ഫേസ്ബുക്കിന് കനത്ത തിരിച്ചടി തുടരുന്നു, സഹകരണം അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

വിവരങ്ങള്‍ ചോര്‍ത്തി തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കുന്നെന്ന വാര്‍ത്തകള്‍ക്കിടെ ഫേസ്ബുക്കുമായി സഹകരണം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഒ.പി. റാവത്താണ് ഇക്കാര്യം അറിയിച്ചത്. കമ്മീഷന്റെ അടുത്ത യോഗങ്ങളില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യുവ വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫേസ്ബുക്കുമായി ചേര്‍ന്നു പ്രചാരണ പരിപാടികള്‍ നടത്തിയിരുന്നു.

പദ്ധതി തുടരണോയെന്ന കാര്യത്തിലാണ് പുനരാലോചന . ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ മനഃശാസ്ത്രപരമായി വിലയിരുത്തി അവരെ സ്വാധീനിക്കാന്‍ അജന്‍ഡ തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. വരുന്ന കമ്മീഷന്‍ യോഗത്തില്‍ ഈ പ്രശ്‌നത്തെ നാനാതലങ്ങളില്‍ നിന്നു പരിശോധിക്കും. പൊതുജനാഭിപ്രായം രൂപപ്പെടുത്തുക എന്നത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന കാര്യമാണ്. ഇതില്‍ കമ്മീഷന്‍ നിലപാട് സ്വീകരിക്കുമെന്ന് റാവത്ത് പറഞ്ഞു.

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പ്രൊഫൈലുകള്‍ നിര്‍മിക്കുന്നതും അവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതും കമ്മീഷന്‍ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലെ ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തി തെരഞ്ഞെടുപ്പിനുള്ള അജണ്ട നിര്‍ണയിക്കാന്‍ ഉപയോഗിച്ച കേംബ്രിജ് അനലിറ്റിക്ക എന്ന കന്പനിയുമായി ബിജെപിക്കും കോണ്‍ഗ്രസിനും ബന്ധമുണ്ടെന്നതു സംബന്ധിച്ച വിവാദത്തില്‍ വാക്‌പോര് നടക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും ഇടപെട്ട് രംഗത്തെത്തിയത്.

Related posts