ഞാന്‍ നാലാം റൗണ്ടിലെത്തി, അവളുടെ പൊടി പോലും കാണാനില്ല; അവളെവിടെപ്പോയി; കരോളിന്‍ വോസ്‌നിയാക്കിയെ ട്രോളി ഷറപ്പോവ

യുഎസ് ഓപ്പണില്‍ തനിക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അനുവദിച്ചതിനെ വിമര്‍ശിച്ച കരോളിന വോസ്‌നിയാക്കിയെ ട്രോളി റഷ്യന്‍ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ. ആര്‍തര്‍ ആഷ് സ്‌റ്റേഡിയത്തില്‍ മൂന്നാം റൗണ്ടില്‍ വിജയിച്ച ശേഷമായിരുന്നു ഷറപ്പോവ ഡാനീഷ് താരത്തെ ചെറുതായൊന്ന് ട്രോളിയത്. പാര്‍ക്കിംഗ് സ്ഥലത്ത് അവസരം ലഭിച്ചാല്‍ താന്‍ അവിടെയും സന്തോഷത്തോടെ കളിക്കുമെന്ന് ഷറപ്പോവ പറഞ്ഞു.

ന്യൂയോര്‍ക്ക് സിറ്റി ക്വീന്‍സിലെ പാര്‍ക്കിംഗ് സ്ഥലത്തേക്ക് നിങ്ങളെന്നെ മാറ്റിയാലും അവിടെ സന്തോഷത്തോടെ താന്‍ കളിക്കും. ഇതൊന്നും തന്നെ അലട്ടുന്നില്ല. നാലാം റൗണ്ടിലെത്തിയതെന്നാണ് തന്നെ സംബന്ധിച്ച് വലിയ കാര്യം. എന്നാല്‍ അവര്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും വോസ്‌നിയാക്കിയുടെ പേര് പരാമര്‍ശിക്കാതെ ഷറപ്പോവ പറഞ്ഞു.

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഷറപ്പോവ 15 മാസത്തെ വിലക്കിനു ശേഷമാണ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്. ഷറപ്പോവയ്ക്ക് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കുന്നതിനെ വോസ്‌നിയാക്കി വിമര്‍ശിച്ചിരുന്നു. എന്നാല്‍ അഞ്ചാം സീഡ് വോസ്‌നിയാക്കി രണ്ടാം റൗണ്ടില്‍ പുറത്താകുകയും ഷറപ്പോവ മുന്നേറുകയും ചെയ്തു.

Related posts