നിയാസ് മുസ്തഫ
കോട്ടയം: വൈദ്യുതി മന്ത്രി എംഎം മണിക്കു പിന്നാലെ പീരു മേട് എംഎൽഎ ഇ.എസ് ബിജിമോളും മഞ്ജുവാര്യർക്കെതിരേ രംഗത്തുവന്നു. വനിതാ മതിലിൽ പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ച മഞ്ജു വാര്യർ പിന്നീട് നിലപാട് മാറ്റിയതോടെയാണ് എംഎം മണിയും ഇ.എസ് ബിജിമോളും മഞ്ജുവിനെതിരേ രംഗത്തുവന്നിരിക്കുന്നത്.
എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച വനിതാ മതിൽ തകർക്കാൻ മഞ്ജുവാര്യരുടെ പിൻമാറ്റം കൊണ്ട് സാധിക്കില്ല. വനിതാ മതിലിൽ പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ച മഞ്ജുവാര്യർ പിന്നീട് പങ്കെടുക്കില്ലായെന്ന നിലപാട് സ്വീകരിച്ചത് അവരുടെ വ്യക്തിപരമായ കാര്യമാണ്.
മഞ്ജു വാര്യർ പങ്കെടുത്തില്ലായെന്നു വച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ 620കിലോമീറ്ററോളം നീളത്തിൽ 30ലക്ഷത്തോളം വനിതകൾ മതിൽ തീർക്കും. ഒരു മീറ്ററിൽ മൂന്നു സ്ത്രീകൾ നിൽക്കും. ഇതിൽ മഞ്ജുവാര്യരുടെ സ്ഥാനം എത്രത്തോളം വരും. ഒരു വനിതയ്ക്ക് മതിലിന്റെ ഭാഗമാകാൻ 35 സെന്റിമീറ്റർ മതി. ഈ 35 സെന്റിമീറ്റർ നീളത്തിൽ മതിലിൽ അണിചേരാൻ മഞ്ജുവിന് കഴിയുമായിരിക്കും.
അല്ലാതെ 620കിലോമീറ്റർ നീളത്തിൽ ഒറ്റയ്ക്കു നിൽക്കാനുള്ള ശേഷിയൊന്നും അവർക്ക് ഇല്ലല്ലോ-ഇഎസ് ബിജിമോൾ എംഎൽഎ വ്യക്തമാക്കി. നടി മഞ്ജുവാര്യർ ഇല്ലെങ്കിലും വനിതാമതിലിന് ഒന്നും സംഭവിക്കില്ലെന്ന് മന്ത്രി എം.എം.മണിയും ഇന്നലെ വ്യക്തമാ ക്കിയിരുന്നു. അവർക്ക് കലാകാരിയെന്ന നിലയിൽ ഇഷ്ടമുള്ള തീരുമാനമെടുക്കാം. ആരെയും ആശ്രയിച്ചല്ല സർക്കാരിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുൻ എസ്എഫ്ഐ നേതാവ് കൂടിയായ സിന്ധു ജോയിയും മഞ്ജുവാര്യർക്കെതിരേ രംഗത്തു വന്നിട്ടുണ്ട്. ഞ്ജുവിന്റെ പിൻമാറ്റത്തിനു പിന്നിൽ അസലൊരു രാഷ്ട്രീയമുണ്ടെന്നും ഇതിനെ അവസരവാദമെന്ന് വിശേഷിപ്പിക്കാമെന്നും സിന്ധു ജോയ് ഫേസ് ബുക്കിൽ കുറിച്ചു.
സർക്കാർ പരിപാടിയായ വനിതാ മതിലിൽനിന്ന് ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ പിൻമാറിയത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. വനിതാ മതിലിൽ പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ച മഞ്ജു പെട്ടെന്ന് പിൻമാറിയതിനു പിന്നിൽ സംഘപരിവാർ സംഘടനകളുടെ സമ്മർദമായിരിക്കാമെന്ന കണക്കുകൂട്ടലിലാണ് സിപിഎം നേതൃത്വം എത്തിനിൽക്കുന്നത്.
വനിതാമതിലിന്റെ ഭാഗമാകുമെന്ന് അറിയിച്ചുകൊണ്ട് മഞ്ജുവാര്യരുടെ പോസ്റ്റ് ആദ്യം വന്നപ്പോൾ സിപിഎം നേതൃത്വവും അണികളും ഏറെ ആവേശത്തിലായി. കാരണം മഞ്ജുവിന്റെ കടന്നുവരവ് വനിതാമതിലിൽ പങ്കെടുക്കാൻ അറച്ചുനിൽക്കുന്ന സ്ത്രീകൾക്ക് വലിയൊരു പ്രോത്സാഹനം ആകുമായിരുന്നു. എന്നാൽ കാര്യങ്ങളെല്ലാം പെട്ടെന്നാണ് തകിടം മറിഞ്ഞത്.
വനിതാ മതിലിൽ പങ്കെടുക്കുമെന്നുള്ള മഞ്ജുവാര്യരുടെ ആദ്യ അറിയിപ്പ് വന്നതിനു പിന്നാലെ മഞ്ജുവിനു നേരേ വ്യാപകമായ പ്രതിഷേധമാണ് കമന്റുകളിലൂടെ വന്നത്. ഇതാവാം താരത്തിന്റെ മനംമാറ്റത്തിനു കാരണം. അതേസമയം, വനിതാമതിലിൽ പങ്കെടുക്കില്ലായെന്ന് അറിയിച്ചുള്ള താരത്തിന്റെ രണ്ടാമത്തെ പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്.
എന്തായാലും മഞ്ജുവിനെ ആരെങ്കിലും തെറ്റിദ്ധരപ്പിച്ചിട്ടുണ്ടാവാം എന്നു തന്നെയാണ് സിപിഎം വിലയിരുത്തുന്നത്.
മുന്പ് കമൽ സംവിധാനം ചെയ്ത ആമി എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ മഞ്ജുവാര്യർക്കെതിരേ വ്യാപകമായ പ്രതിഷേധം സംഘപരിവാർ സംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
ആ സമയത്ത് സിപിഎം പ്രവർത്തകർ മഞ്ജുവിനെ പിന്തുണച്ചിരുന്നു. അതേസമയം, തന്റെ അറിവില്ലായ്മ കൊണ്ടാണ് വനിതാമതിലിൽ പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ചതെന്നാണ് മഞ്ജുവാര്യർ പറയുന്നത്.