സ്ത്രീകളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍, അവര്‍ക്ക് മാത്രമായി ഒരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല! അതുകൊണ്ട് തന്നെയാണ് സംഘടയില്‍ അംഗമാകാന്‍ താത്പര്യപ്പെടാത്തതും; നടി മംമ്ത മോഹന്‍ദാസ് പറയുന്നു

വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഡബ്ല്യു.സി.സിയ്ക്കെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. ‘ഞാന്‍ ഡബ്ല്യൂ.സി.സിയില്‍ അംഗമല്ല. ഈ സംഘടന രൂപീകരിക്കുന്ന സമയത്ത് ഞാന്‍ ഇവിടെയുണ്ടായിരുന്നില്ല.

എന്നാല്‍ ഡബ്ല്യു.സി.സി രൂപീകരിക്കുന്ന സമയത്ത് ഞാന്‍ ഇവിടെയുണ്ടായിരുന്നാലും ഒരു പക്ഷെ ആ സംഘടനയില്‍ ചേരാന്‍ തയ്യാറാവുമായിരുന്നില്ല’. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെ മംമ്ത പറഞ്ഞു.

സംഘടനയ്ക്ക് താന്‍ ഒരിക്കലും എതിരല്ല. എന്നാല്‍ ഇപ്പോള്‍ അതേപ്പറ്റി വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മമ്ത വ്യക്തമാക്കി. ഡബ്ല്യു.സി.സിയില്‍ അംഗമാകാന്‍ മംമ്ത ആഗ്രഹിക്കുന്നില്ലെന്ന വാര്‍ത്തകള്‍ ഇതിനു മുമ്പ് പുറത്തുവന്നിരുന്നു.

ഇതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിനും മംമ്ത വ്യക്തമായി ഉത്തരം നല്‍കി. താനൊരിക്കലും ഡബ്ല്യു.സി.സിയ്ക്കെതിരായി സംസാരിച്ചിട്ടില്ല. നടിആക്രമിക്കപ്പെട്ട കേസില്‍ പ്രതികരിക്കുക മാത്രമാണ് ചെയ്തത്.

സംഭവത്തെപ്പറ്റി എന്റെ അറിവിലുള്ള കാര്യങ്ങള്‍ അന്ന് പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങളും മറ്റ് വിവാദങ്ങളും നേരത്തേ പരിഹരിക്കപ്പെട്ടതാണ്. ഇതില്‍ നിന്നും ആക്രമണത്തിന്റെ കാരണങ്ങള്‍ നേരത്തേ തന്നെ ഉടലെടുത്തിരുന്നുവെന്നാണ് മംമ്ത പറഞ്ഞത്.

സ്ത്രീകള്‍ക്ക് മാത്രമായി ഡബ്ല്യൂ.സി.സി എന്ന ഒരു സംഘടന രൂപീകരിച്ചതു കൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. നമ്മുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഒരു സംഘടനയുടെ ആവശ്യമുണ്ടെന്നും തോന്നുന്നില്ല.

എ.എം.എം.എ യില്‍ അംഗമായ താന്‍ ആകെ പങ്കെടുത്തത് 2005-06 കാലത്തെ മീറ്റിംഗില്‍ മാത്രമാണ്. അവരുടെ സ്ഥിരം യോഗങ്ങളില്‍ താന്‍ പങ്കെടുക്കാറില്ലെന്നും മംമ്ത വ്യക്തമാക്കി. അതുകൊണ്ടു തന്നെ എ.എം.എംഎ നടിമാരുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ എത്രമാത്രം ക്രിയാത്മകമാണെന്ന് തനിക്ക് പറയാനാകില്ലെന്നും മംമ്ത പറഞ്ഞു.

എനിക്ക് ലഭിക്കുന്ന സിനിമകള്‍ ചെയ്യുന്നു പോകുന്നു. അതിലുപരി മറ്റ് വിവാദങ്ങളില്‍ പെടാതിരിക്കാനാണ് എനിക്കിഷ്ടം. അതു തന്നെയാണ് താന്‍ ഇപ്പോഴും പിന്തുടരുന്നതെന്നും മംമ്ത വ്യക്തമാക്കി.

Related posts