കുറവുകള്‍ കൂടുതലുള്ളവന്റെ കഥയുമായി നാദിര്‍ഷാ

Nadirshah01സാമൂഹിക പ്രസക്തിയുള്ള സീരിയസ് വിഷയങ്ങള്‍ നര്‍മത്തില്‍ ചാലിച്ചു പറഞ്ഞാല്‍ ജനങ്ങള്‍ സ്വീകരിക്കുമെന്നു തെളിയിച്ച ചലച്ചിത്രകാരനാണു നാദിര്‍ഷാ. സമൃദ്ധമായ മിമിക്രി അനുഭവങ്ങളുടെ കരുത്തും സത്യസന്ധമായ സൗഹൃദങ്ങളുടെ എനര്‍ജിയുമാണ് നാദിര്‍ഷായുടെ വിജയരഹസ്യങ്ങള്‍.

അമര്‍ അക്ബര്‍ അന്തോണിക്കു ശേഷം പുതുമയുള്ള ഒരു സബ്ജക്ടുമായാണ് ഇത്തവണ നാദിര്‍ഷാ പ്രേക്ഷകരിലേക്ക് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ – പുതുമയും കൗതുകവുമുണ്ട് ആ പേരില്‍ത്തന്നെ. ‘‘സാധാരണക്കാരുടെ ഇടയില്‍ നിന്നു വന്നയാളാണ് ഇതിലെ നായകന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍.’’…പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ നാദിര്‍ഷാ.

കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന പേരിനു പിന്നില്‍..?

എല്ലാവരുടെയും മനസിന്റെ ഉള്ളിന്റെയുള്ളില്‍ ഒരു സിനിമാനടന്‍ ഉറങ്ങിക്കിടക്കുന്നുണ്ടാകുമല്ലോ. സിനിമ കണ്ടിറങ്ങുന്നവന്റെ മനസില്‍ ആ സിനിമയിലെ നായകനാവും കുറച്ചുനേരത്തേക്ക്. സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി നടക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരന്റെ കഥയാണിത്. കട്ടപ്പനയെന്ന ഗ്രാമത്തില്‍ ജീവിക്കുന്ന ഒരാള്‍ക്കു സിനിമാനടനാകമണെന്ന ആഗ്രഹം സാധിക്കാതെ വരുന്നു. അതു മക്കളിലൂടെ സാധിക്കണമെന്നു വിചാരിച്ച് അയാല്‍ സുന്ദരിയായ ഒരു പെണ്ണിനെക്കെട്ടുന്നു. പക്ഷേ, അയാള്‍ക്കു ജനിച്ചതു കറുത്തു പൊക്കം കുറഞ്ഞു സിനിമയില്‍ അഭിനയിക്കാന്‍ യാതൊരു യോഗ്യതയുമില്ലാത്ത ഒരു പുത്രന്‍. തികച്ചും സാധാരണക്കാരന്‍. അയാളുടെ സിനിമാസ്വപ്നങ്ങള്‍ക്കു സംഭവിക്കുന്ന കുറ്റങ്ങളും കുറവുകളുമാണു സിനിമ. കുറവുകള്‍ കൂടുതലുള്ളവന്റെ കഥയെന്നാണു സിനിമയുടെ ടാഗ് ലൈന്‍.

സൗഹൃദത്തുടര്‍ച്ച എന്ന രീതിയിലാണോ ദിലീപും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കുചേര്‍ന്നത്..?
Nadirshah06
സൗഹൃദത്തിന്റെ പേരില്‍ മാത്രമല്ല ദിലീപ് ഈ സിനിമ നിര്‍മിച്ചത്. എനിക്കു ധാരാളം സുഹൃത്തുക്കളുണ്ട്. അവരും ധാരാളം കഥകള്‍ പറയുന്നുണ്ട്. പക്ഷേ, അവരുടെ കഥകളില്‍ എനിക്കു വിശ്വാസം ഉണ്ടെങ്കിലല്ലേ ഞാന്‍ അതു നിര്‍മിക്കുകയുള്ളൂ. കാശു മുടക്കുന്ന കാര്യത്തില്‍ സൗഹൃദം നോക്കിയിട്ടു കാര്യമില്ല. സിനിമയുടെ പുതുമയും ഈ സിനിമ സക്‌സസ് ആകുമെന്ന ആത്മവിശ്വാസവുമാണ് ദിലീപിന് ഈ സിനിമയുടെ നിര്‍മാണപങ്കാളിത്തത്തിനു പ്രേരണയായത്.

ഈ സിനിമയുടെ രചന നിര്‍വഹിച്ച രണ്ടുപേരില്‍ ഒരാളാണല്ലോ കഥയിലെ നായകന്‍..?

ഈ സിനിമയിലെ നായകനു പറ്റിയ രൂപം അയാളില്‍ കണ്ടതുകൊണ്ടാണ് വിഷ്ണുവിനെ സെലക്ട് ചെയ്തത്. അല്ലാതെ അയാളോടുള്ള സെന്റിമെന്റ്‌സ് കൊണ്ടല്ല. സ്ക്രിപ്റ്റ് എഴുതിയ ആളെ നായകനാക്കാം എന്ന മട്ടില്‍ വാക്കൊന്നുമില്ല. വിഷ്ണു മുമ്പു പല ചിത്രങ്ങളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നല്ല നടനാണ്.

അഭിനയമോഹം മനസില്‍ കൊണ്ടുനടന്ന ആളായിരുന്നോ വിഷ്ണു…?

തീര്‍ച്ചയായും. സിനിമയില്‍ അഭിനയിക്കാനുള്ള മോഹം കൊണ്ടാണ് അമര്‍ അക്ബര്‍ അന്തോണിയുടെ കഥ പറയാന്‍ വിഷ്ണു എന്റെയടുത്തു വന്നത്. ആ സിനിമയില്‍ വിഷ്ണുവിന് ഒരു കുഞ്ഞു വേഷമാണു കൊടുത്തത്. ഈ ചിത്രത്തിലെത്തിയപ്പോള്‍ ഇതിലെ നായക കഥാപാത്രത്തെ തന്നെ ഏല്‍പ്പിക്കാം എന്ന ചിന്ത വന്നതാണ്.

നായികമാരിലേക്ക് എത്തിയത്…?
Nadirshah08
രണ്ടു നായികമാരാണു ചിത്രത്തില്‍. പ്രയാഗ മാര്‍ട്ടിനും ലിജോ മോളും. ലിജോമോള്‍ക്കും ഹീറോയിന്‍ പ്രാധാന്യമുള്ള വേഷം തന്നെയാണ്. പ്രയാഗ നായികയായി ഇനി സിദ്ധിഖിന്റെ പടം ഫുക്രി കൂടി വരുന്നുണ്ട്. അടുത്തടുത്തു രണ്ടു മൂന്നു ചിത്രങ്ങള്‍ ഇറങ്ങുന്നതോടെ പ്രയാഗ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായികയായി മാറുകയാണ്. ഒരു നായികയ്ക്കുവേണ്ട എല്ലാ കഴിവുകളും പ്രയാഗയ്ക്കുണ്ട്. ആക്ടിംഗ് ടാലന്റുണ്ട്. മലയാളം നന്നായി സംസാരിക്കുന്നുണ്ട്. എല്ലാത്തരത്തിലുമുള്ള കഥാപാത്രങ്ങളും ചെയ്യാനാകുന്ന രൂപം. ഇതൊക്കെത്തന്നെയാണ് പ്രയാഗയുടെ പ്രത്യേകത.

സിനിമാനടിയുടെ ഗ്ലാമറൊന്നും ഇല്ലാത്ത കുട്ടിയാണു ലിജോമോള്‍. നമ്മുടെ തൊട്ടടുത്തവീട്ടിലെ കുട്ടി എന്നു ഫീല്‍ ചെയ്യുന്ന രൂപം. മലയാളത്തില്‍ അത്തരത്തിലുള്ള വേഷങ്ങള്‍ ഇനിയും ഒരുപാടു കിട്ടാന്‍ സാധ്യതയുണ്ട് ലിജോമോള്‍ക്ക്. രണ്ടുപേരും സമീപഭാവിയില്‍ത്തന്നെ ശ്രദ്ധിക്കപ്പെടുന്ന നടിമാരാകും.

ആദ്യചിത്രത്തിലെന്നതുപോലെ ഇതിലും താങ്കള്‍ തന്നെ പാട്ടുകളൊരുക്കിയിരിക്കുന്നു…

മൂന്നു പാട്ടുകളാണു ചിത്രത്തില്‍. വൈക്കം വിജയലക്ഷ്മിയും റിമി ടോമിയും ചേര്‍ന്നു പാടിയ പാട്ടിനു മൂന്നു ദിവസത്തിനകം നാലു ലക്ഷം വ്യൂവേഴ്‌സായി. ശങ്കര്‍ മഹാദേവന്‍, നജീം അര്‍ഷാദ് എന്നിവരാണു മറ്റു പാട്ടുകള്‍ പാടിയിരിക്കുന്നത്. വരികള്‍ എഴുതിയതു സന്തോഷ് വര്‍മയും ഹരിനാരായണനും.

ബാക്ക്ഗ്രൗണ്ട് സ്‌കോറിനു ബിജിപാലിലേക്ക് എത്തിയത്..?
Nadirshah07
അമര്‍ അക്ബര്‍ അന്തോണിയുടെയും ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്തത് ബിജിപാല്‍ ആയിരുന്നു. ഈ പടത്തിനും യോജിച്ചയാള്‍ ബിജി തന്നെയാണന്നു തോന്നി. ഗോപിസുന്ദറും ബിജിപാലുമെല്ലാം സുഹൃത്തുക്കള്‍ തന്നെയാണ്. ഓരോരുത്തര്‍ക്കും ഓരോ ടോണറുണ്ട്. ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ ഓരോരുത്തരെ ഉപയോഗിക്കുന്നുവെന്നേയുള്ളൂ.

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ പൂര്‍ണമായും ഒരു കോമഡി ചിത്രമാണോ?

ഹ്യൂമര്‍ പ്രതീക്ഷിക്കുന്നവരെ നിരാശപ്പെടുത്താത്ത ഒരു സിനിമയാണ്. എന്നാല്‍ വെറും തമാശചിത്രവുമല്ല. അമര്‍ അക്ബര്‍ അന്തോണിയിലും തമാശകള്‍ക്കൊപ്പം അത്യാവശ്യം കാര്യവും പറഞ്ഞിരുന്നു. നര്‍മത്തില്‍ ചാലിച്ച് ഒരു സീരിയസ് സബ്ജക്ട് പറഞ്ഞപ്പോഴാണ് അത് ഏറ്റത്. അതുപോലെ ഇതിനകത്തും ഒരു സീരിയസ് സബ്ജക്ട് തന്നെയാണു പറയുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമാണിത്. അതിനുള്ള സ്‌പേസുണ്ട് ഈ സിനിമയില്‍.

കുറേയേറെ മിമിക്രിക്കാര്‍ ഈ സിനിമയുടെ ഭാഗമാണല്ലോ..?

മിമിക്രിക്കാര്‍, സിനിമക്കാര്‍ എന്ന തരംതിരിവൊന്നും ഇതിന്റെ കാസ്റ്റിംഗില്‍ ഉണ്ടായിട്ടില്ല. എനിക്കു കൃത്യമായി ആരെയൊക്കെയാണ് ആവശ്യം എന്നു തോന്നിയ മുഖങ്ങള്‍ ഇതില്‍ എടുത്തുവെന്നേയുള്ളൂ. അല്ലാതെ മിമിക്രിക്കാരെ ഉള്‍പ്പെടുത്തണം എന്നു ചിന്തിച്ചിട്ടില്ല. മിമിക്രിക്കാരെ ഉള്‍പ്പെടുത്താതെ സിനിമക്കാരെ ഉള്‍പ്പെടുത്തണം എന്ന മട്ടിലുള്ള തരംതിരിവുകള്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ഓരോ വേഷത്തിനും ആരാണോ കൂടുതല്‍ യോജിച്ചത് എന്നു നോക്കി ഏറ്റവും നല്ല ആര്‍ട്ടിസ്റ്റുകളെ കാസ്റ്റ് ചെയ്യുകയായിരുന്നു.

നാദിര്‍ഷാ, ദിലീപ്, വൈക്കം വിജയലക്ഷ്മി, റിമി ടോമി, ധര്‍മജന്‍, സലീം കുമാര്‍… തുടങ്ങി സ്‌റ്റേജില്‍ തിളങ്ങിയവരുടെ സ്ക്രീനിലെ ഒന്നുചേരല്‍ ഈ സിനിമയുടെ ഒരു പ്രത്യേകതയല്ലേ…?
Nadirshah02
അതേ. ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഫംഗ്ഷനോ മറ്റോ വന്നാല്‍ സിനിമയുമായി ബന്ധപ്പെട്ടു സ്‌റ്റേജില്‍ നിറഞ്ഞു നില്‍ക്കുന്നവരൊക്കെ ഉണ്ട് എന്നത് ഈ സിനിമയ്ക്കു കിട്ടിയ ഒരു ഗുണം തന്നെയാണ്.

സലീംകുമാര്‍ ആ പഴയ കോമഡിയിലേക്കു തിരിച്ചുവരികയാണല്ലോ..?

സലീംകുമാറിനെ പഴയരീതിയില്‍ ഒന്നു കാണണമെന്നുള്ളത് എല്ലാ മലയാളിപ്രേക്ഷകരുടെയും ഉള്ളിന്റെയുള്ളിലെ ഒരാഗ്രഹമായിരുന്നു. സലീംകുമാറിന്റെ രീതികള്‍ അറിയാവുന്നവരാണല്ലോ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. പിന്നെ എനിക്കും സലീമിനെ എത്രയോ വര്‍ഷങ്ങളായി അറിയാവുന്നതല്ലേ. സലീമിനെ എങ്ങനെ ഉപയോഗിക്കണമെന്നു കൃത്യമായി അറിയാവുന്ന കുറേ സുഹൃത്തുക്കളാണ് ഈ സിനിമയുടെ പിന്നിലുള്ളത് എന്നതിനാല്‍ കുറച്ചുകൂടി ഫ്‌ളക്‌സിബിളായി ചെയ്യാനായി എന്നു തോന്നുന്നു.

കഥ നടക്കുന്നതു വര്‍ത്തമാനകാലത്തു തന്നെയാണോ…?

കട്ടപ്പന ഉള്‍പ്പെട്ട ഇടുക്കി ജില്ലയില്‍ നടക്കുന്ന കഥയായിട്ടാണു പറയുന്നത്. എണ്‍പതുകളും ഇപ്പോഴത്തെ കാലഘട്ടവുമുണ്ട് ചിത്രത്തില്‍. ജയന്‍ഫാനായ അച്ഛന്റെ വേഷം ചെയ്യുന്ന നടന്‍ സിദ്ധിഖിന്റെ ചെറുപ്പകാലവും 2016 കാലവും മിക്‌സ് ചെയ്താണു കാണിക്കുന്നത്. പഴയകാലത്തു കണ്ട ഒരു സിദ്ധിക്കില്ലേ, കോമഡിയൊക്കെ കളിച്ചിരുന്ന ഒരു സിദ്ധിഖ്. ആ സിദ്ധിഖിനെ കുറച്ചുനേരം ഈ സിനിമയില്‍ കാണാം.

തിരക്കഥയില്‍ വിഷ്ണുവിനൊപ്പം പങ്കാളിയായ ബിബിന്‍ ജോര്‍ജിനെക്കുറിച്ച്..?
Nadirshah03
അമര്‍ അക്ബര്‍ അന്തോണി, ഇപ്പോള്‍ കട്ടപ്പനയിലെ ഋത്വിക് റോഷന്‍… രണ്ടു സിനിമകളുടെയും സ്ക്രിപ്റ്റ് എഴുതിയതും വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ്. ആ കാര്യത്തില്‍ തുല്യ പ്രാധാന്യമാണു രണ്ടുപേര്‍ക്കും. രണ്ടുപേരുടെയും ഐഡിയകള്‍ ചേര്‍ന്നപ്പോഴാണ് ഇത്രയും സ്‌ട്രോംഗായ ഒരു സിനിമയുണ്ടായത്. ബിബിനും നല്ല ആക്ടറാണ്. ഈ സിനിമയില്‍ ഒരു ചെറിയ റോളില്‍ ബിബിനും വരുന്നുണ്ട്.

അമര്‍ അക്ബര്‍ അന്തോണിയില്‍ നിന്നു കട്ടപ്പനയിലെ ഋത്വിക് റോഷനിലെത്തുമ്പോള്‍ ഒരു സംവിധായകന്‍ എന്ന നിലയിലുള്ള അനുഭവങ്ങളില്‍ എന്തു വ്യത്യസ്തതയാണു തോന്നുന്നത്…?

ആദ്യത്തെ സിനിമയില്‍ നാലു നായകന്മാരുണ്ടായിരുന്നു. നാലു നായകന്മാരെ വച്ചു സിനിമ ചെയ്യുന്നതിന്റെ റിസ്കും ഉത്തരവാദിത്വവും അന്നുണ്ടായിരുന്നു. ഈ സിനിമയില്‍ അതില്ലാത്തതിന്റെ ഉത്തരവാദിത്വവും റിസ്ക്കും ഏറെയുണ്ട്.

ഷൂട്ടിംഗ് വേളയില്‍ അതിന്റേതായ ടെന്‍ഷന്‍ ഉണ്ടായിരുന്നോ..?

ഇല്ല. വളരെ ഫ്‌ളെക്‌സിബിള്‍ ആയിരുന്നു രണ്ടു ലൊക്കേഷനും. വളരെ ഫ്രണ്ട് ലി ആയിരുന്നു എല്ലാവരും. നമ്മുടെ ടെക്‌നിക്കല്‍ ക്രൂ.. കോസ്റ്റ്യൂംസ്, ആര്‍ട്ട്, എഡിറ്റിംഗ്, കണ്‍ട്രോളിംഗ് സെക്ഷന്‍…എല്ലാത്തിന്റെയും ഒരു ടീം വര്‍ക്ക് ഉണ്ടായിരുന്നു. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ഒരു ഫാമിലി പോലെ ആയിരുന്നു. ഇതിന്റെ എഡിറ്റര്‍ ജോണ്‍കുട്ടിയാണു പുലിമുരുകന്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ ആര്‍ട്ട് ഡയറക്ടറായ ജോസഫ് നെല്ലിക്കന്‍ തന്നെയാണ് പുലിമുരുകന്റെ ആര്‍ട്ട് ഡയറക്ടര്‍. സോള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രം നിര്‍മിച്ച റോഷന്‍ ചിറ്റൂരാണ് ഈ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. എന്റെയും ദിലീപിന്റെയുമൊക്കെ ഏറ്റവുമടുത്ത സുഹൃത്താണ് അദ്ദേഹം.

ഈ സിനിമയുടെ സ്ക്രിപ്റ്റിംഗില്‍ താങ്കളുടെയും ദിലീപിന്റെയും സംഭാവനകള്‍ ഉണ്ടാകുമല്ലോ…?

ഇതിന്റെ സ്ക്രിപ്റ്റില്‍ ദിലീപിന്റെയും എന്റെയുമൊന്നും ഇടപെടല്‍ ഉണ്ടായിട്ടില്ല. വിഷ്ണുവും ബിബിനും എഴുതിവച്ചതെന്താണോ അതു മാത്രമാണു ഞാന്‍ ഷൂട്ട് ചെയ്തിട്ടുള്ളത്.

ആദ്യചിത്രത്തില്‍ ഛായാഗ്രഹണം സുജിത് വാസുദേവ്. ഇത്തവണ ഷാംദത്തിലേക്കു മാറിയല്ലോ..?
Nadirshah11
ഷാംദത്ത് ഇതിനു മുമ്പു മലയാളത്തില്‍ ചെയ്തത് ഊഴം. തമിഴില്‍ ചെയ്തതു കമലഹാസന്റെ വിശ്വരൂപം 2. തെലുങ്കുചിത്രവും ചെയ്തിട്ടുണ്ട്. ദിലീപിന്റെ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലും കാമറ ചെയ്തതു ഷാംദത്താണ്.

സിനിമയില്‍ താങ്കളുടെ പ്രവൃത്തിമേഖലകള്‍ പരിഗണിച്ചാല്‍ സകലകലാവല്ലഭന്‍ എന്നപേരു ചേരുമെന്നു തോന്നുന്നു. ഇതിനുള്ള പ്രചോദനം, എനര്‍ജി സമൃദ്ധമായ പഴയ സ്‌റ്റേജ് അനുഭവങ്ങള്‍ തന്നെയല്ലേ…?

അത്തരം വാക്കുകള്‍ ഉപയോഗിക്കേണ്ടതില്ല എന്നാണു തോന്നുന്നത്. പക്ഷേ, സ്‌റ്റേജ് എക്‌സ്പീരിയന്‍സില്‍ നിന്നുള്ള എനര്‍ജി തീര്‍ച്ചയായുമുണ്ട്. ആളുകളെ നേര്‍ക്കുനേര്‍ കണ്ടാണ് സ്‌റ്റേജ് ഷോ ചെയ്തിട്ടുള്ളത്. സഡന്‍ ഡിസിഷനാണ് നമുക്ക് അവിടെ ചെയ്യേണ്ടത്. സ്‌റ്റേജ് ഷോ ഡയറക്ഷനില്‍ പിന്നെയാകട്ടെ എന്ന മട്ടിലുള്ള ഡിസിഷന്‍ മേക്കിംഗ് സാധ്യമല്ല. കാരണം ഒരു പ്രോഗ്രാം നടന്നുകൊണ്ടിരിക്കുമ്പോള്‍ അതിന് എന്തെങ്കിലും സംഭവിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ അടുത്ത ഐറ്റം ലാഗില്ലാതെ കയറ്റിവിടാനായിട്ടുള്ള സഡന്‍ ഡിസിഷനാണു സ്‌റ്റേജില്‍ വേണ്ടത്.
Nadirshah10
മലയാള സിനിമയിലെ എല്ലാ സൂപ്പര്‍താരങ്ങളെയും വച്ചു സ്‌റ്റേജ് ഷോ ചെയ്യാന്‍ ഭാഗ്യംകിട്ടിയ ആളാണു ഞാന്‍. സിനിമ ചെയ്യുന്നതിനു മുമ്പും ഇപ്പോഴും അതു ചെയ്യുന്നുണ്ട്. 11 നു സിനിമ ഇറങ്ങിയാല്‍ 18 ാം തീയതി ബഹറിനില്‍ സ്‌റ്റേജ് ഷോ ചെയ്യുന്നുണ്ട്. യേശുദാസ്, വിജയ് യേശുദാസ്, സുജാത, ശ്വേത എന്നിവരെ ഉള്‍പ്പെടുത്തിയ സ്‌റ്റേജ് ഷോ ഡയറക്ട് ചെയ്യുന്നതു ഞാനാണ്. ഒരു റെയര്‍ കോംബിനേഷന്‍. ഒപ്പം ദീലീപുമുണ്ട്.

എന്നെ സംബന്ധിച്ചിടത്തോളം സിനിമ ചെയ്തു എന്നുകരുതി സ്‌റ്റേജ് ഷോ ഡയറക്ഷന്‍ നിര്‍ത്താനുള്ള പരിപാടിയൊന്നുമില്ല. അതൊക്കെ വലിയ അനുഭവം തന്നെയാണ്. സിനിമയില്‍ ഒത്തിരി സമയം കിട്ടുന്നുണ്ട് മേക്ക് ചെയ്യാനും മറ്റു കാര്യങ്ങള്‍ ആലോചിക്കാനും ചിന്തിക്കാനുമെല്ലാം. സൂപ്പര്‍താരങ്ങളെ വച്ചു ഷോ ചെയ്തതിന്റെ പേരില്‍ ഷൂട്ടിനിടെ ചില കാര്യങ്ങളില്‍ സ്‌ട്രോംഗ് ഡിസിഷന്‍ എടുക്കാനുള്ള ധൈര്യവും കോണ്‍ഫിഡന്‍സ് ലെവലും കിട്ടിയിട്ടുണ്ട്.

ടി.ജി.ബൈജുനാഥ്

Related posts