കല്യാണസദ്യ വിളമ്പി അഞ്ചു ദിവസത്തിനു ശേഷം കല്യാണം ! പ്രളയക്കുരുക്കില്‍ അകപ്പെട്ട് വൈകിയ കല്യാണം നടത്താന്‍ വേണ്ടി വധുവിന്റെ വീട്ടുകാര്‍ നടത്തിയത് സാഹസികയാത്ര…

കണ്ണൂര്‍:വിവാഹ സദ്യ വിളമ്പിയതിന്റെ അഞ്ചാം നാള്‍ മാത്രം വിവാഹം നടക്കുന്നത് ലോകത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരിക്കും.വരന്‍ വഴിയില്‍ കുടുങ്ങിയതിനാല്‍ പന്തളം കുടശനാട്ടു മാറ്റിവച്ച വിവാഹത്തിന് ഇന്നലെ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ വേദിയായി.

തൃക്കരിപ്പൂര്‍ കക്കുന്നം വീട്ടില്‍ വൈക്കത്ത് ഭാസ്‌കരന്റെയും വി.രത്‌നകുമാരിയുടെയും മകന്‍ വി.വിപിന്‍രാജാണു പ്രളയത്തെ അതിജീവിച്ച് ആലപ്പുഴ ഉളവുക്കാട് രേഖാലയം വീട്ടില്‍ എന്‍.രമേഷിന്റെയും ലേഖയുടെയും മകള്‍ ആര്‍.രേഖയ്ക്കു മിന്നു ചാര്‍ത്തിയത്. ഈ മാസം പതിനേഴിനായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരും നഴ്‌സുമാരാണ്. പന്തളം കുടശനാട് സൗപര്‍ണിക ഓഡിറ്റോറിയമായിരുന്നു വേദി.

16നു തൃക്കരിപ്പൂരില്‍ നിന്നു വരനടക്കം 11 പേര്‍ യാത്രതിരിക്കുമ്പോള്‍ മഴയുണ്ടായിരുന്നെങ്കിലും ഇങ്ങനെയൊരു മഹാപ്രളയം പ്രതീക്ഷിച്ചില്ല. റെയില്‍വേ സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ ട്രെയിനുകള്‍ ഓടുന്നുണ്ടെന്നറിഞ്ഞതോടെ സമാധാനമായതിനെത്തുടര്‍ന്നാണ് യാത്ര തിരിച്ചത്. എന്നാല്‍ ട്രെയിന്‍ തിരൂരില്‍ എത്തിയതോടെ പണി പാളി. തുടര്‍ന്ന് ട്രെയിന്‍ മുമ്പോട്ടു പോകില്ലെന്ന് അറിയിപ്പുമെത്തി.

പിന്നീട് ടാക്‌സിയിലായി യാത്ര. ഗുരുവായൂരെത്തിയപ്പോള്‍ വീണ്ടും തടസ്സം. അന്നു ഗുരുവായൂരില്‍ തങ്ങി. രാവിലെ സ്ഥിതി കൂടുതല്‍ വഷളാകുന്നു എന്നു മനസ്സിലാക്കിയതോടെ ആശങ്കയായി. എങ്കിലും സമയത്ത് എത്താന്‍ കഴിയുമെന്നു തന്നെ ഉറപ്പിച്ചു. ആ ആത്മവിശ്വാസം വധുവിന്റെ വീട്ടുകാരുമായി പങ്കുവച്ചതോടെ കല്യാണപ്പന്തലിലേക്കു വധുവും കൂട്ടരും പുറപ്പെട്ടു.

എങ്ങനെയോ ആലുവ വരെയെത്തി. മുന്നോട്ടു പോകാനാവില്ലെന്നു പൊലീസ് പറഞ്ഞതോടെ യാത്ര അവിടെ അവസാനിച്ചു.കാത്തിരുന്നു കാണാതായപ്പോള്‍ വിപിന്‍രാജിന്റെ ഫോണിലേക്കു രേഖയുടെ വിളിയെത്തി. കാര്യം പറഞ്ഞപ്പോള്‍ രേഖയുടെ ‘കട്ടസപ്പോര്‍ട്ട്’.കല്യാണത്തിന് എത്തിയവരെ കാര്യങ്ങള്‍ അറിയിച്ചു സദ്യ വിളമ്പി.

സദ്യയുടെ ഒരു ഭാഗം ദുരിതാശ്വാസ ക്യാംപിലേക്കും നല്‍കി. ഇനിയെന്ത് എന്ന ആലോചനകള്‍ക്കൊടുവില്‍ പയ്യന്നൂരില്‍ വിവാഹം നടത്താന്‍ തീരുമാനമായി. എന്നാല്‍, ഉളവുക്കാടു നിന്നു പയ്യന്നൂരിലേക്കു രേഖയുടെ വീട്ടുകാര്‍ എങ്ങനെ എത്തുമെന്നതായി പ്രശ്‌നം. കാരണം കേരളത്തിലെ റോഡുകളുടെ കാര്യത്തില്‍ ഒരുറപ്പുമില്ല.

പിന്നീടു തമിഴ്‌നാട് വഴി ചുറ്റി രണ്ടു ദിവസം കൊണ്ടാണ് ഇവര്‍ പയ്യന്നൂരിലെത്തിയത്.ഒടുവില്‍ പ്രളയത്തെ തോല്‍പിച്ച്, അഞ്ചുദിവസം നീണ്ട ‘വിവാഹയാത്ര’യ്ക്ക് ഇന്നലെ പയ്യന്നൂര്‍ ആരാധന ഓഡിറ്റോറിയത്തില്‍ ശുഭാന്ത്യം സംഭവിച്ചു.

Related posts