കനക നിലാവേ തുയിലുണരൂ…തരള വസന്തം വരവായി! അടുക്കളയില്‍ ഉള്ളി അരിഞ്ഞുകൊണ്ട് അമ്പിളി പാടിയ ശ്രുതിമധുരമായ ഗാനത്തിന് സോഷ്യല്‍മീഡിയയില്‍ കയ്യടി; വൈറല്‍ വീഡിയോ

അടുക്കളയിലെ ജോലിയ്ക്കിടെ രാജഹംസമേ എന്ന ഗാനം പാടി വൈറലായ ചന്ദ്രലേഖ എന്ന വീട്ടമ്മയെ പിന്നീട് മലയാളികള്‍ എത്തിച്ചത്, അവര്‍ക്ക് സ്വപ്‌നം പോലും കാണാന്‍ സാധിക്കാതിരുന്ന ഉയരങ്ങളിലേയ്ക്കാണ്. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയോടൊപ്പം പോലും ഗാനമാലപിക്കാന്‍ ചന്ദ്രലേഖയ്ക്ക് അവസരം ലഭിച്ചിരുന്നു.

ഇപ്പോഴിതാ മറ്റൊരു കലാകാരിയെക്കൂടി അവര്‍ അര്‍ഹിക്കുന്ന അംഗീകാരം നേടിക്കൊടുക്കുന്നതിനായി സോഷ്യല്‍മീഡിയ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നു. ഇതും അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ, അമ്പിളി എന്ന യുവതി പാടിയതാണ്.

‘കനക നിലാവേ തുയിലുണരൂ… തരള വസന്തം വരവായി…’ എന്നുള്ള ആ മധുരശബ്ദം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ അമ്പളി സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു. കോട്ടയം തെക്കുംതലയിലെ കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാന്റീന്‍ ജീവനക്കാരിയാണ് അമ്പിളി. ഇവര്‍ പാടിയ ‘കനകനിലാവെ തുയിലുണരൂ’ എന്ന ഗാനമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ചെങ്ങളം സ്വദേശിനിയാണ് ഇവര്‍. അമ്പിളിയുടെ പാട്ടിലെ മികവ് തിരിച്ചറിഞ്ഞ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു വിദ്യാര്‍ത്ഥിയാണ് അമ്പിളി പാടുന്ന വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ഇവരൊക്കെയാണ് പ്രോത്സാഹനവും ശ്രദ്ധയും കിട്ടേണ്ട കലാകാരികള്‍ എന്നാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.

Related posts