കൊച്ചി: ലക്ഷദ്വീപിലെ അഗത്തിയില്‍ നിന്ന് ഹൃദയാഘാതം സംഭവിച്ചയാളെ അടിയന്തിര ചികിത്സയ്ക്കായി കൊച്ചിയില്‍ എത്തിച്ചു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് അതിവേഗ മെഡിക്കല്‍ ഇവാക്വേഷന് നടത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനത്തിലാണ് 55 വയസുകാരനെ കൊച്ചിയിലേക്ക് എത്തിച്ചത്. വിമാനത്തില്‍ മൊബൈല്‍ ഇന്റന്റന്സീവ് കെയര്‍ യൂണിറ്റ് ക്രമീകരിച്ചായിരുന്നു നടപടികള്‍.
ഇന്നലെ വൈകിട്ടോടെയാണ് 55കാരന് ഹൃദയാഘാതം അനുഭവപ്പെട്ടത്. വിദഗ്ദ്ധ ചികിത്സ ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ ലക്ഷദ്വീപിലെ രോഗികളെ കൊച്ചിയിലേക്ക് മാറ്റാറാണ് പതിവ്. സാധാരണയായി ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹെലികോപ്റ്ററുകളോ എയര്‍ ആംബുലന്‍സുകളോ ആണ് ഉപയോഗിക്കാറുള്ളതെങ്കിലും, അടിയന്തര സാഹചര്യം കണക്കിലെടുത്ത് സമയം ലാഭിക്കുന്നതിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനം ഉപയോഗിക്കുകയായിരുന്നു.
വിമാനത്തിനുള്ളില്‍ തന്നെ എംഐസിയു സജ്ജീകരിച്ചു. രാത്രികാലത്തെ കാലാവസ്ഥാ വെല്ലുവിളികളും കടലിന് മുകളിലൂടെയുള്ള യാത്രയും പരിഗണിച്ചാണ് ഹെലികോപ്റ്ററിന് പകരം വേഗതയേറിയ ഡോണിയര്‍ വിമാനം തെരഞ്ഞെടുത്തത്.
നിലവില്‍ കൊച്ചിയിലെത്തിച്ച രോഗിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഈ മാസത്തില്‍ നടത്തുന്ന രണ്ടാമത്തെ മെഡിക്കല്‍ ഇവാക്വേഷന് ദൗത്യമാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഗത്തിയില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡ് നടത്തുന്ന നാലാമത്തെ രാത്രികാലദൗത്യവും.
