മഞ്ജുവാര്യര്‍ക്ക് കരിയറില്‍ ബ്രേക് നല്കിയ സിനിമയാണ് സല്ലാപം. രാധയെന്ന അനാഥപ്പെണ്ണിനെ മഞ്ജു അനശ്വരമാക്കിയപ്പോള്‍ പിറന്നത് മലയാളത്തിലെ ഹിറ്റു ചിത്രങ്ങളിലൊന്ന്. ദിലീപ്- മഞ്ജു പ്രണയം തുടങ്ങുന്നതു സല്ലാപത്തിന്റെ സെറ്റില്‍വച്ചാണ്. എന്നാല്‍ ആരും പറയാത്തൊരു സത്യം മഞ്ജു ഇപ്പോള്‍ വെളിപ്പെടുത്തുകയാണ്.
സല്ലാപത്തിന്റെ സെറ്റില്‍വച്ച് മരണത്തിന്റെ വക്കില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട ആക്കഥ ഇങ്ങനെ- ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്ന സമയം. കാമുകന്‍ ശശികുമാറിനെ നഷ്ടപ്പെട്ട രാധ (മഞ്ജു) അഭയമില്ലാതെ ട്രെയിനിനു മുമ്പില്‍ച്ചാടി ആത്മഹത്യ ചെയ്യാന്‍ ഓടുകയാണ്. രക്ഷിക്കാനായി പിന്നാലെ ദിവാകരനും (മനോജ് കെ. ജയന്‍). മഞ്ജു കഥാപാത്രത്തെ ആവാഹിച്ച് ഓടുകയാണ്. അപ്പോഴാണ് മനോജ് മഞ്ജുവിന്റെ മുഖഭാവം ശ്രദ്ധിച്ചത്. ശരിക്കും ആത്മഹത്യ ചെയ്യാന്‍ നില്ക്കുന്നതുപോലെ. ട്രെയിന്‍ ദൂരെനിന്നും വരുന്നുണ്ട്. മഞ്ജുവാകട്ടെ പാളത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നു. മനോജ് രണ്ടുംകല്പിച്ച് മഞ്ജുവിനെ പിടിച്ചുനിര്‍ത്തി. കുതറാന്‍ ശ്രമിച്ചപ്പോള്‍ കരണക്കുറ്റിക്കിട്ട് ഒരു അടിയും കൊടുത്തു. അടുത്തിടെ ഒരു പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്.