വീട്ടില്‍ വരുന്ന അതിഥികളോട് ചായ എടുക്കട്ടേ എന്നതിന് പകരം കഞ്ഞി എടുക്കട്ടേ എന്നാണ് ഞാനിപ്പോള്‍ ചോദിക്കാറ്! ‘കഞ്ഞി’ ട്രോളുകളെക്കുറിച്ച് മഞ്ജു വാര്യരുടെ പ്രതികരണം ഇങ്ങനെ

ഇക്കഴിഞ്ഞ നാളുകളില്‍ കേരളത്തിലെ ട്രോളന്മാര്‍ ആഘോഷമാക്കിയ ഒരു വാചകമാണ്, ഒടിയന്‍ എന്ന പുതു പുത്തന്‍ ചിത്രത്തില്‍ മഞ്ജു വാര്യര്‍ പറയുന്ന ‘ കുറച്ച് കഞ്ഞി എടുക്കട്ടേ, മാണിക്യ’ എന്ന ഡയലോഗ്. ചിത്രത്തിന്റെ പ്രമോഷന് സംഭവിച്ച ചില പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ട്രോളന്മാര്‍ ആ ഡയലോഗ് എടുത്തുപയോഗിച്ച് തുടങ്ങിയത്. പിന്നീടത് നവമാധ്യമങ്ങളില്‍ കത്തിപ്പടരുകയുമായിരുന്നു.

ട്രോളുകളും തഗ്ഗ് ലൈഫ് വീഡിയോയും ചിത്രത്തിലെ രംഗത്തിനൊപ്പം തന്നെ ഇന്റര്‍നെറ്റില്‍ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ കഞ്ഞി ട്രോളുകളെ കുറിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മഞ്ജുവാര്യര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇതേക്കുറിച്ച് പ്രതികരണം നടത്തിയത്. മഞ്ജുവിന്റെ വാക്കുകളിങ്ങനെ…

‘പലരെയും ആളുകള്‍ ട്രോളുമ്പോള്‍ ചിലപ്പോഴൊക്കെ കൊതി തോന്നിയിട്ടുണ്ട്. ഇപ്പോഴിതാ എനിക്കും ആറ്റുനോറ്റ് ഒരു ട്രോള്‍ കിട്ടിയിരിക്കുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് എന്നെ പറ്റിയുള്ള ട്രോളുകളാണ്. ഇതേതായാലും ഞാന്‍ പൊളിക്കും.

ആ ട്രോളിന്റെ പിന്നിലുള്ളവരെ എനിക്ക് അഭിനന്ദിക്കണമന്നുണ്ട്. ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു, പിന്നീട് രസകരമായി അവതരിപ്പിക്കുന്നു, എന്നൊക്കെ അത്ഭുതം തോന്നിയിട്ടുണ്ട്. ഞാന്‍ ശരിക്കും ആസ്വദിച്ചു. ശരിക്കും സിനിമയില്‍ കാണുമ്പോള്‍ അങ്ങനെയൊന്നും തോന്നിയില്ല. അപാര സെന്‍സ് ഓഫ് ഹ്യൂമറുള്ളയാള്‍ക്കേ അങ്ങനെയൊക്കെ കണ്ടുപിടിക്കാന്‍ പറ്റു. വീട്ടില്‍ വരുന്നവരോടൊക്കെ ചായ എടുക്കട്ടെ എന്നല്ല കഞ്ഞിയെടുക്കട്ടെ എന്നാണ് ഞാനിപ്പോള്‍ ചോദിക്കുക’. മഞ്ജു പറയുന്നു.

Related posts