ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഫാന്‍സ് ഗ്രൂപ്പെന്ന് അവകാശപ്പെടുന്ന മഞ്ഞപ്പട ചിലര്‍ക്ക് ബിസിനസ്, വിനീതിന്റെ പരാതിയില്‍ അഡ്മിന്‍മാര്‍ കുടുങ്ങും, ഫാന്‍സ് ഗ്രൂപ്പിനെ പിരിച്ചുവിടാന്‍ മാനേജ്മെന്റ്

കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ നേതാക്കളാണ് തങ്ങളെന്ന നിലയിലാണ് മഞ്ഞപ്പട എന്നപേരില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫാന്‍സ് ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ഫുട്‌ബോളിനോട് ആത്മാര്‍ഥമായി സ്‌നേഹമുണ്ടായിരുന്ന ഒരുകൂട്ടം ആളുകള്‍ രൂപംകൊടുത്ത ആരാധകക്കൂട്ടായ്മയെ മറ്റു ചിലര്‍ ഹൈജാക്ക് ചെയ്തതോടെ പണമുണ്ടാക്കാനും താരങ്ങളെ കളിയാക്കാനും അധിക്ഷേപിക്കാനുമുള്ള കൂട്ടായ്മയായി ഇതുമാറി. മുഹമ്മദ് റാഫിയും ഡേവിഡ് ജെയിംസും അവസാനം സി.കെ. വിനീതുമെല്ലാം ഈ ക്വട്ടേഷന്‍ ഗ്രൂപ്പിന്റെ അധിക്ഷേപങ്ങള്‍ക്ക് ഇരയായി.

മഞ്ഞപ്പട ഗ്രൂപ്പിന്റെ സ്ഥാപകരിലൊരാളായ പ്രവീണ്‍ വെല്ലോ എന്ന യുവാവ് അടുത്തിടെ ഫേസ്ബുക്കില്‍ മഞ്ഞപ്പടയ്‌ക്കെതിരേ നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെ- പാവപ്പെട്ട പ്രവാസികളും കൂലി തൊഴിലാളികളും നയിച്ചുണ്ടാക്കിയ കാശുകൊണ്ടു ഒരു കഷ്ണം മഞ്ഞ കീറ തുണി വാങ്ങിയാല്‍ പോലും അതു തങ്ങളുടെ പേജിലും ബ്ലോഗിലും മഞ്ഞപ്പട മലയാളിപ്പട എന്ന തൊലിഞ്ഞ തലക്കെട്ടും കൊടുത്തു മാക്സിമം പ്രമോഷനും കൊടുത്തു തള്ളുന്നു. ധാ ഇതുപോലെ ചെറ്റത്തരം വരുമ്പോള്‍ ‘അതു ഞങ്ങളില്‍ പെട്ടവരല്ല, ഞങ്ങള്‍ വേറെ ടീം ആണ്..’ ആഹാ അടിപൊളി. രാഷ്ട്രീയക്കാര് ചെയ്യോ ഇത്തരം ചെറ്റത്തരം.

പലരും എന്നോട് ചോദിച്ചിട്ടുണ്ട് ആദ്യ രണ്ടു സീസണിലും മഞ്ഞപ്പടയോടൊപ്പം കൂടി ബ്ലാസ്റ്റേഴ്‌സിന് ജയ് വിളിച്ചിട്ടെന്തേ ഇപ്പൊ ബാംഗളൂര്‍ എഫ്സിയെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന്.. ഇതൊക്കെ തന്നെ ആണ് കാരണം.. നിലവാരം തീരെ ഇല്ലാത്ത ഒരു മാനേജ്മെന്റും (അതും ഏതോ വരത്തന്‍മാര്‍) അതിനേക്കാള്‍ നിലവാരമില്ലാത്ത മൂടുതാങ്ങി (ഈ മൂട് തങ്ങലിന് ചുക്കാന്‍ പിടിക്കുന്നവര്‍ക്കു പല ലാഭങ്ങളും ഉണ്ടെന്നത് ന്യായം, അല്ലാത്തവര്‍ വിഡ്ഢികള്‍) ഫാന്‍സും. അതിലൊരു വിഡ്ഢിയാവാന്‍ എനിക്ക് മനസ്സില്ല എന്നതുകൊണ്ട് തന്നെയാണ് ഞാന്‍ ആ ടീമിനെയും അതിന്റെ ഫാന്സിനെയും ഇത്രയേറെ വെറുക്കുന്നതും.

മഞ്ഞപ്പട എന്ന പേരു ആരും ആലോചിച്ചുണ്ടാക്കിയതല്ല, അതു മഞ്ഞ ജേഴ്സിയില്‍ ഇറങ്ങിയ ഒരു ടീമിന് ഉണ്ടായ ഭ്രാന്തന്‍ ഫാന്‍സിന് പൊതുവായി മാധ്യമങ്ങള്‍ ചര്‍ത്തികൊടുത്ത ഒരു നാമം മാത്രമായിരുന്നു.. അതുകൊണ്ടുതന്നെ അനുകൂലമായി വരുന്ന പല കാര്യങ്ങളും മഞ്ഞപ്പട എന്ന ലേബലില്‍ തന്നെ നിങ്ങള്‍ അരക്കെട്ടുറപ്പിച്ചു.. അതേ നാണയത്തില്‍ ഇപ്പോള്‍ തിരിച്ചടി കിട്ടുമ്പോള്‍ നിങ്ങള്‍ വേറെയും, ഫാന്‍സ് വേറെയും. കൊള്ളാം.. നല്ല കളി.. ആദ്യമായല്ല മഞ്ഞപ്പടയില്‍ നിന്നും ഇത്തരം അനുഭവം.

വിനീത് മാത്രമല്ല ഇര.. പണ്ട് ബംഗളൂരുവില്‍ പോയി തല് വാങ്ങിയതും, ഗോവയില്‍ പോയി തല്ലു വാങ്ങി റൂമിനു പുറത്തിറങ്ങാന്‍ പോലും പറ്റാതെ ആയതും എല്ലാം തനി മഞ്ഞപ്പട തന്നെ ആയിരുന്നു.. അല്ലെന്നു നിങ്ങള്‍ ഇനിയും മഞ്ഞപ്പടയില്‍ വിശ്വസിക്കുന്ന മണ്ടന്മാരോട് പറഞ്ഞാല്‍ മതി.

ഇവര് പറന്നു വരുന്നത് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി എന്തു നല്ലതു ചെയ്താലും മഞ്ഞപ്പട ആയി അറിയപ്പെടും, അല്ലാത്തത് ചെയ്താല്‍ വെറും ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ്…അല്ലെങ്കില്‍ തന്നെ മാനേജ്‌മെന്റില്‍ നിന്നും വെറുതെ കിട്ടുന്ന ടിക്കറ്റുകള്‍ പോലും മറിച്ചു വിറ്റു കിട്ടുന്ന കാശു പുട്ടടിച്ചു പാവപ്പെട്ട പ്രവാസികളുടെ കയ്യില്‍ നിന്നും കൂലിപ്പണിക്കരുടെ കയ്യില്‍ നിന്നും പിരിച്ചെടുക്കുന്ന കാശുകൊണ്ടു സ്മോക് ബോംബ് ഉണ്ടാക്കി പൊട്ടിക്കുന്ന നിങ്ങള്‍ എന്തു ഫാന്‍ ക്ലബ്ബ് ആണെന്നാ…?

അതേസമയം വിനീതിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മഞ്ഞപ്പട ഫേസ്ബുക്ക് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ സൈബര്‍സെല്‍ നിരീക്ഷണത്തിലാണ്. വ്യക്തിപരമായ അന്വേഷണത്തില്‍ ഇതിന് പിന്നില്‍ ‘മഞ്ഞപ്പട’ എന്ന പേരിലുള്ള വിവിധ വാട്സ്ആപ്പ് കൂട്ടായ്മകളാണെന്ന് വ്യക്തമായിട്ടുണ്ട്.

‘മഞ്ഞപ്പട എക്സിക്യൂട്ടിവ്’ എന്ന വാട്്സ്ആപ്പ് കൂട്ടായ്മയുടെ അഡ്മിനും സംഘടനയുടെ എറണാകുളം ജില്ല അധ്യക്ഷനുമായ പ്രഭുവിനെക്കുറിച്ച് ഒരു വോയ്‌സ് ക്ലിപ്പില്‍ പരാമര്‍ശിക്കുന്നുമുണ്ടെന്ന് വിനീത് ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് വോയ്സ് ക്ലിപ്പുകളടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും വിനീത് കമീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

ഈ തെളിവുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. തന്റെ കരിയര്‍ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് സഹിക്കാനാകില്ല. കണക്കില്‍ മാത്രമാണ് ആരാധക കൂട്ടായ്മയായ ‘മഞ്ഞപ്പട’ മുന്നില്‍. കളിക്കാരോടുള്ള സമീപനത്തില്‍ അവര്‍ പിന്നിലാണെന്നും വിനീത് പറഞ്ഞിരുന്നു. അതേസമയം, പോലീസ് നടപടി കടുപ്പിച്ചാല്‍ ആരാധക കൂട്ടായ്മ പിരിച്ചുവിട്ടേക്കുമെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മഞ്ഞപ്പ ഭാരവാഹി വ്യക്തമാക്കി.

Related posts