സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ഏഴ് വിദ്യാർഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ് പരീക്ഷയിൽ സ്വർണ മെഡൽ. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തിയ ഡിഎൻബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ്) 2023ലെ പരീക്ഷയിലാണ് വിവിധ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയത്.
എൻഡോക്രൈനോളജിയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. വി. കാർത്തിക്, നെഫ്രോളജിയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. രഞ്ജിനി രാധാകൃഷ്ണൻ, ഫോറൻസിക് മെഡിസിനിൽ തൃശൂർ മെഡിക്കൽ കോളജിലെ ഡോ. രഹ്നാസ് അബ്ദുൾ അസീസ്, മൈക്രോബയോളജിയിൽ തൃശൂർ മെഡിക്കൽ കോളജിലെ ഡോ. ടി.പി. സിതാര നാസർ, ന്യൂറോളജിയിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ. അജിത അഗസ്റ്റിൻ, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജിയിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ. പി.ഡി. നിതിൻ, ഇഎൻടി വിഭാഗത്തിൽ ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോ. വി.എ. ഹംനാസ് എന്നിവരാണ് സ്വർണ മെഡൽ നേടിയത്.
അന്തർദേശീയ രംഗത്ത് ഏറെ മൂല്യമുള്ളതാണ് ഈ ബിരുദം. ഒരു സംസ്ഥാനത്ത് ദേശീയ തലത്തിൽ ഇത്രയേറെ സ്വർണ മെഡലുകൾ സർക്കാർ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികൾ കരസ്ഥമാക്കുന്നത് ഇതാദ്യമായാണ്. മേയ് 10ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന കോൺവക്കേഷനിൽ രാഷ്ട്രപതി സ്വർണ മെഡലുകൾ സമ്മാനിക്കും.