മാനഭംഗപ്പെടുത്തിയ ശേഷം തീവച്ചു കൊല്ലാന്‍ ശ്രമിച്ചു ! യുവതി മുറുകെ പിടിച്ചതോടെ യുവാവ് പൊള്ളലേറ്റു മരിച്ചു; സംഭവം ഇങ്ങനെ…

മാള്‍ഡ: ബംഗാളില്‍ യുവതിയെ മാനഭംഗപ്പെടുത്തിയശേഷം തീവച്ചു കൊല്ലാന്‍ ശ്രമിച്ച യുവാവ് പൊള്ളലേറ്റു മരിച്ചു. തീപടരുന്നതിനിടെ യുവതി വിടാതെ പിടിച്ചതോടെ രക്ഷപ്പെടാന്‍ കഴിയാതെ ഇയാള്‍ അഗ്‌നിക്കിരയാകുകയായിരുന്നു. എന്നാല്‍ യുവതി രക്ഷപ്പെടുകയും ചെയ്തു. മുഖത്തും കൈയ്യിലും പൊള്ളലേറ്റ യുവതി ചികില്‍സയിലാണ്.

ഭര്‍ത്താവു മരിച്ചശേഷം രണ്ടു പെണ്‍മക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്ന യുവതിയെ മുപ്പത്തിയഞ്ചുകാരന്‍ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. തിങ്കളാഴ്ച വൈകിട്ട് യുവതി വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ അതിക്രമിച്ചു കയറിയ യുവാവ് ഇവരെ മാനഭംഗപ്പെടുത്തിയശേഷം തീവയ്ക്കുകയായിരുന്നു. എന്നാല്‍ മനോധൈര്യം കൈവിടാതിരുന്ന യുവതി ഇയാളെ കടന്നുപിടിച്ചു. ഇതോടെ യുവാവിന്റെ വസ്ത്രങ്ങളിലും തീപടര്‍ന്നു പിടിച്ചു.

ദുര്‍ഗന്ധം പുറത്തു വ്യാപിച്ചതിനെത്തുടര്‍ന്ന് ഓടിയെത്തിയ സമീപവാസികള്‍ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്ത്രീയുടെവീട്ടില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് യുവാവിന്റെ വീട്. ഇയാള്‍ ഇത്രദൂരം സഞ്ചരിച്ചെത്തിയത് എന്തിനാണെന്നു പരിശോധിക്കുകയാണെന്നു പൊലീസ് അറിയിച്ചു. ഇയാള്‍ സ്ഥിരമായി ഇവിടെ വരാറുണ്ടായിരുന്നുവെന്നു നാട്ടുകാരും പറയുന്നു.

Related posts