പെണ്‍ഭ്രൂണഹത്യകള്‍ വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ പെണ്‍കുട്ടികളുടെ ജനനം ആഘോഷമാക്കുന്ന ഒരു സമൂഹം! മധ്യപ്രദേശിലെ ബന്‍ചാദ സമൂഹത്തിലെ ആഘോഷങ്ങള്‍ക്ക് പിന്നിലെ കാരണം വിചിത്രം

ഇന്ത്യന്‍ സ്ത്രീകള്‍ സമൂഹത്തിനും രാജ്യത്തിനും വേണ്ടി വളരെ വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യക്കാര്‍ക്ക് പൊതുവേ പെണ്‍കുട്ടികളോടും കുടുംബത്തില്‍ പെണ്‍കുട്ടികള്‍ ജനിക്കുന്നതിനോടും താത്പര്യക്കുറവാണുള്ളത്. പെണ്‍ഭ്രൂണഹത്യകളാണ് ഇതിന് തെളിവാകുന്നത്. എന്നാല്‍ പെണ്‍ഭ്രൂണഹത്യകള്‍ വര്‍ധിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ ജനനം ആഘോഷമാക്കുന്ന ഒരു സമൂഹമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.

മധ്യപ്രദേശിലെ ഒരു ഗ്രാമമാണ് പെണ്‍കുട്ടികളുടെ ജനനത്തിനായി കാത്തിരിക്കുന്നത്. എന്നാല്‍ ഈ ആഘോഷങ്ങള്‍ക്ക് പിന്നിലെ കാരണമാണ് അതിവിചിത്രം. ബന്‍ചാദ സമൂഹമാണ് തങ്ങളുടെ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ ജനനം അതീവ ആഘോഷമാക്കുന്നത്. പക്ഷേ ഈ ആഘോഷങ്ങള്‍ പെണ്‍കുട്ടികളുടെ ജീവിതം ദുരിതത്തിലാക്കുക മാത്രമാണ് ചെയ്യുന്നത്. കാരണമെന്തന്നല്ലേ, ലൈംഗികത്തൊഴിലാളികളാണ് ഈ സമൂഹത്തിലെ മിക്ക ആളുകളും.

ഉപജീവനത്തിനായി ലൈംഗികവൃത്തി ചെയ്യുന്ന ബന്‍ചാദ സമൂഹം പെണ്‍കുട്ടികളുടെ ജനനം ആഘോഷമാകുന്നതും ഇതുകൊണ്ട് തന്നെയാണ്. മധ്യപ്രദേശിലെ റാറ്റ്‌ലം, മാണ്ടാസുര്‍, നീമുച്ച് ജില്ലകളിലാണ് ഇവര്‍ താമസിക്കുന്നത്. തലമുറകളായി ലൈംഗിക വൃത്തി ഉപജീവനത്തിനുള്ള പ്രധാന മാര്‍ഗമാണ് ഇവര്‍ക്ക്. കറുപ്പിന്റെ കൃഷിയ്ക്കും ഈ മേഖല കുപ്രസിദ്ധി ആര്‍ജിച്ചതാണ്. ലൈംഗികവൃത്തിയിലേര്‍പ്പെടുന്ന സ്ത്രീകളുടെ വരുമാനം ധൂര്‍ത്തടിച്ചാണ് ബന്‍ചാദ് വിഭാഗത്തിലെ പുരുഷന്മാരുടെ ജീവിതം.

ലൈംഗികവൃത്തി കുറ്റകരമാണെങ്കിലും ഇവിടെ സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ് ലൈഗികവൃത്തിയ്ക്ക് ലഭിക്കുന്നത്. ലൈംഗികവൃത്തിയ്ക്കായുള്ള മനുഷ്യക്കടത്തും ഇവര്‍ക്കിടയില്‍ സജീവമാണ്. ചെറു പ്രായത്തില്‍ തന്നെ ഈ സമുദായത്തിലെ പെണ്‍കുട്ടികളെ വന്‍തുകയ്ക്ക് വില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Related posts