ഭൂസ്വത്തിന്റെ പാതി ദുരിതബാധിതര്‍ക്കായി നല്‍കി കര്‍ഷകന്‍! ദാനം നല്‍കുന്നത്, തേക്കടി തടാകത്തിന്റെ ഉള്‍പ്പെടെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളുള്ള, ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം; ദാസിന്റെ പ്രവര്‍ത്തി ശ്രദ്ധേയമാവുന്നു

ആകെയുള്ള തുച്ഛമായ സമ്പത്തില്‍ നിന്നുപോലും പ്രളയബാധിതര്‍ക്കായി സംഭാവന നല്‍കാന്‍ മടിക്കാത്ത നിരവധിയാളുകളുണ്ട്. അതിനുള്ള നിരവധി ഉദാഹരണങ്ങള് പലപ്പോഴായി പുറത്തു വരികയും ചെയ്തിരുന്നു.

സമാനമായ രീതിയില്‍ കേരളത്തില്‍ പ്രളയ ദുരന്തം നേരിടുന്നവര്‍ക്കായി തന്റെ സ്വത്തിന്റെ പാതി ദാനം നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഒരു കര്‍ഷകന്‍. കുമളി ഒട്ടകത്തലമേട് സ്വദേശി ദാസ് നാരായണനാണ് ഒരു ആയുഷ്‌ക്കാലം മുഴുവന്‍ സമ്പാദിച്ച രണ്ടേക്കര്‍ സ്ഥലത്തില്‍ നിന്ന് 72 സെന്റ് സ്ഥലം പ്രളയക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സ്ഥലത്തിന് പുറമെ 10,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് ദാസിന്റെ തീരുമാനം.

ഇതില്‍ ഏറ്റവും അഭിനന്ദനാര്‍ഹമായതെന്തെന്നാല്‍ തേക്കടി തടാകത്തിന്റെ ഉള്‍പ്പെടെ മനോഹരമായ പ്രകൃതി ദൃശ്യമുള്ള സ്ഥലമാണ് ദാസ് ദുരിതബാധിതര്‍ക്ക് നല്‍കുന്നത് എന്നതാണ്. 10 വര്‍ഷമായി കൈവശമുള്ള ഈ ഭൂമിക്ക് ഈയടുത്താണ് പട്ടയം ലഭിച്ചത്. നല്ല വില ലഭിക്കുന്ന ഭൂമിയാണെങ്കിലും ആ പണം വേണ്ടെന്ന് വച്ചാണ് ദാസ് ഇത് ദാനം ചെയ്യാന്‍ തീരുമാനിച്ചത്. പ്രകൃതി ഭംഗികൊണ്ട് ആകര്‍ഷണീയമായ ഈ സ്ഥലം വാങ്ങാന്‍ പലരും എത്തിയിരുന്നെങ്കിലും ഇത് വില്‍ക്കാന്‍ ദാസ് ഇതുവരെ തയ്യാറായിരുന്നില്ല.

ഭാര്യ സരസമ്മയും മക്കളായ മനുവും അഞ്ചനയും ദാസിന്റെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. തനിക്ക് ജീവിക്കാനുള്ള വക കൃഷിയില്‍ നിന്ന് ലഭിക്കുന്നുണ്ട്. അതുകൊണ്ട് 72 സ്ഥലം ദുരിതബാധിതര്‍ക്ക് ഉടന്‍ തന്നെ നല്‍കുമെന്നാണ് ദാസ് പറഞ്ഞിരിക്കുന്നത്.

Related posts