ഈ മീന്‍കറി റൊമ്പ ടേസ്റ്റായിറുക്ക്….

Meenkuzhambum08

പച്ചമലയാളത്തില്‍ പറഞ്ഞാല്‍ മീന്‍കറിയും മണ്‍ചട്ടിയും എന്നാണ് മീന്‍കുഴമ്പും മണ്‍പാനയുമെന്നതിന്റെ അര്‍ഥം. ഈ ചിത്രവും ഈപേരും തമ്മിലുള്ള ബന്ധം എന്താണെന്നല്ലേ… മീന്‍ കറിയ്ക്ക് വേണ്ട കൂട്ടെല്ലാം കൃത്യമായില്ലേല്‍ അതു കഴിക്കാന്‍ ഒരു രുചിയും ഉണ്ടാകില്ല. അതിപ്പോള്‍ ഉപ്പോ മുളകോ കുറഞ്ഞാലും കൂടിയാലും അതു തന്നെയാണ് അവസ്ഥ. സിനിമയിലും അതുപോലെ തന്നെയാണ് ചേരുവകളെല്ലാം കൃത്യമായി ചേര്‍ന്നില്ലേല്‍ ആകെ മൊത്തം കുളമാകും.

എന്നാല്‍ ഈ പേരിനെ ഈ സിനിമയോട് ബന്ധപ്പിച്ച് ഒരു താരപുത്രന് നായക നടനിലേക്കുള്ള എന്‍ട്രി കൊടുക്കാന്‍ പാകത്തിനുള്ള ഒരു ഒന്നാന്തരം കൂട്ടൊരുക്കിയിരിക്കുകയാണ് സംവിധായകന്‍ അമുതേശ്വര്‍ മീന്‍കുഴമ്പും മണ്‍പാനയും എന്ന ചിത്രത്തിലൂടെ. നന്മയുള്ള കഥ, ഇടിക്ക് ഇടി, ഡാന്‍സിന് ഡാന്‍സ്, റൊമാന്‍സിന് റൊമാന്‍സ് അങ്ങനെയെല്ലാം കൊണ്ടും ഒരു കിടിലന്‍ എന്‍ട്രി തന്നെയാണ് നടന്‍ ജയറാമിന്റെ മകന്‍ കാളിദാസിന് തമിഴകത്ത് കിട്ടിയത്.
Meenkuzhambum05
മലേഷ്യയില്‍ മീന്‍കുഴമ്പും മണ്‍പാനയും എന്ന പേരില്‍ റെസ്‌റ്റോറന്റ് നടത്തുന്ന അണ്ണാമലൈയുടെയും (പ്രഭു) മകന്‍ കാര്‍ത്തിക്കിന്റെയും (കാളിദാസ്) കഥയാണ് ചിത്രം പറയുന്നത്. അച്ഛന്‍–മകന്‍ സ്‌നേഹബന്ധത്തിന്റെ കഥ ഒരുപാട് കണ്ടിട്ടുള്ളവരുടെ മുന്നിലേക്ക് സംവിധായകന്‍ വീണ്ടും ഇതേ വിഷയവുമായി കടന്നു വരുമ്പോള്‍ കണ്ടേക്കാവുന്ന ക്ലീഷേ രംഗങ്ങളെല്ലാം ഈ ചിത്രത്തിലും കടന്നുവരുന്നുണ്ട്. എന്നാല്‍ പ്രഭുവിന്റെയും കാളിദാസിന്റെയും അഭിനയമികവിലൂടെ ഒരുപരിധി വരെ ഈ ചിത്രത്തിന് ഒരു പുതിയ മുഖം ഉണ്ടാക്കിയെടുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചുവെന്നു തന്നെ പറയാം.
Meenkuzhambum07
കോളജ് കുമാരനായ കാര്‍ത്തിക്കിന്റെ പ്രണയവും കുറുമ്പുമെല്ലാം കാട്ടി ഡാന്‍സും പാട്ടുമായി മുന്നോട്ടു പോകുന്നിടത്തേക്ക് അച്ഛന്‍ മകന്‍ ബന്ധത്തിന്റെ അകല്‍ച്ച കാട്ടാനായി സംവിധായകന്‍ കൂടുതല്‍ സമയം വിനിയോഗിക്കുന്നിടത്താണ് ചിത്രത്തിന് ഇഴച്ചില്‍ അനുഭവപ്പെടുന്നത്. ക്ലീഷേയിലേക്ക് ചിത്രം കൂപ്പുകുത്തുന്നു എന്നു തോന്നിപ്പിച്ച ശേഷം ഒന്നാം പകുതിക്ക് തൊട്ടുമുമ്പായി കടന്നു വരുന്ന ഒരു ട്വിസ്റ്റ് ചിത്രത്തിന്റെ മുഖം ആകെ മൊത്തം മാറ്റുന്നുണ്ട്. ഈ മാറ്റം തന്നെയാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. ഒന്നാം പകുതിയിലെ വേഗക്കുറവിനെ രണ്ടാം പകുതിയിലെ വേഗക്കൂടുതല്‍ കൊണ്ട് സംവിധായകന്‍ സമരസപ്പെടുത്തിയപ്പോള്‍ ചിത്രം കൃത്യമായ താളം കണ്ടെത്തുകയായിരുന്നു.
Meenkuzhambum02
അച്ഛനും മകനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കണ്ടെത്തിയ മാര്‍ഗം ചിത്രത്തിന് വേഗം കൂട്ടിയപ്പോള്‍ ഒന്നാം പകുതിയേക്കാള്‍ പക്വതയാര്‍ന്ന പ്രകടനമാണ് രണ്ടാം പകുതിയില്‍ കാളിദാസ് കാഴ്ചവെച്ചത്. നായകന്റെ കാമുകിയായി ഒരു പ്രണയത്തിലുണ്ടായേക്കാവുന്ന ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം പവിത്രയായി ചിത്രത്തില്‍ എത്തിയ അഷ്‌ന സവേരി കൈയടക്കത്തോടെ ചെയ്തു. അതില്‍ കൂടുതലൊന്നും നായികയായ അഷ്‌നയ്ക്ക് ചെയ്യാന്‍ ഉണ്ടായിരുന്നില്ലായെന്നു സാരം.
Meenkuzhambum01
മലേഷ്യയിലെ കാഴ്ചകളത്രയും പുതുമയോടു കൂടി തന്നെ ഛായാഗ്രാഹകന്‍ ലക്ഷ്മണ്‍ കാമറയിലേക്ക്് പകര്‍ത്തിയപ്പോള്‍ ഒരു കളര്‍ഫുള്‍ എഫക്ട് തന്നെ ചിത്രത്തിന് ലഭിച്ചു. മെലഡിയും ഡപ്പാംകൂത്തുമെല്ലാമായി അഞ്ചു പാട്ടുകള്‍ ചിത്രത്തിലുണ്ട്. ഡി. ഇമാനൊരുക്കിയ ഡപ്പാംകൂത്ത് പാട്ടുകള്‍ അത്രയും യുവാക്കളെ പിടിച്ചിരുത്തുന്ന വിധത്തിലുള്ളതായിരുന്നു. മലയാളി സാന്നിധ്യമായി ഉര്‍വശിയും ചിത്രത്തിലുണ്ട്. രണ്ടാം പകുതിയില്‍ പ്രഭുവും കാളിദാസന്റെയും മേക്കോവറുകള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതിഥി വേഷത്തില്‍ ഉലകനായകന്‍ കമല്‍ ഹാസനും ചിത്രത്തിലെത്തുന്നുണ്ട്.അദ്ദേഹം ചിത്രത്തിന് നല്കിയ ഉണര്‍വ് എത്രത്തോളമെന്ന് നിങ്ങള്‍ തിയറ്ററില്‍ പോയി തന്നെ കണ്ടറിയുക.

കാളിദാസിന്റെ കുട്ടിക്കാലത്തെ ബിഗ്‌സ്ക്രീന്‍ പ്രകടനം ഏവരേയും അമ്പരിപ്പിച്ചിട്ടുണ്ട്. അന്നെല്ലാവരും മനസില്‍ പറഞ്ഞിട്ടുണ്ടാവണം നടന്‍ ജയറാമിന്റെയല്ലേ മകന്‍, അച്ഛന്റെ ഗുണം മകനു കിട്ടാതിരിക്കുമോയെന്ന്… പ്രഭുവിന്റെയും കമല്‍ ഹാസന്റെയും ആശീര്‍വാദത്തോടെ മീന്‍കുഴമ്പും മണ്‍പാനയിലും ആ പയ്യന്‍ നായകനായി എത്തിയപ്പോഴും ആ പല്ലവിക്ക് ഇളക്കം തട്ടാത്ത വിധമുള്ള പ്രകടനമാണ് കാളിദാസ് കാഴ്ചവച്ചിട്ടുള്ളത്.

(ടിക്കറ്റെടുക്കാം, പ്രഭുവിന്റെയും കാളിദാസന്റെയും രസക്കൂട്ട് കാണാനായി..)

വി. ശ്രീകാന്ത്

Related posts