കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണം ! കാരണമായി കോടതി പറയുന്നതിങ്ങനെ…

ഒറ്റയ്ക്ക് കാറോടിച്ച് യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടായെന്ന് വിചാരിക്കുന്നത് തെറ്റെന്ന് ഡല്‍ഹി ഹൈക്കോടതി.

കൂടെ മറ്റാരുമില്ലെന്നു കരുതി മാസ്‌ക് ധരിക്കാതിരുന്നാല്‍ ഡ്രൈവറുടെ സ്രവം കാറില്‍ വീഴാമെന്നും, മണിക്കൂറുകള്‍ക്കു ശേഷം ആ വാഹനത്തില്‍ കയറുന്ന മറ്റുള്ളവര്‍ക്ക് കോവിഡ് രോഗം പകരാന്‍ ഇത് കാരണമായേക്കാമെന്നും ജസ്റ്റിസ് പ്രതിഭ എം സിങ് വിധിന്യായത്തില്‍ പറഞ്ഞു.

ഒറ്റക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ മാസ്‌ക് വെക്കാത്തതിന് ഫൈന്‍ ചുമത്തിയതിനെതിരായ നാല് വ്യത്യസ്ത ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

‘വാഹനത്തിലോ കാറിലോ യാത്ര ചെയ്യുന്ന വ്യക്തി ഒറ്റക്കായിരുന്നാല്‍ പോലും പലവഴികളില്‍ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ട്.

അയാള്‍ വാഹനത്തില്‍ കയറുന്നതിനു മുമ്പ് മാര്‍ക്കറ്റിലോ ജോലിസ്ഥലത്തോ ആശുപത്രിയിലോ അല്ലെങ്കില്‍ തിരക്കേറിയ മറ്റ് ഇടങ്ങളിലോ പോയിട്ടുണ്ടാവാം.

വായുസഞ്ചാരത്തിനായി വാഹനത്തിന്റെ വിന്‍ഡോകള്‍ തുറന്നിട്ടിട്ടുണ്ടാകാം. വാഹനം ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തുകയും വിന്‍ഡോ താഴ്ത്തി അയാള്‍ എന്തെങ്കിലും ഉല്‍പ്പന്നം വാങ്ങുകയും ചെയ്തിട്ടുണ്ടാകാം.

അതുവഴി അയാള്‍ ഒരു തെരുവു കച്ചവടക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടാകാം.ഒരാള്‍ കാറില്‍ ഒറ്റക്ക് സഞ്ചരിക്കുന്നുവെന്ന് കരുതി, ഒറ്റക്കാണെന്ന സ്ഥിതി സ്ഥിരമല്ല. അത് താല്‍ക്കാലികം മാത്രമാണ്.

ആ സ്ഥിതിക്ക് മുമ്പും ശേഷവും വാഹനത്തില്‍ മറ്റുള്ളവര്‍ കയറാനിടയുണ്ട്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളോ സ്‌കൂള്‍ വിട്ടുവരുന്ന മക്കളോ സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ ആ സ്ഥിതിക്കു ശേഷം ആ വാഹനത്തില്‍ കയറാം.

അയാള്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ആ വ്യക്തികള്‍ക്കും വൈറസ് ബാധയുണ്ടാകാം. ഡ്രൈവ് ചെയ്തയാള്‍ കാറില്‍ നിന്നിറങ്ങി മണിക്കൂറുകള്‍ കഴിഞ്ഞാലും വൈറസ് വഹിക്കുന്ന സ്രവങ്ങള്‍ മറ്റുള്ളവര്‍ക്ക് അസുഖം കൈമാറാന്‍ സാധ്യതയുണ്ട്.

കാറില്‍ ഒറ്റക്കാണ് യാത്ര എന്നതുകൊണ്ടുമാത്രം അതൊരു പൊതുസ്ഥലമല്ല എന്ന് പറയാന്‍ കഴിയില്ല.’ ഉത്തരവില്‍ പറയുന്നു.

കോവിഡ് നിയന്ത്രണത്തിന്റെ കാര്യത്തില്‍, പൊതുസ്ഥലത്തുകൂടി സഞ്ചരിക്കുന്ന വാഹനങ്ങളെ പൊതുസ്ഥലങ്ങളായി കാണാമെന്നും അതിനാല്‍ മാസ്‌ക് വെക്കണമെന്നും കോടതി പറഞ്ഞു.

Related posts

Leave a Comment