മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ് ആക്ഷൻ എന്റർടെയ്നർ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ‘മേള’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ തകർപ്പൻ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തു വിട്ടത്. മമ്മൂട്ടി കമ്പനി ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലിയ ചിത്രം കൂടിയാണിത്. ഒരു പക്കാ മാസ് എന്റർടെയ്നർ ആയാണ് ചിത്രം ഒരുങ്ങുന്നത്.
സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ.ബി.യും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ആരാധകരുടെ ആവേശവും പ്രതീക്ഷയും പതിന്മടങ്ങ് വർധിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ചിത്രം 2027 ൽ തിയേറ്ററുകളിലെത്തും.
സര്‍ക്കസ് കമ്പനി ഉടമയായ ഗ്യാംഗ്സ്റ്ററായാകും മമ്മൂട്ടി ‘മേള’യില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് സൂചന. ഫസ്റ്റ് ലുക്കിനപ്പുറം ചര്‍ച്ചയാകുന്നത് ചിത്രത്തിന്റെ ടൈറ്റിലാണ്. ഈ പേരിന് മമ്മൂട്ടിയുടെ കരിയറില്‍ വലിയൊരു പ്രാധാന്യമുണ്ട്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ആദ്യ സിനിമയുടെ പേര് ‘മേള’ എന്നായിരുന്നു. കെ.ജി .ജോര്‍ജിന്റെ സംവിധാനത്തില്‍ 1980ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിജയന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
അതും സർക്കസ് ആസ്പദമാക്കി എടുത്ത സിനിമയായിരുന്നു. 46 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ‘മേള’യുമായി മമ്മൂട്ടി എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എല്ലാ വകയും ചിത്രത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ഒരുപാട് നാളുകൾക്കുശേഷം വരുന്ന ഔട്ട് ആൻ ഔട്ട് മമ്മൂട്ടി മാസ് കമേഴ്സ്യൽ ചിത്രമാകും ഈ ‘മേള’.
ജിംഷി ഖാലിദ് ആണ് ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത്. ജൂലൈ അവസാനം ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ഗംഭീര മാസ് ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ആക്ഷൻ, കോമഡി, മാസ് എന്നിവ കോർത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മെഗാ കാൻവാസ് ചിത്രമായാണ് ഇതൊരുങ്ങുന്നത്.
മമ്മൂട്ടിക്കൊപ്പം വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ‘ഫാലിമി’ എന്ന സൂപ്പർ ഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴിൽ ‘തലൈവർ തമ്പി തലൈമയിൽ’ എന്ന സൂപ്പർ ഹിറ്റും ഒരുക്കിയിരുന്നു. അദ്ദേഹം വീണ്ടും മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും ഈ പ്രോജക്ട് പ്രേക്ഷകർക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുന്നുണ്ട്.
ജീന്‍ പോള്‍ ലാല്‍, സിദ്ധാര്‍ത്ഥ് ഭരതന് എന്നിവര്‍ പ്രധാനവേഷം കൈകാര്യം ചെയ്യുമ്പോള്‍ ഹാഷിറും മേളയുടെ ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, എഡിറ്റർ- ബ്ലെസ് തോമസ്, പ്രൊഡക്ഷൻ ഡിസൈൻ – ഷാജി നടുവിൽ, ആക്ഷൻ- കാർത്തികേയൻ, മേക്കപ്പ്- റോണക്സ് സേവ്യർ, സലാം, കോസ്റ്റും ഡിസൈൻ – മെൽവി ജെ , അഭിജിത്, ചീഫ് അസോ.ഡയറക്ടർ- രതീഷ് എസ് പിള്ളൈ, പ്രൊഡക്ഷൻ കൺട്രോളർ – അരോമ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ -തൗഫീഖ് ഹുസൈൻ, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, അസോ.ഡിറക്ടർസ്- ആഷിഖ് സലാം, റിത്വിക് ലിമ രാമദാസ്, സ്റ്റിൽസ് – നവിൻ മുരളി, ടൈറ്റിൽ ആൻഡ് പോസ്റ്റെർസ് – യെല്ലോടൂത്ത്, പിആർഒ – വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
