വെറുതെ ഡയലോഗ് പറഞ്ഞ് പോവുന്നവരും നല്ല നടന്മാരായി അടുത്തകാലത്ത് അറിയപ്പെടുന്നുണ്ട്! ഒന്നിച്ച് ജോലി ചെയ്യുന്ന സമയത്ത് അത് മനസിലാവും; സംവിധായകന്‍ ലാല്‍ ജോസിന്റെ ചില വിലയിരുത്തലുകള്‍ ഇങ്ങനെ

ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സ്വന്തമായ ഇടം ഉണ്ടാക്കിയിട്ടുള്ള സംവിധായകനാണ് ലാല്‍ ജോസ്. സംവിധായകനെ നോക്കി സിനിമ കാണുന്ന മലയാളികള്‍ പ്രഥമ പരിഗണന കൊടുത്തിരിക്കുന്ന സംവിധായകരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. മികവുറ്റ നിരവധി അഭിനേതാക്കളെ മലയാള സിനിമാലോകത്തിന് നല്‍കാനും ലാല്‍ ജോസിന് സാധിച്ചിട്ടുണ്ട്.

അഭിനേതാക്കളുടെ കഴിവും സര്‍ഗവാസനയും വ്യക്തമായി മനസിലാക്കാന്‍ സാധിക്കുന്നതു കൊണ്ട് തന്നെയാണ് സിനിമയിലേയ്ക്ക് ആളുകളെ വഴിതിരിച്ച് വിടാനും കലാകരന്മാരെയും കലാകാരികളെയും കൃത്യമായി കാസ്റ്റ് ചെയ്യാനുമൊക്കെ ലാല്‍ ജോസിന് സാധിക്കുന്നതും.

ഇത്തരത്തില്‍ അഭിനേതാക്കളെ കൃത്യമായി മനസിലാക്കുന്ന വ്യക്തിയെന്ന നിലയില്‍ മലയാള സിനിമയില്‍ നിന്ന് താന്‍ മനസിലാക്കിയിട്ടുള്ള ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ലാല്‍ ജോസിപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ലാല്‍ ജോസിന്റെ വാക്കുകളിങ്ങനെ..

മുതിര്‍ന്ന സംവിധായകര്‍ക്കും ഡേറ്റ് നല്‍കണമെന്ന് പുതിയ തലമുറയില്‍പ്പെട്ട ചില അഭിനേതാക്കളോട് ഞാന്‍ പറയാറുണ്ട്. മുതിര്‍ന്ന സംവിധായകരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. അനുഭവങ്ങളാണ് ഏറ്റവും നല്ല പാഠപുസ്തകം. അതുകൊണ്ട് തന്നെ പുതിയ തലമുറയില്‍പ്പെട്ട അഭിനേതാക്കള്‍ക്ക് അവരില്‍ നിന്ന് ഒരുപാട് ടിപ്പ്സുകള്‍ കിട്ടും. അതൊക്കെ അഭിനയ ജീവിതത്തിന് മുതല്‍ക്കൂട്ടാണ്.

സിനിമയിലെ സാങ്കേതിക വിദ്യ ഒരുപാട് മുന്നോട്ടു പോയപ്പോള്‍ അഭിനയത്തിലും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ തന്നെ നല്ലതും ചീത്തയുമായ വശങ്ങള്‍ ഉണ്ട്. ഇന്നത്തെ അഭിനേതാക്കള്‍ക്ക് സ്വാതന്ത്ര്യം കൂടുതലാണ്. വെറുതെ ബിഹേവ് ചെയ്താല്‍ മതി. പക്ഷേ അതിനെ ഗംഭീരമായ ആക്ടിങ് ആയി തെറ്റിദ്ധരിക്കുന്നത് അപകടമാണ്. കാരണം ഡ്രാമാറ്റിക് ആയി അഭിനയിക്കേണ്ട അവസരത്തില്‍ ഇത്തരം അഭിനേതാക്കള്‍ കഷ്ടപ്പെടുന്നത് കാണാം.

സിനിമയില്‍ ഡ്രാമ പാടില്ലെന്നും അഭിനേതാക്കള്‍ ഡ്രമാറ്റിക് ആകരുതെന്നും പൊതുവെ ചെറുപ്പക്കാര്‍ പറയുന്നുണ്ട്. പക്ഷേ അതില്‍ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. റിയലിസ്റ്റിക് സിനിമ എന്ന് നമ്മള്‍ പറയുന്നതിലും ഡ്രാമയുണ്ട്. അത് നമ്മള്‍ അറിയുന്നില്ല എന്ന് മാത്രം. പണ്ടത്തെ കാലത്തെ അപേക്ഷിച്ച് അഭിനയത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പണ്ടുള്ളവര്‍ ചെയ്യുന്ന പോലെയല്ല പുതിയ തലമുറ അഭിനയിക്കുന്നത്.

ഉദാഹരണത്തിന് തൊണ്ടിമുതലില്‍ ഫഹദിന്റെ ചെറിയ നോട്ടത്തില്‍ പോലും വലിയ ഡ്രാമയുണ്ട്. അത് റിയലിസ്റ്റിക്കാണ് എന്ന് നമുക്ക് തോന്നുകയും ചെയ്യും. അത് ഒരു അഭിനേതാവിന്റെ വിജയമാണ്. ഫഹദ് മികച്ച നടനാണെന്നതില്‍ സംശയമില്ല.

പക്ഷേ ഇതിന്റെ കൂട്ടത്തില്‍ ഡെപ്ത് ഇല്ലാത്ത ചില നടന്‍മാരും നല്ല അഭിനേതാക്കളായി അറിയപ്പെടുന്നുണ്ട്. പലരുടെയും കൂടെ ജോലി ചെയ്യുമ്പോള്‍ അത് എനിക്കും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട.് സാധാരണ ജീവിതത്തിലേത് പോലെ ഡയലോഗ് പറഞ്ഞാല്‍ മതി എന്നാണ് അവര്‍ വിചാരിച്ച് വച്ചിരിക്കുന്നത്. എന്നെപ്പോലുള്ളവര്‍ അഭിനയിക്കുന്നതും ഈ ആനുകൂല്യത്തിലാണ്’- ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

Related posts