തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ എംഡിഎംഎ വേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന 39.6 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വാണിമേല്‍ കൊടിയൂറ സ്വദേശി പി. ഹഫീസിനെയാണ് (31)പിടികൂടിയത്.
ഇന്നലെ രാത്രി 11.20 നാണ് തളിപ്പറമ്പ് നഗരസഭാ ബസ്സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തുവച്ച് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫ് ടീമാണ് ഇയാളെ വലയിലാക്കിയത്.
ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി തളിപ്പറമ്പിലെ സബ് ഏജന്റുമാര്‍ക്ക് വില്പന നടത്താന്‍ എത്തിയതാണ് ഇയാളെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. മാസങ്ങളായി ഡാന്‍സാഫ് ടീം ഹഫീസിനെ നിരീക്ഷിച്ചുവരികയായിരുന്നു.
ഡാന്‍സാഫ് ടീം അംഗങ്ങളും സീനിയര്‍ സിപിഒമാരുമായ അനൂപ്, ഷൗക്കത്ത്, സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ ബസ്സ്റ്റാൻഡിൽ വച്ച് പിടികൂടിയത്. തളിപ്പറമ്പ് എസ്ഐ ദിനേശന് കൊതേരി, പ്രൊബേഷനറി എസ്ഐ വി.രേഖ, ഡ്രൈവര്‍ സിപിഒ നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ മേല്‍നടപടികള്‍ സ്വീകരിച്ച് അറസറ്റ് ചെയ്തത്.