ആദ്യം വിഷം കുടിച്ചു നോക്കി; അടുത്തത് മണ്ണെണ്ണ… അറ്റകൈയ്യായി പടക്കം കഴുത്തില്‍ തൂക്കി നിന്നപ്പോള്‍ രണ്ടു വയസുകാരന്‍ മകന്‍ നീന്തിവന്നു കാലില്‍ പിടിച്ചു; ഒരു യുവാവ് ആത്മഹത്യയില്‍ നിന്ന് പിന്മാറിയതിങ്ങനെ…

ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ അതില്‍ നിന്ന് പിന്തിരിപ്പിച്ച് രണ്ടു വയസുള്ള മകന്‍. ഒന്നര വര്‍ഷം മുമ്പ് ഭാര്യ ഉപേക്ഷിച്ചു പോയ മണികണ്ഠന്‍ എന്ന തമിഴ് യുവാവാണ് സ്ഫോടനം നടത്തി മരിക്കാനുള്ള തീരുമാനം വൈകാരിക നിമിഷത്തിനൊടുവില്‍ ഉപേക്ഷിച്ചത്. കുട്ടി കാലില്‍ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങിയതോടെ മരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് യുവാവ് തന്നെ രക്ഷിക്കണമെന്ന് പോലീസിനോട് പറയുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കോണ്‍സ്റ്റബിളിന്റെ സമര്‍ത്ഥമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

ശരീരത്ത് മണ്ണെണ്ണയൊഴിച്ച ശേഷമായിരുന്നു വലിയ ഗുണ്ടുകള്‍ നിറഞ്ഞ മാല ഇയാള്‍ കഴുത്തിലിട്ടതും തീപ്പെട്ടിയെടുത്തതും. എന്നാല്‍ സമയത്ത് അവിടെയെത്തിയ പോലീസ് സംഘം മകനെ പിതാവിന്റെ അരികിലേക്ക് ഇറക്കി വിടുകയായിരുന്നു. കരഞ്ഞുകൊണ്ട് നീന്തിയെത്തിയ കുട്ടി പിതാവിന്റെ കാലില്‍ തൊട്ടതോടെ മണികണ്ഠന്‍ വൈകാരിക പ്രതിസന്ധിയില്‍ അകപ്പെട്ടു. ഈ സമയം മതിയായിരുന്നു പോലീസുകാര്‍ക്ക്. തീപ്പെട്ടി തട്ടിക്കളഞ്ഞ് പടക്കമാല വലിച്ചു പൊട്ടിച്ചു. ഇതോടെ തനിക്ക് ജീവിക്കണമെന്നും താന്‍ വിഷം കഴിച്ചിരിക്കുകയാണെന്നും യുവാവ് പോലീസിനെ അറിയിക്കുകയും അവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് ഭാര്യ മണികണ്ഠനെ തേടിയെത്തിയതോടെ കഥയ്ക്കു ശുഭാന്ത്യവുമായി.

മണികണ്ഠന്റെ വീടിന് മുന്നിലായിരുന്നു ഈ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്്. ഭാര്യയുമായുള്ള മണികണ്ഠന്റെ വിവാഹമോചന കേസ് കോടതിയിലാണ്. ഭാര്യയുമായി ഒരുമിക്കാനുള്ള സാധ്യതകള്‍ എല്ലാം അവസാനിച്ചതോടെയാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനം എടുത്തത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം കുടുംബാംഗങ്ങളോട് താന്‍ മരിക്കാന്‍ പോകുകയാണെന്ന് ഭീഷണിപ്പെടുത്തി. ഭാര്യയുമായി വീണ്ടും ഒരുമിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് സ്ഫോടക വസ്തുക്കള്‍ കൊണ്ടുള്ള മാല കഴുത്തിലിട്ടു. നാട്ടുകാരും വീട്ടുകാരുമെല്ലാം ചെയ്യരുതെന്ന് നിലവിളിച്ച് നില്‍ക്കുമ്പോഴാണ് കോണ്‍സ്റ്റബിള്‍ സ്ഥലത്ത് എത്തിയത്. ഉടന്‍ വിവരം പോലീസിനെ അറിയിച്ചു.

കഴുത്തിലിട്ടിരിക്കുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതാകുമായിരുന്നു. പ്രദേശവാസികള്‍ ഭയന്ന് നില്‍ക്കുമ്പോള്‍ സ്ഥലത്ത് പോലീസ് വാഹനം എത്തി. സമീപത്തെ പട്ടണത്തില്‍ നിന്നും മണികണ്ഠന്റെ കൊച്ചിനെയും എടുത്തായിരുന്നു കോണ്‍സ്റ്റബിള്‍ വന്നത്. തുടര്‍ന്ന് ഇയാള്‍ കൊച്ചിനെ അച്ഛന്റെ അരികിലേക്ക് ഇറക്കി വിടുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടതോടെ ശ്രദ്ധിച്ച മണികണ്ഠന്‍ സ്വന്തം കുഞ്ഞിനെ കണ്ടതോടെ വൈകാരികതയ്ക്ക് അടിപ്പെട്ടുപോയി. കുട്ടി ഇഴഞ്ഞ് പിതാവിന്റെ അടുത്തെത്തി കാലില്‍ തൊട്ടതോടെ മണികണ്ഠന്‍ വിതുമ്പാന്‍ തുടങ്ങി. തീ കൊളുത്താനുള്ള നീക്കം ഉപേക്ഷിച്ചു. തക്കസമയത്ത് ചാടിവീണ പോലീസുകാര്‍ കഴുത്തില്‍ അണിഞ്ഞിരുന്ന സ്ഫോടക വസ്തുക്കള്‍ എടുത്തു മാറ്റുകയും ഇയാളെ ആശുപത്രിയില്‍ കൊണ്ടു പോകുകയുമായിരുന്നു. പോലീസുകാരുടെ അവസരോചിത ഇടപെടലിനെ അഭിനന്ദിക്കുകയാണ് ഏവരും.

Related posts