വനിതാ കണ്ടക്ടര്‍ താരമായി! യാത്രക്കാരിയുടെ മാല മോഷ്ടിച്ച് മുങ്ങിയ നാടോടി സ്ത്രീകളെ ഓടിച്ചിട്ട് പിടികൂടി; ആലപ്പുഴയിലെ കെഎസ്ആര്‍ടിസി ബസില്‍ അരങ്ങേറിയ സംഭവമിങ്ങനെ

ബസിലെ യാത്രക്കാരിയുടെ മാല മോഷ്ടിച്ച് മുങ്ങിയ നാടോടിസ്ത്രീകളെ വനിതാ കണ്ടക്ടര്‍ ഓടിച്ചിട്ട് പിടികൂടി. മറ്റുയാത്രക്കാരെല്ലാം നോക്കി നില്‍ക്കെയാണ് കെ.എസ്.ആര്‍.ടി.സി.ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടര്‍ പി.ആര്‍.സുജ മോഷ്ടാക്കളെ കീഴ്പ്പെടുത്തിയത്.

കൈനകരി അയ്യന്‍പറമ്പ് വീട്ടില്‍ സരസ്വതിയുടെ മൂന്നര പവന്റെ മാലയാണ് തിരിച്ചുകിട്ടിയത്. മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ കവിത (28), സരസ് (29 )എന്നിവരെ പിന്നീട് പോലീസില്‍ ഏല്പിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15 ഓടെ ആലപ്പുഴയില്‍ നിന്നും കോലത്ത് ജെട്ടിയിലേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി. ബസിലായിരുന്നു സംഭവം. മോഷണം നടന്നത് പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ബസില്‍നിന്ന് ഇവര്‍ ഇറങ്ങി ഓടി. പിന്നാലെ കണ്ടക്ടര്‍ സുജയും. ബസ് ചന്ദനകാവില്‍ എത്തിയപ്പോഴാണ് സംഭവം. നാട്ടുകാരില്‍ ചിലരും കണ്ടക്ടറെ സഹായിച്ചു. ആലപ്പുഴ സൗത്ത് പോലീസ് പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Related posts