ബലാക്കൊട്ട് ഭീകരകേന്ദ്രങ്ങളില്ലെന്ന പാക്കിസ്ഥാന്റെ വാദങ്ങളെ പൊളിച്ചടുക്കി നാട്ടുകാര്‍ ! മലയുടെ മുകളില്‍ തീവ്രവാദ പരിശീലനം നടത്തിയിരുന്നെന്ന് ഗ്രാമവാസി; തീവ്രവാദക്യാമ്പിനെക്കുറിച്ചുള്ള പരാമര്‍ശം 2011ല്‍ വിക്കിലീക്ക്‌സ് പുറത്തു വിട്ട റിപ്പോര്‍ട്ടിലും

ഇന്ത്യന്‍ വ്യോമസേന പ്രത്യാക്രമണം നടത്തിയ ബാലക്കോട്ട് ഭീകരകേന്ദ്രങ്ങളില്ലെന്ന് പറഞ്ഞ പാക്കിസ്ഥാന്റെ വാദങ്ങളെ പൊളിച്ചടുക്കി പ്രദേശവാസികള്‍. മലയുടെ മുകളില്‍ തീവ്രവാദ പരിശീലനം നടത്തിയിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.”അവിടെ ഒരു മതകേന്ദ്രമുണ്ട്. മലയുടെ മുകളില്‍ മുജാഹിദ്ദീനുകളുടെ പരിശീലന ക്യാമ്പാണ്.” മലയുടെ മുകളിലേക്ക് കൈ ചൂണ്ടിയായിരുന്നു ഒരു പ്രദേശവാസി ഇക്കാര്യം പറഞ്ഞത്. ബാലാകോട്ടിലെ ജാബാ ഗ്രാമവാസിയുടേതാണ് വാക്കുകള്‍. അവിടുത്തെ മതകേന്ദ്രത്തില്‍ കുട്ടികള്‍ക്ക് മതപാഠം നല്‍കിയിരുന്നതായും ജെയ്‌ഷെ ഇ മുഹമ്മദ് തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയിരുന്നതായും നാട്ടുകാര്‍ തന്നെ പറയുന്നു.

അല്‍-ജസീറയാണ് ഇസഌമാബാദില്‍ നിന്നും വടക്ക് 100 കിലോമീറ്റര്‍ മാറി കിടക്കുന്ന ബലാക്കോട്ടേയിലെ ജബയിലെ ഗ്രാമവാസികളുടെ പ്രതികരണം പുറത്തുവിട്ടത്. തീവ്രവാദം തങ്ങളുടെ മണ്ണിലില്ലെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ നടക്കുന്നു എന്ന ആരോപണം പാക്കിസ്ഥാന്‍ നിഷേധിക്കുകയും ചെയ്യുന്നു. എന്നാല്‍ തീവ്രവാദ പരിശീലന കേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടത്തിയതെന്ന ഇന്ത്യന്‍ വാദങ്ങള്‍ ശരി വെയ്ക്കുന്നതാണ് ഗ്രാമവാസികളുടെ പ്രതികരണം. ബാലാ ജെബയില്‍ ഇന്ത്യ ബോംബ് വര്‍ഷിച്ച സ്ഥലത്തിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന മതകേന്ദ്രം തീവ്രവാദ പരിശീലനം നല്‍കിയിരുന്ന ഇടമായിരുന്നു എന്നാണ് നാട്ടുകാര്‍ തന്നെ നല്‍കുന്ന സൂചന.

”അവിടുത്തെ മതകേന്ദ്രത്തില്‍ ജെയ്‌ഷെ ക്യാമ്പാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത് സജീവമായ പരിശീലനകേന്ദ്രവുമാണ്. യുദ്ധം ചെയ്യാനുള്ള പരിശീലനം ഇവിടെ നല്‍കിയിരുന്നു” ഒരു പ്രദേശവാസി പറയുന്നു. അതേസമയം 1980 കളില്‍ ഇവിടെ മുജാഹുദ്ദീന്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലൂം ഇപ്പോള്‍ അതെല്ലാം നശിച്ചുപോയെന്നാണ് മറ്റൊരാള്‍ പറഞ്ഞത്. 2018 ഏപ്രിലില്‍ ഇവിടെ നടന്ന മതപരിപാടിയില്‍ മസൂദ് അസറിന്റെ സഹോദരനും ജെയ്‌ഷെയുടെ ഉന്നത കമാന്ററായിരുന്ന അബ്ദുള്‍ റൗഫ് അസ്ഗാറും ഇവിടെ ജിഹാദില്‍ ചേരാന്‍ ആഹ്വാനം ചെയ്തു കൊണ്ടു പ്രസംഗിച്ചതായി ജെയ്‌ഷെയുടെ പ്രസിദ്ധീകരണമായ അല്‍ ക്വാലം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അല്‍ ജസീറ പറയുന്നു.

ഈ സ്ഥാപനം വിദ്യാഭ്യാസത്തിനൊപ്പം മതത്തെക്കുറിച്ചും ജിഹാദിനെക്കുറിച്ചും പഠിപ്പിച്ചിരുന്നതായി പ്രസിദ്ധീകരണം വ്യക്തമാക്കുന്നുണ്ട്. മതത്തിന് വേണ്ടി പോരാടുന്നവരുടെ പേരുകള്‍ വിളിച്ചു പറഞ്ഞ് അനുമോദിച്ചിരുന്നു. അമേരിക്കന്‍ പ്രതിരോധവിഭാഗത്തിന്റേതായി 2011 ല്‍ വിക്കിലീക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള പരിശീലനം നല്‍കുന്ന തീവ്രവാദി ക്യാമ്പുകളെക്കുറിച്ച് 2004 ജനുവരി 31ന് രേഖപ്പെടുത്തിയിരുന്നതായും പറയുന്നു.

ഇന്ത്യയുടെ ആരോപണങ്ങള്‍ നിഷേധിക്കുന്ന പാക്കിസ്ഥാന്‍ 2002 ല്‍ തന്നെ ജെയ്‌ഷെയെ രാജ്യത്ത് നിരോധിച്ചിരിക്കുകയാണ് എന്നാണ് അവകാശപ്പെടുന്നത്. ഈ വാദമുഖങ്ങളെയെല്ലാം പൊളിച്ചടുക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജബയിലെ തലീം ഉല്‍ ഖുറാന്‍ എന്ന മദ്രസയുമായി ബന്ധപ്പെട്ടാണ് വിവാദം. ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറാണ് ഇതിന്റെ നേതാവെന്നും ബന്ധു മുഹമ്മദ് യൂസുഫാണ് ഇത് നടത്തുന്നതെന്നും മതകേന്ദ്രത്തിലേക്കുള്ള റോഡില്‍ വെച്ചിരക്കുന്ന സൈന്‍ ബോര്‍ഡില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുവെന്നും വിവരമുണ്ട്.

Related posts