മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പ്രണയം കാത്തു സൂക്ഷിച്ച് മാധുരി ദീക്ഷിതും അനില്‍ കപൂറും ! സൂപ്പര്‍താരങ്ങളുടെ വീഡിയോ വൈറലാവുന്നു…

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മാധുരി ദീക്ഷീത്, അനില്‍ കപൂര്‍, ജാക്കി ഷ്‌റോഫ് എന്നിവര്‍ ചേര്‍ന്ന് അനശ്വരമാക്കിയ റാം ലഖന്‍. 1989ല്‍ പുറത്തിറങ്ങിയ ചിത്രം മുപ്പതു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ റാം ലഖനിലെ മനോഹര ഗാനങ്ങള്‍ക്കു ചുവടുവെക്കുകയാണ് മാധുരിയും അനില്‍ കപൂറും. ഇരുവരും ഒരുമിച്ചു ചുവടുവെക്കുന്ന വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തിരിക്കുകയാണ്.

മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറവും അനില്‍ കപൂറിനും മാധുരി ദീക്ഷിതിനും വലിയ മാറ്റങ്ങളൊന്നുമില്ല എന്നതാണ് ആരാധകരെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്നത്. അതേ പ്രസരിപ്പോടെയാണ് ഇരുവരും വിഡിയോയില്‍ എത്തുന്നത്. ചിത്രത്തിലെ മനോഹരമായ മെലഡിയാണ് ബഡാ ദുഖ് ദീനാ. ഈ ഗാനത്തിനു മാധുരിയുടെ ചുവടുവെപ്പിലൂടെയാണ് വിഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് ചിത്രത്തിലെ മൈ നെയിം ഈസ് ലഖന്‍ എന്ന ഫാസ്റ്റ് നമ്പറിനും അനില്‍ കപൂറും മാധുരി ദീക്ഷിതും ചേര്‍ന്ന് ചുവടുവെക്കുന്നുണ്ട്.

വിഡിയോ പങ്കുവച്ച് മാധുരി ദീക്ഷിത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ: ‘റാം ലഖന്‍ പുറത്തിറങ്ങി ഇന്ന് മുപ്പതു വര്‍ഷം തികയുകയാണ്. ഈ ഡാന്‍സ് വിഡിയോ പങ്കുവെക്കുമ്പോള്‍ മനോഹരമായ നിരവധി ഓര്‍മകള്‍ മനസ്സിലേക്കു വരുന്നു. റാം ലഖന്റെ മികച്ച ടീമിനെയും ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്.’ ‘എക്കാലത്തെയും ഗംഭീര ജോഡികളാണ് നിങ്ങള്‍. നിങ്ങളൊരുമിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ്’ എന്നിങ്ങനെയാണു പലരുടെയും കമന്റുകള്‍. ഏഴുഗാനങ്ങളുണ്ട് ചിത്രത്തില്‍. ലതാ മങ്കേഷ്‌കര്‍, മുഹമ്മദ് അസീസ്, മന്‍ഹര്‍ ഉദ്ദാസ്, അനുരാധ പൗദ്‌വാള്‍, അമിത് കുമാര്‍, അലിഷ ചിനായി, കവിത കൃഷ്ണമൂര്‍ത്തി എന്നിവരാണു ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. എന്തായാലും പഴയ സൂപ്പര്‍ഹിറ്റ് ജോഡിയെ ആരാധര്‍ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്.

Related posts