ആ കുറിപ്പ് പഴയതാണ്, പക്ഷേ മാളൂട്ടിക്കിനിയും സഹായം വേണം! അമ്മയുടെ ക്രൂരതയുടെ ഇര എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍പ്രചരിക്കുന്ന മാളൂട്ടിയുടെ നിലവിലെ അവസ്ഥ ഇങ്ങനെ

ഗര്‍ഭാവസ്ഥയില്‍ വച്ച് കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നതിന്റെ ദൂഷ്യഫലങ്ങള്‍ പല വിദഗ്ധരും എടുത്ത് പറയാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കപ്പെട്ട ഒരു കുഞ്ഞ് ജനിച്ചുവീണാല്‍ ആ കുഞ്ഞിന്റെ അവസ്ഥയും പിന്നീടുള്ള ജീവിതവും എത്രമാത്രം ദുരിതം നിറഞ്ഞതായിരിക്കുമെന്നതിന് ഉദാഹരണമാണ് മാളൂട്ടി എന്ന നാലുവയസുകാരിയുടെ ഇപ്പോഴത്തെ ജീവിതം.

നാല് വയസായെങ്കിലും ഇതുവരെ അവള്‍ നടന്നു തുടങ്ങിയിട്ടില്ല. കാലിനുള്ള വൈകല്യമാണ് കാരണം. ഈ പ്രായത്തിലുള്ള മറ്റു കുട്ടികളെപ്പോലെ ബുദ്ധിയും വികസിച്ചിട്ടില്ല. ഗര്‍ഭാവസ്ഥയിലെ ഇല്ലാതാക്കാന്‍ അമ്മ കഴിച്ച മരുന്നിന്റെ പാര്‍ശ്വഫലം.

ഇടുക്കി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ അമ്മ ഉപേക്ഷിച്ച് പോയതാണ് മാളൂട്ടിയെ. അന്വേഷണത്തില്‍ കാര്യമായൊന്നും കണ്ടെത്താത്തതിനാല്‍ ഇടുക്കി രാജാക്കാടിലുള്ള കരുണാ ഭവന്‍ പിന്നീട് കുഞ്ഞിനെ ഏറ്റെടുത്തു. കരുണാ ഭവനിലെ എഴുപതോളം അന്തേവാസികള്‍ക്കിടയിലാണ് താമസം. നാട്ടുകാര്‍ അടക്കമുള്ള സുമനസ്സുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുമ്പോള്‍ കുഞ്ഞിന്റെ രണ്ട് കണ്ണിനും കാഴ്ചയുമില്ലായിരുന്നു. മൂന്നു വര്‍ഷം മുന്‍പ് ഹൈദരാബാദിലെ കണ്ണാശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം ഒരു കണ്ണിന് ചെറിയ കാഴ്ചയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ പ്രത്യക്ഷത്തില്‍ കാഴ്ച ഇല്ലെന്നാണ് അവളുമായി ഇടപഴകുന്നവര്‍ പറയുന്നത്. ഇപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സ.

ഡോക്ടര്‍മാര്‍ പറയുന്നത് മാളൂട്ടി നടക്കുമെന്നു തന്നെയാണ്. ഒരു കാര്യം ഒന്നു പറഞ്ഞു കൊടുത്താല്‍ മതി അവള്‍ പഠിക്കും. പാട്ടു പാടും. നഴ്‌സായ ക്ലെയര്‍ എഡിസണാണ് അവള്‍ക്ക് എല്ലാം. ആറാം മാസത്തില്‍ മാസം തികയാതെ പിറന്നതാണ് മാളൂട്ടി. അമ്മ ഗര്‍ഭം അലസിപ്പിക്കാന്‍ കഴിച്ച മരുന്നുകളാണ് അവളുടെ ആരോഗ്യം തകര്‍ത്തത്. തലച്ചോറ് പോലും വികസിച്ചിട്ടില്ല. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമായിക്കഴിഞ്ഞു. തനിച്ച് വാരിക്കഴിക്കാന്‍ അവള്‍ക്ക് ഇപ്പോഴും കഴിവില്ല. കഴിക്കാമെന്നു പറഞ്ഞ് ഇരിക്കും. പക്ഷേ ചോറ് കൈയില്‍ നിന്ന് വഴുതിപ്പോകും.

ഫിസിയോതെറപ്പിയിലൂടെ അവള്‍ പിച്ചവച്ചു തുടങ്ങിയേക്കാമെന്നാണ് അവളുടെ രക്ഷാധികാരികള്‍ പറയുന്നത്. പക്ഷേ സുമനസുകളുടെ സഹായം വേണം. അതേസമയം മൂന്ന് വര്‍ഷം മുമ്പ് മാളൂട്ടിയുടെ കണ്ണിന് ഓപ്പറേഷന്‍ നടത്തിയ സമയത്ത് ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്ന ഒരു കുറിപ്പ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുന്നുണ്ട്. പലരും സത്യാവസ്ഥ മനസിലാക്കാതെ പോസ്റ്റ് ഷെയര്‍ ചെയ്യുകയുമാണ്.

മൂന്നു വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ മുന്‍പ് പ്രചരിച്ച കുറിപ്പ് ഇങ്ങനെ;

ഇതാണ് കുഞ്ഞു മാളൂട്ടി. ഇടുക്കി കട്ടപ്പനയിലെ സ്വകാര്യ ആസ്പത്രിയില്‍ അമ്മ ഉപേക്ഷിച്ച മാളൂട്ടി. രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത മാളൂട്ടിക്ക് കാഴ്ച കിട്ടാന്‍ ഹൈദരാബാദിലെ എല്‍.വി. പ്രസാദ് കണ്ണാശുപത്രിയില്‍ ഇന്ന് (വെള്ളിയാഴ്ച) ശസ്ത്രക്രിയ നടന്നു.

മൂന്നു മണിക്കൂറോളമെടുത്ത് വലതു കണ്ണിലായിരുന്നു ശസ്ത്രക്രിയ. ഇതിന്റെ റിസള്‍ട്ട് നോക്കിയ ശേഷം അടുത്ത കണ്ണില്‍ ശസ്ത്രക്രിയ നടത്താമെന്നാണ് ഡോക്ടര്‍ അറിയിച്ചത്. നാളെ അറിയാം കുഞ്ഞു മാളൂന് കണ്ണില്‍ വെളിച്ചം കിട്ടുമോയെന്ന്. ഡോക്ടര്‍മാര്‍ ശുഭ പ്രതീക്ഷയിലാണെന്ന് കുഞ്ഞിനെ പോറ്റുന്ന കരുണാ ഭവനിലെ സിസ്റ്റര്‍ ട്രീസ അല്പം മുമ്പ് വിളിച്ചപ്പോള്‍ പറഞ്ഞു. പ്രാര്‍ത്ഥിക്കണം എന്നവര്‍ ആവര്‍ത്തിച്ചു പറഞ്ഞു..അതു മാത്രമാണ് ഇനി അവര്‍ക്കും നമുക്കും ചെയ്യാന്‍ കഴിയുന്നത്…

പോസ്റ്റ് പഴയതാണെങ്കിലും സുമനസുകളുടെ സഹായവും പ്രാര്‍ത്ഥനയും ഇനിയും മാളൂട്ടിയ്ക്ക് ആവശ്യമുണ്ട്. ഏത് കാരണത്താലാണെങ്കിലും തന്നെ വേണ്ടെന്ന് വച്ച അമ്മയ്ക്കു മുമ്പില്‍ ജീവിച്ച് കാണിക്കാനായി. മാളൂട്ടിയെ പരിപാലിക്കുന്ന രാജാക്കാട് കരുണാഭവന്റെ ഫോണ്‍ നമ്പര്‍ : 9447124256

 

Related posts