മൂന്ന് ഇനങ്ങളില്‍ മാത്രമായി വിദേശ യാത്രയ്ക്കിടെ നരേന്ദ്രമോദി ചിലവഴിച്ചത് 1,484 കോടി രൂപ! സന്ദര്‍ശനം നടത്തിയത് 84 രാജ്യങ്ങളില്‍; പ്രധാനമന്ത്രിയുടെ വിദേശയാത്രയുടെ ചിലവ് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രയുടെ ചിലവ് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. മോദി 2014 മുതല്‍ വിദേശയാത്രക്ക് മൂന്ന് ഇനങ്ങളിലായി മാത്രം ചെലവഴിച്ചത് 1484 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് രാജ്യസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 84 രാജ്യങ്ങളിലാണ് മോദി സന്ദര്‍ശനം നടത്തിയത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും, വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കും, ഹോട്ട് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനും ചിലവായ തുകയാണിത്.

പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കും പരിപാലനത്തിനുമായി 1088.42 കോടി രൂപയാണ് ചിലവായത്. 2014 ജൂണ്‍ 15 നും 2018 ജൂണ്‍ പത്തിനും ഇടയിലുള്ള കാലയളവില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 387.26 കോടി രൂപ ചിലവാക്കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഹോട്ട് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന് 9.12 കോടി ചിലവായി.

2015-16 കാലഘട്ടത്തിലാണ് പ്രധാനമന്ത്രി ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ (24) സന്ദര്‍ശിച്ചത്. 2017-18 ല്‍ 19 ഉം 2016- 17 ല്‍ 18 ഉം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2014-15 ല്‍ 13 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2014 ലെ ഭൂട്ടാന്‍ സന്ദര്‍ശനമായിരുന്നു ആദ്യത്തേത്. 2018 ല്‍ പത്ത് രാജ്യങ്ങളിലേക്ക് യാത്ര നടത്തി.

Related posts