മരിച്ച ജവാന്റെ മകളെ ദത്തെടുക്കുമെന്ന് ഐഎഎസ് ഉദ്യോഗസ്ഥ! ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാന്‍ തയാറെന്ന് സെവാഗ്; പിന്തുണയുമായി താരങ്ങളും ഉദ്യോഗസ്ഥരും

പുല്‍വാമയില്‍ 40 ജവാന്മാരുടെ വീരമൃത്യവിന് കാരണമായ ഭീകരാക്രമണം രാജ്യത്തെ ഞെട്ടിക്കുന്നതായിരുന്നു. രാജ്യത്തിന്റെ വിവിധ കോണുകളില്‍ അതുണ്ടാക്കിയ ആഘാതം ചെറുതൊന്നുമല്ല. മരിച്ച ജവാന്മാരെ നന്ദിയോടെ ഓര്‍ക്കുന്നതിന്റെ ഭാഗമായി അവരുടെ കുടുംബാംഗങ്ങളെയും കുറേപ്പേര്‍ ഓര്‍മ്മിക്കുകയുണ്ടായി. അവരുടെ കുടുംബങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്തും നിരവധിയാളുകള്‍ രംഗത്തെത്തുകയുണ്ടായി.

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്റെ മകളെ ദത്തെടുക്കാന്‍ സന്നദ്ധതയായി എത്തിയ വനിതാ ഐഎഎസ് ഓഫീസറാണ് അക്കൂട്ടത്തില്‍ ഒരാള്‍. ബിഹാറിലെ ഷെയ്ഖ്പുര ജില്ലാ മജിസ്‌ട്രേറ്റായ ഇനായത് ഖാനാണ് ജവാന്റെ മകളെ ദത്തെടുക്കാന്‍ തയ്യറായത്.

ബീറാല്‍ നിന്നുള്ള രണ്ടു സിആര്‍പിഎഫ് ജവാന്‍മാരാണ് പുല്‍വമയില്‍ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സഞ്ജയ് കുമാര്‍ സിന്‍ഹ, രത്തന്‍ ഠാക്കൂര്‍ എന്നീ ജവാന്‍മാരാണ് പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ച ബീഹാര്‍ സ്വദേശികള്‍.

വീരമൃത്യു വരിച്ച സൈനികരുടെ മക്കളില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ ദത്തെടുക്കാനാണ് ഇനായത് ഖാന്‍ തയ്യാറായതെന്ന് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജവാന്‍മാരുടെ അനുസ്മരണത്തിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു ഇനായത് ഖാന്‍ തന്റെ സന്നദ്ധത അറിയിച്ചത്.

പത്തൊമ്പതും ഇരുപത്തിരണ്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുടെ പിതാവായിരുന്നു സഞ്ജയ് സിന്‍ഹ. നാലുവയസ്സുള്ള ഒരു മകനാണ് രത്തന്‍ കുമാറിനുള്ളത്. രണ്ടാമത്തെ കുഞ്ഞിനെ അദ്ദേഹത്തിന്റെ ഭാര്യ ഗര്‍ഭം ധരിച്ചിരിക്കുകയാണ്.

സഞ്ജയിന്റെയും രത്തന്റേയും കുടംബത്തേയും മക്കളേയും കുറിച്ചുള്ള വിവരങ്ങള്‍ തന്നെ അറിയിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അവരില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ വിദ്യഭ്യാസവും വിവാഹവും ഉള്‍പ്പടേയുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ഇനായത് ഖാന്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ ആഗ്രാ സ്വദേശിനിയായ ഇനായത് ഖാന്‍ 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. സഞ്ജയിന്റെയും രത്തന്റെയും പേരില്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ കളക്ടറേടില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിലേക്ക് കളക്ടറേറ്റിലെ ജീവനക്കാരുടെ ഒരു ദിവസത്തെ ശബളം സംഭവന ചെയ്യാനും ഇനായത് ഖാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗും വ്യക്തമാക്കിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു സെവാഗ് തന്റെ അഭിപ്രായം അറിയിച്ചത്.

അവര്‍ക്കുവേണ്ടി എന്തുചെയ്താലും അധികമാവില്ല. എങ്കിലും എന്നെക്കൊണ്ടാവുന്നത് വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യഭ്യാസച്ചെലവ് ഏറ്റെടുക്കണമെന്നതാണ്. അവര്‍ക്ക് സെവാഗ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ വിദ്യഭ്യാസം നല്‍കാനും ഒരുക്കമാണെന്ന് സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

ബോക്‌സിങ് താരം വിജേന്ദര്‍ സിങ് തന്റെ ഒരുമാസത്തെ ശമ്പളം സൈനികരുടെ കുടുംബാംഗങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് പിന്തുണയുമായി സച്ചിനും കോലിയുമടക്കമുള്ള ക്രിക്കറ്റ് താരങ്ങളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Related posts