കൊച്ചി: അമ്മ പകുത്തുകൊടുത്ത കരൾ രണ്ടു വയസുകാരനിൽ തുന്നിച്ചേർക്കപ്പെടുമ്പോൾ മെഡിക്കൽരംഗത്ത് പുതിയൊരധ്യായത്തിന്റെ കൂട്ടിച്ചേർക്കൽ കൂടിയായിരുന്നു അത്. അപൂർവ ജനിതകരോഗം ബാധിച്ച കുഞ്ഞിൽ രാജ്യത്ത് ആദ്യമായി നടത്തിയ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. ആലുവ രാജഗിരി ആശുപത്രിയിൽ നടന്ന കരൾ മാറ്റിവയ്ക്കൽ, ദാതാവിന്റെയും സ്വീകർത്താവിന്റെയും രക്തഗ്രൂപ്പിലെ പൊരുത്തമില്ലായ്മ മറികടന്നായിരുന്നെന്ന പ്രത്യേകതയുമുണ്ട്.
ശരീരത്തിൽ മെഥൈൽമലോണിക് ആസിഡിന്റെ അളവ് വർധിച്ചു തലച്ചോറിന്റെയും വൃക്കകളുടെയും പ്രവർത്തനത്തെയും ചലനശേഷിയെയും ബാധിക്കുന്ന മെഥൈൽമലോണിക് അസിഡീമിയ (എംഎംഎ) എന്ന അപൂർവ ജനിതകരോഗം ബാധിച്ച ന്യൂഡൽഹി ഓക്ല സ്വദേശിയായ ഉമറിന്റെ കരളാണു മാറ്റിവച്ചത്. ജനിച്ചു മൂന്നാം നാൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളായിരുന്നു കുഞ്ഞിന്. അമ്മ സാനിയ കുഞ്ഞുമായി പല ആശുപത്രികൾ കയറിയിറങ്ങി.
ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നടത്തിയ പരിശോധനയിലാണു എംഎംഎ കണ്ടെത്തിയത്. കരളിൽ ആവശ്യമായ എൻസൈമുകൾ ഉത്പാദിപ്പിക്കാൻ കഴിയാത്ത രോഗാവസ്ഥയാണിത്. കരൾ മാറ്റിവയ്ക്കുക മാത്രമാണു ഫലപ്രദമായ പരിഹാരമെന്ന് എയിംസിലെ ഡോക്ടർമാർ പറഞ്ഞു. കുട്ടികളുടെ കരൾ മാറ്റിവയ്ക്കുന്നതിനുള്ള സൗകര്യം അവിടെയില്ല. എയിംസിലെ മലയാളിയായ ഡോ. ആർ.എസ്. ശരത്, കുഞ്ഞിന്റെ കരൾ മാറ്റിവയ്ക്കലിനു സഹായം അഭ്യർഥിച്ച് എക്സിൽ സന്ദേശമിട്ടു.
ഇതു രാജഗിരിയിലെ കരൾരോഗ വിഗ്ധനായ ഡോ. സിറിയക് അബി ഫിലിപ്സ് ശ്രദ്ധിച്ചതോടെ ഉമറിന്റെ ചികിത്സയിൽ വഴിത്തിരിവായി.
ഇരു ഡോക്ടർമാരും തമ്മിൽ ആശയവിനിമയം നടത്തി. കരൾ മാറ്റിവയ്ക്കലിന് എല്ലാ സൗകര്യങ്ങളും രാജഗിരിയിൽ ചെയ്യാമെന്നറിയിച്ചു. തുടർന്ന് സാനിയ മകനൊപ്പം രാജഗിരിയിലെത്തി.
കരൾമാറ്റിവയ്ക്കലിനായി ഡോ. ബിജു ചന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചു. രക്തഗ്രൂപ്പുകൾ സാമ്യമുള്ള ദാതാവിനെ തേടിയെങ്കിലും കിട്ടാത്തതിനെത്തുടർന്നാണ് അമ്മ കരൾ നൽകാൻ സന്നദ്ധയായത്. സാനിയയുടെ കുടുംബത്തിന്റെ അവസ്ഥയറിഞ്ഞു ശസ്ത്രക്രിയാ ചെലവിൽ 40 ലക്ഷത്തോളം രൂപ രാജഗിരി ആശുപത്രി വഹിച്ചു. കുഞ്ഞിന്റെ ആരോഗ്യനില സാധാരണ നിലയിലെത്തിയെന്നു ഡോക്ടർമാർ അറിയിച്ചു. എയിംസിലെയും രാജഗിരിയിലെയും ഡോക്ടർമാരുടെ സഹകരണം ശസ്ത്രക്രിയ വിജയമാകാൻ സഹായിച്ചെന്ന് രാജഗിരി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം പറഞ്ഞു.