ഒക്ടോബർ 11നാണ് ആ ചരിത്രയാത്ര ആരംഭിക്കുക. സിംഗപ്പൂർ എയർലൈൻസിന്റെ ഏറ്റവും പുതിയ വിമാനം എയർബസ് എ350-900 യുഎൽആർ (അൾട്രാ ലോംഗ് റേഞ്ച്) കന്നിയാത്ര ആരംഭിക്കും. ഇതുവരെയുള്ള ദീർഘദൂര വിമാനയാത്രാ റിക്കാർഡുകൾ വെട്ടിത്തിരുത്തി ലോകത്തിലെ രണ്ടു പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയാണ് സിംഗപ്പൂർ എയർലൈൻസിന്റെ ലക്ഷ്യം.
സിംഗപ്പൂരിലെ ചാംഗി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു പറന്നുയരുന്ന വിമാനം ഏകദേശം 20 മണിക്കൂർ പറന്ന് ന്യൂയോർക്കിലെ നൂആർക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്ര അവസാനിപ്പിക്കും. ഒക്ടോബർ 11 മുതൽ ആഴ്ചയിൽ മൂന്നു സർവീസ് ആയിരിക്കും പുതിയ വിമാനത്തിനുണ്ടായിരിക്കുക.
എന്നാൽ, സിംഗപ്പൂർ എയർലൈൻസിന്റെ രണ്ടാം എയർബസ് എ350-900യുഎൽആർ വിമാനം സർവീസിനു സജ്ജമാകുന്നതോടുകൂടി ഒക്ടോബർ 18 മുതൽ ദിവസേനയുള്ള സർവീസ് ആരംഭിക്കും. എയർബസിന് ഓർഡർ നല്കിയ വിമാനങ്ങൾ സിംഗപ്പൂർ എയർലൈൻസ് സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. എയർബസിന്റെ 67 പുതിയ വൈഡ് ബോഡി എ350-900 വിമാനങ്ങളാണ് എയർലൈൻസ് ഓർഡർ നല്കിയിട്ടുള്ളത്. ഇതിൽ ഏഴെണ്ണം അൾട്രാ ലോംഗ് റേഞ്ച് വിമാനങ്ങളാണ്.
ഏപ്രിൽ 23ന് ഫ്രാൻസിലെ അസംബ്ലി പ്ലാന്റിൽവച്ചായിരുന്നു ആദ്യ യുഎൽആർ വിമാനത്തിന്റെ പരീക്ഷണപ്പറക്കൽ. അന്ന് ഏകദേശം അഞ്ചു മണിക്കൂറോളം പറന്നതിനു ശേഷമാണ് വിമാനം നിലത്തിറങ്ങിയത്. 11,160 മൈൽ ദൂരം (17,760 കിലോമീറ്റർ) നിർത്താതെ പറക്കാനുള്ള ശേഷിയാണ് നാല് എൻജിനുകളുള്ള യുഎൽആർ വിമാനങ്ങൾക്കുള്ളത്.
സാധാരണ എയർബസ് 350-900 വിമാനങ്ങൾക്ക് നിർത്താതെ പറക്കാനുള്ള ശേഷിയേക്കാളും 1800 മൈൽ (2,897 കിലോമീറ്റർ) അധികം പറക്കാനാകും. അതായത്, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർവീസ് നടത്തുന്ന കമ്പനി എന്ന പേര് ഇനി സിംഗപ്പൂർ എയർലൈൻസിനു സ്വന്തമാകും.
ഒരു ദിവസം മുഴുവൻ വിമാനത്തിൽ
ദിവസം മുഴുവനുമുള്ള യാത്ര യാത്രക്കാർക്ക് എങ്ങനെ ആയാസരഹിതമാക്കാനുള്ള വിധത്തിലാണ് വിമാനത്തിന്റെ രൂപഘടന. 67 ബിസിനസ് ക്ലാസ്, 94 പ്രീമിയം ഇക്കോണമി എന്നിങ്ങനെ 161 സീറ്റുകളാണ് വിമാനത്തിലുള്ളത്. ബിസിനസ് ക്ലാസ് മുഴുവൻ മുറിപോലെ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഉയരമുള്ള സീലിംഗ്, എൽഇഡി ലൈറ്റിംഗ്, ലംബമായുള്ള ഭിത്തികൾ, ശബ്ദക്കുറവ് എന്നിവയെല്ലാം ദീർഘദൂര യാത്രകൾക്ക് യാത്രക്കാരെ സഹായിക്കുന്നു.