ഉത്തര്‍പ്രദേശില്‍ ലുലുമാള്‍ തുടങ്ങാന്‍ വേണ്ടിയാണ് യോഗി ആദിത്യനാഥിനെ കണ്ടത് ! അന്നുണ്ടായ അനുഭവം തുറന്നുപറഞ്ഞ് എംഎ യൂസഫലി…

ലുലു ഗ്രൂപ്പ് ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവില്‍ രണ്ടായിരം കോടി ചെലവില്‍ ലുലു മാള്‍ നിര്‍മിക്കുന്നു എന്ന വാര്‍ത്ത ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അയ്യായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി അന്നു പറഞ്ഞിരുന്നു. ലക്‌നൗവില്‍ നടന്ന യു.പി ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിലാണ് എം.എ യൂസഫലി പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം നടത്തിയത്.

ഇപ്പോള്‍ ലുലുമാള്‍ സ്ഥാപിക്കുന്നതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചപ്പോഴുണ്ടായ നല്ല അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് എം.എ യൂസഫലി. മാള്‍ ആംരഭിക്കുന്നതിന് മുഖ്യമന്ത്രിയെ സമീപിച്ചപ്പോള്‍ അദ്ദേഹം ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ സഹായത്തിനായി നിയോഗിച്ചുവെന്നും 5000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരംഭത്തിന് അവര്‍ മുന്തിയ പരിഗണനയാണ് നല്‍കിയതെന്നും പറഞ്ഞ യൂസഫ് അലി തങ്ങളുടെ ലെയ്സണ്‍ ഓഫീസറായി ആ ഉദ്യോഗസ്ഥന്‍ മാറിയെന്നും വ്യക്തമാക്കി.

ദുബായില്‍ സംഘടിപ്പിച്ച ലോക കേരളസഭയില്‍ പിണറായിയെ വേദിയിലിരുത്തിയാണ് യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, കോഴിക്കോട് ലുലുമാള്‍ വരാത്തതിന്റെ കാരണവും യുസഫലി വ്യക്തമാക്കി. കോഴിക്കോട്ട് മാള്‍ തുടങ്ങാന്‍ സര്‍ക്കാരിനോട് താത്പര്യമറിയിച്ചിരുന്നു. മൂന്നുമാസത്തിനകം സര്‍ക്കാരിന്റ അനുമതികളെല്ലാം ലഭിച്ചു. പണി തുടങ്ങാനിരിക്കുവേ, വേഗത്തില്‍ മാളിന് അനുമതി നല്‍കിയത് ചോദ്യംചെയ്ത് ഒരു വ്യക്തി കേസുനല്‍കി. കേസായപ്പോള്‍ പദ്ധതി നീണ്ടുപോവുകയായിരുന്നെന്ന് യൂസഫലി വ്യക്തമാക്കി. കേരളത്തില്‍ ഒരു സംരംഭം തുടങ്ങുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടും മറ്റു സംസ്ഥാനങ്ങളിലും ഒരു സംരംഭം തുടങ്ങുമ്പോള്‍ ലഭിക്കുന്ന സ്വീകാര്യതയുമാണ് യുസഫ് അലി ആ പ്രസംഗത്തിലൂടെ വ്യക്തമാക്കിയത്.

Related posts