ലൈംഗികചൂഷണമുള്‍പ്പെടെ എല്ലാത്തരം പീഡനങ്ങളും അനുഭവിച്ചു തന്നെയാ ഞാനും വന്നത്; പാകിസ്ഥാനിലെ ആദ്യം ട്രാന്‍സ്‌ജെന്‍ഡര്‍ അവതാരകയായ മാര്‍വിയ മാലിക് എന്ന 21കാരിക്ക് പറയാനുള്ളത്…

പാകിസ്ഥാനിലെ ആദ്യം ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്ത അവതാരക എന്ന നിലയിലാണ് മാര്‍വിയ മാലിക് ലോകശ്രദ്ധ പിടിച്ചു പറ്റുന്നത്. കോഹിനൂര്‍ ന്യൂസ് എന്ന പ്രാദേശിക ചാനലാണ് മാവിയെ തങ്ങളുടെ വാര്‍ത്ത അവതാരികയായി നിയമിച്ചുകൊണ്ട് ലോകത്തിനു മുന്നില്‍ പാകിസ്താന് ഖ്യാതി നേടിക്കൊടുത്തത്. പാകിസ്താനില്‍ നിന്നും മാത്രമല്ല, ലോകത്തിന്റെ പല കോണില്‍ നിന്നും മാര്‍വിയ മാലികിനെ തേടി അഭിനന്ദനങ്ങള്‍ വരികയാണ്. ഈ അഭിനന്ദനങ്ങള്‍ എല്ലാം ഏറ്റുവാങ്ങുമ്പോഴും മാര്‍വിയ താന്‍ ഇവിടെവരെ എത്തിയ മുന്‍കാല അനുഭവങ്ങളെക്കുറിച്ച് പറയുകയാണ്. ലോകത്തെല്ലായിടത്തും ട്രാന്‍സ്ജെന്‍ഡറുകള്‍ അനുഭവിക്കുന്ന ദുരിതങ്ങളിലൂടെത്തന്നെയാണ് താനും കടന്നുവന്നതെന്ന് ഈ 21കാരി വ്യക്തമാക്കുന്നു.

‘ഇന്ത്യയിലും ബംഗ്ലാദേശിലുമൊക്കെ നടക്കുന്നതുപോലെ പാകിസ്താനിലും ട്രാന്‍സ്‌ജെന്‍ഡറുകള്‍ പല ഭീഷണികളും നേരിടേണ്ടി വരുന്നുണ്ട്. കൊല ചെയ്യപ്പെടുന്നവര്‍, ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നവര്‍, ലൈംഗിക ജോലി നിര്‍ബന്ധപൂര്‍വം ചെയ്യേണ്ടി വരുന്നവര്‍, തെരുവ് നര്‍ത്തകരായി മാറേണ്ടി വരുന്നവര്‍, യാചകരായി തീരേണ്ടി വരുന്നവര്‍, മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുന്നവര്‍; എന്നിങ്ങനെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത അവസ്ഥയിലൂടെയാണ് ഞാനും കടന്നുവന്നത്” മാര്‍വിയ പറയുന്നു.

ജേര്‍ണലിസത്തില്‍ ബിരുദമുള്ള ഒരാളാണ് ഞാന്‍. പക്ഷേ, ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആയതുകൊണ്ട് ജീവിതത്തില്‍ ഒട്ടേറെ ദുരിതങ്ങള്‍ നേരിടേണ്ടി വന്നു. ഭിക്ഷ യാചിച്ചും തെരുവില്‍ ഡാന്‍സ് ചെയ്തും ജീവിതം കഴിക്കേണ്ടി വരുന്ന ട്രാന്‍സ്‌ജെന്‍ഡറുകളില്‍ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല എന്റെ അനുഭവവും.

പത്താംക്ലാസ് കഴിഞ്ഞതോടെ ഞാന്‍ വീട്ടില്‍ നിന്നും പുറത്തായി. എന്റെ വീട്ടുകാര്‍ ഒരിക്കലും എന്നെ സ്‌നേഹിച്ചിരുന്നില്ല. ഞാന്‍ ഒരു മോഡല്‍ ആയതും ഇപ്പോള്‍ വാര്‍ത്ത അവതാരിക ആയതുമൊക്കെ എന്റെ വീട്ടുകാര്‍ അറിഞ്ഞുകാണും, പക്ഷേ അവരെ സംബന്ധിച്ച് ഞാന്‍ പുറംതള്ളപ്പെട്ട ഒരാള്‍ മാത്രമാണ്, മാര്‍വിയ പറയുന്നു.

വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം ഒരു ബ്യൂട്ടി സലൂണില്‍ ജോലി ചെയ്താണ് താന്‍ ജീവിതം മുമ്പോട്ടു കൊണ്ടു പോയതെന്ന് മാര്‍വിയ പറയുന്നു. എനിക്ക് ജീവിക്കാനും ആഹാരം കഴിക്കാനുമൊക്കെയുള്ള വക സ്വയം കണ്ടെത്തണമായിരുന്നു. തെരുവ് നര്‍ത്തകരായ, ഭിക്ഷക്കാരായ ട്രാന്‍സ്‌ജെന്‍ഡറുകളില്‍ നിന്നും എനിക്കും ഒരു വ്യത്യാസമില്ലായിരുന്നു. ലോകത്താകമാനം ട്രാന്‍സ്‌ജെന്‍ഡറുകളോട് മുമ്പുണ്ടായിരുന്ന സമീപനം മാറിവരുന്നുണ്ട്. ഞങ്ങള്‍ക്ക് അവകാശങ്ങള്‍ കിട്ടുന്നു.

പരിഗണന കിട്ടുന്നു, വിദ്യാഭ്യാസസൗകര്യവും ജോലിയും ലഭിക്കുന്നു. എന്നെ സംബന്ധിച്ച് എന്റെ ആഹ്ലാദം പരിധികള്‍ കടന്നു പോയിരിക്കുകയാണ്. ഞാന്‍ കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. നേട്ടങ്ങളുടെ ആദ്യപടി കടക്കാന്‍ എന്നെക്കൊണ്ട് സാധിച്ചിരിക്കുന്നു. റോയിട്ടേഴ്‌സ്, ബിബിസി, വിഒഎ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളോട് മാര്‍വിയ തന്റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവച്ചുകൊണ്ട് പറയുന്നു.

 

Related posts