കിടക്കുന്നത് നിലത്ത്, മറ്റ് ആര്‍ഭാടങ്ങളുമില്ല! കൂട്ടിനുള്ളത്, ആസാറാം ബാപ്പു; കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയ ബോളിവുഡ് താരം സല്‍മാന്‍ ഖാന് പ്രത്യേക പരിഗണനകള്‍ തത്കാലമില്ലെന്ന് റിപ്പോര്‍ട്ടുകള്‍

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ കൂട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അഞ്ചു വര്‍ഷത്തിലേറെയായി തടവില്‍ കഴിയുന്ന ആത്മീയ നേതാവ് അസാറം ബാപുവും ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌നോയും.

ജയിലില്‍ പ്രത്യേക പരിഗണനകള്‍ ഇല്ലാത്തതിനാല്‍ നിലത്താണ് ബോളിവുഡ് മസില്‍കിംഗിന്റെ കിടപ്പ്. 4 പുതപ്പുകള്‍ നല്‍കിയുട്ടുണ്ടെന്നതല്ലാതെ മറ്റ് ആര്‍ഭാഡങ്ങളൊന്നും താരത്തിന് നല്‍കിയിട്ടില്ല. രണ്ടാം നമ്പര്‍ ബാരക്കിലാണു 52കാരനായ സല്‍മാന്‍ കഴിയുന്നത്. ഇതേ ജയിലില്‍ 2006ല്‍ ഇദ്ദേഹം അഞ്ചു ദിവസം കഴിഞ്ഞിട്ടുണ്ട്.

കേസെടുത്ത് 20 വര്‍ഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത്. ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദേവ്കുമാര്‍ ഖത്രിയാണു വിധി പ്രസ്താവിച്ചത്. വിധി കേട്ട സല്‍മാന്റെ സഹോദരികളായ അര്‍പിതയും അല്‍വിരയും പൊട്ടിക്കരഞ്ഞു.

വേട്ടയ്ക്കിടെ സല്‍മാനൊപ്പമുണ്ടായിരുന്ന സെയ്ഫ് അലിഖാന്‍, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ കോടതി വെറുതെവിട്ടു. പ്രദേശവാസിയായ ദുഷ്യന്ത് സിങ് എന്ന വ്യക്തിയെയും കുറ്റവിമുക്തനാക്കി.

സല്‍മാന്‍ ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബര്‍ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നെന്നാണു കേസ്. ‘ഹം സാത്ത് സാത്ത് ഹേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി രാജസ്ഥാനിലെ ജോധ്പൂരില്‍ എത്തിയപ്പോഴാണു കന്‍കാനി ഗ്രാമത്തിനു സമീപം ഗോധ ഫാമില്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നത്.

സല്‍മാനാണു ജിപ്‌സി ഓടിച്ചിരുന്നത്. മാനുകളുടെ കൂട്ടത്തെ കണ്ടപ്പോള്‍ വാഹനം നിര്‍ത്തി വെടിവയ്ക്കുകയായിരുന്നു. രണ്ടു മാനുകള്‍ ചത്തു.

 

 

Related posts