മാനുഷി ലോകസുന്ദരിയായത് മോദി കാരണമെന്ന് ഹരിയാന മന്ത്രി;ലോകസുന്ദരി പട്ടം പ്രധാനമന്ത്രിയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാംപയിന്റെ വിജയമാണ്; കവിതാ ജെയ്‌നെ ട്രോളി സോഷ്യല്‍ മീഡിയ

ചണ്ഡിഗഡ്: മാനുഷി ചില്ലാര്‍ ലോകസുന്ദരിയായതോടെ ഇന്ത്യ ആകമാനമുള്ള യുവാക്കള്‍ ആവേശത്തിലാണ്. മാനുഷിയുടെ ലോകസുന്ദരിപ്പട്ടത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാനും ഇതിനിടയില്‍ ചിലര്‍ രംഗത്തു വന്നിട്ടുണ്ട്. അതില്‍ ഒരാളാണ് ഹരിയാനയിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കവിതാ ജെയ്ന്‍. പ്രധാനമന്ത്രിയുടെ പ്രിയ പദ്ധതിയായ
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാംപയിന്‍ കൊണ്ടാണ് മാനുഷിക്ക് ലോകസുന്ദരിപ്പട്ടം കിട്ടിയതെന്നാണ് കവിത പറയുന്നത്.

പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനും സമൂഹത്തില്‍ മുമ്പന്തിയിലെത്തിക്കുന്നതിനുമായുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ. വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തിയ 118 സുന്ദരിമാരെ കടത്തി വെട്ടിയാണ് ഇന്ത്യന്‍സുന്ദരി മാനുഷി ചില്ലര്‍ 2017ലെ മിസ് വേള്‍ഡ് കിരീടം സ്വന്തമാക്കിയത്. ഇന്നലെ ചൈനയിലെ സാന്യയിലെ സിറ്റി അരീനയില്‍ വച്ച് നടന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് മാനുഷി അമൂല്യമായ പുരസ്‌കാരം കരസ്ഥമാക്കിയിരിക്കുന്നത്. മെക്‌സിക്കന്‍ സുന്ദരിയായ ആന്‍ഡ്രിയ മെസയാണ് റണ്ണര്‍ അപ്പായിരിക്കുന്നത്. മിസ് ഇംഗ്ലണ്ടായ സ്‌റ്റെഫാനി ഹില്ലാണ് സെക്കന്‍ഡ് റണ്ണര്‍ അപ്പ്.

ലോക സുന്ദരി മല്‍സരത്തിനിടെ മാനുഷിയോട് വിധികര്‍ത്താക്കള്‍ ചോദിച്ചത് എന്ത് ജോലിക്കാണ് ഏറ്റവുമധികം പ്രതിഫലം ലഭിക്കുക? എന്തുകൊണ്ട്? എന്നായിരുന്നു.ഒരു അമ്മയാണ് ഏറ്റവുമധികം ആദരം അര്‍ഹിക്കുന്നത്. അമ്മ എന്ന ജോലിക്ക് ഒരിക്കലും പണമല്ല പ്രതിഫലം, മറിച്ച് സ്‌നേഹവും ബഹുമാനവുമാണ്. എന്റെ ജീവിതത്തിലെ ഏറ്റവുമധികം പ്രചോദനമായത് അമ്മയാണ്. അതുകൊണ്ടുതന്നെ ഈ ലോകത്ത് ഏറ്റവുമധികം പ്രതിഫലം അര്‍ഹിക്കുന്നത് അമ്മ എന്ന ജോലിയാണ് എന്ന മറുപടിയാണ് ലോക സുന്ദരിപ്പട്ടം നേടിക്കൊടുത്തത്.

കാര്‍ഡിയാക് സര്‍ജനാകണമെന്ന ആഗ്രഹവുമായി മെഡിസിന്‍ പഠനമാരംഭിച്ച പെണ്‍കുട്ടിയാണ് ഇപ്പോള്‍ ലോകസൗന്ദര്യത്തിന്റെ കിരീടം ചൂടിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ പേജന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് തിളങ്ങാനായി തന്റെ പഠനത്തില്‍ നിന്നും ഒരു വര്‍ഷം അവധിയെടുത്ത് തയ്യാറെടുത്തായിരുന്നു മാനുഷി ചൈനയിലെ സാന്യയിലെത്തിയത്. ഇതിലൂടെ മിസ് വേള്‍ഡ് കിരിടം ചൂടുന്ന ആറാമത് ഇന്ത്യന്‍ സുന്ദരിയായിത്തീര്‍ന്നിരിക്കുകയാണ് മാനുഷി. 2000ത്തില്‍ പ്രിയങ്ക ചോപ്ര ലോകസുന്ദരിപ്പട്ടം നേടിയതിനു ശേഷം ആദ്യമായാണ് ഈ ബഹുമതി ഇന്ത്യയ്ക്കു സ്വന്തമാവുന്നത്.

Related posts