കൊടകര കുഴല്‍പ്പണ കവര്‍ച്ച! മാര്‍ട്ടിന്‍ കുഴല്‍പ്പണ തട്ടിപ്പില്‍ വിദഗ്ദന്‍; വാഹനത്തിലുണ്ടായിരുന്നത് 25 ലക്ഷമല്ല; പണം എത്തിച്ചത് കര്‍ണാടകയില്‍നിന്ന്…

തൃശൂര്‍: കൊടകരയിലെ കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ പണം വന്നത് കര്‍ണാടകയില്‍ നിന്നാണെന്നും പരാതിയില്‍ പറഞ്ഞതനുസരിച്ച് 25 ലക്ഷമല്ല വാഹനത്തിലുണ്ടായിരുന്നതെന്നും പോലീസ് സ്ഥിരീകരിച്ചു.

കോഴിക്കോട് സ്വദേശി അബ്കാരി ധര്‍മ്മരാജിന് ബിസിനസ് ആവശ്യത്തിനായി നല്‍കിയ പണമാണ് നല്‍കിയതെന്നായിരുന്നു പറഞ്ഞിരുന്നത്.

യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്കാണ് പണം നല്‍കിയതെന്നും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത് സംബന്ധിച്ച മൊഴിയെടുപ്പിലാണ് പണം കര്‍ണാടകത്തില്‍ നിന്നാണ് വന്നതെന്ന് സ്ഥിരീകരിച്ചത്.

ഈ പണമാണ് സുനില്‍നായിക്ക് മുഖേന ധര്‍മ്മരാജിലൂടെ കൊടുത്തുവിട്ടത്.

കാറിലുണ്ടായിരുന്ന 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്ന് പരാതിയില്‍ പറഞ്ഞിരുന്നതെങ്കിലും കേസില്‍ പിടിയിലായ പ്രതികളില്‍ ഒരാളില്‍നിന്നു മാത്രം 31 ലക്ഷത്തോളം കണ്ടെത്തിയിരുന്നു.

പിന്നാലെ പിടിയിലായ മുഖ്യ പ്രതിയില്‍ നിന്നും, വിവരം ചോര്‍ത്തി നല്‍കിയ അബ്ദുള്‍ റഷീദില്‍ നിന്നുമുള്‍പ്പെടെ അറിഞ്ഞത് 45 ലക്ഷത്തിന്റെ ഇടപാട് നടന്നുവെന്നാണ്.

ഇതോടെയാണ് വാഹനത്തിലുണ്ടായിരുന്നത് 25 ലക്ഷമല്ലെന്ന് പൊലീസ് അറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ തുകയുണ്ടായിരുന്നുവെന്ന സ്ഥിരീകരണം.

കേസില്‍ റിമാന്‍ഡിലായിരുന്ന നാല് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

രഞ്ജിത്, ദീപക്, മാര്‍ട്ടിന്‍, ഒളരി ബാബു എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ബുധനാഴ്ച ഇവരുമായി തെളിവെടുപ്പു നടത്തും.

ഗൂഢാലോചന നടത്തിയവര്‍ ഇവരെ ഉപയോഗിച്ചാണ് വാഹനവും കുഴല്‍പ്പണവും തട്ടിയെടുത്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

മാര്‍ട്ടിന്‍ കുഴല്‍പ്പണ തട്ടിപ്പില്‍ വിദഗ്ദനാണ്. 13 പ്രതികളുള്ള കേസില്‍ 10 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

പ്രധാന പ്രതികളായ അലി സാജ്, മുഹമ്മദ് റഷീദ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഏപ്രില്‍ മൂന്നിനാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിച്ച മൂന്നരക്കോടി വ്യാജ വാഹനാപകടമുണ്ടാക്കി കവര്‍ന്നത്.

കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളില്‍ നിന്ന് തുക സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

Related posts

Leave a Comment