാക്കിയെങ്കിലും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് കേവലം ഒരു സീറ്റില്‍ ലീഡ് നേടാനാകുക എന്നത് ദയനീയമായ തോല്‍വിയാണ്. പ്രത്യേകിച്ചും 40 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍. ഒരു സീറ്റ് നേടാനായത് കുമ്മനത്തിന്റെ നേട്ടമായും ദയനീയ പരാജയം നേരിട്ടത് കുമ്മനത്തിന്റെ കഴിവുകേടായുമെല്ലാം വിലയിരുത്തുന്നവരുണ്ട്.

Related posts