എല്‍ ചാപ്പോയെക്കാള്‍ ക്രൂരനോ എല്‍ മെന്‍ചോ ? ഗുസ്മാന്റെ ‘സിനലോവ കാര്‍ട്ടലും ഒസെഗുര സെര്‍വാന്റസിന്റെ ‘ജാലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ട്ടലും തമ്മിലുള്ള പോരാട്ടം മെക്‌സിക്കോയെ ചോരക്കളമാക്കുമ്പോള്‍…

സിനിമാക്കഥകളെ വെല്ലുന്നതാണ് മെക്‌സിക്കോയിലെ മയക്കുമരുന്നു മാഫിയകള്‍ തമ്മിലുള്ള ആഭ്യന്തര യുദ്ധം. മയക്കുമരുന്നു ചക്രവര്‍ത്തിമാരുടെ പറുദീസയായ മെക്‌സികോ അടക്കി വാണിരുന്ന സംഘവും അടുത്തിടെ സജീവമായി വരുന്ന ന്യൂജെന്‍ സംഘവും തമ്മിലാണിപ്പോള്‍ മത്സരം.

എല്‍ മെന്‍ചോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന നെമെസിയോ ഒസെഗുര സെര്‍വാന്റസിന്റെ കീഴിലുള്ള ‘ജാലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ട്ടലും’ എല്‍ ചാപ്പോ എന്ന് അറിയപ്പെടുന്ന മുന്‍ മയക്കുമരുന്ന് ചക്രവര്‍ത്തിയായ ജോക്വിന്‍ ഗുസ്മാന്റെ ‘സിനലോവ കാര്‍ട്ടലും’ തമ്മിലുള്ള പോരാട്ടമാണ് മെക്‌സിക്കോയുടെ അന്തരീക്ഷത്തെ കൂടുതല്‍ ഭീകരമാക്കിയിരിക്കുന്നത്.

വെറുതെ വാളും കത്തിയും തോക്കമെടുത്തുള്ള യുദ്ധമാണെന്നു കരുതരുത്. മെഷീന്‍ഗണ്ണുകളും പീരങ്കിയും ടാങ്കുകളും ബുള്ളറ്റ് പ്രൂഫുമൊക്കെയുള്ള സര്‍വസജ്ജ സേനകളാണ് ഈ മയക്കുമരുന്നു മാഫിയകള്‍.

ഗുസ്മാന്‍ സാമ്രാജ്യം


മയക്കുമരുന്നു മാഫിയയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന എല്‍ ചാപ്പോ എന്ന ജോക്വിന്‍ ഗുസ്മാനിന്റെ സാമ്രാജ്യത്തിനു മീതെ പറക്കുകയാണ് ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍ (സിജെഎന്‍ജി). സിജെഎന്‍ജി ഇപ്പോള്‍ മെക്‌സിക്കോയിലും കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോ റിക്കോയിലുമായി 35 സംസ്ഥാനങ്ങളില്‍ മേല്‍ക്കൈ പിടിച്ചെടുത്തു.

ഇരകളെ നിഷ്‌കരുണം ഇല്ലാതാക്കിയാണ് ആധിപത്യത്തിലേക്കുള്ള ഈ സംഘത്തിന്റെ നീക്കം. എതിരാളികളുടെ ഹൃദയങ്ങള്‍ പിളര്‍ത്തി, ശരീരം ആസിഡ് ബാരലുകളില്‍ ലയിപ്പിച്ചു, പരസ്യമായി കെട്ടിത്തൂക്കി… എന്തിന് ഗര്‍ഭിണികളെപ്പോലും വെറുതെ വിടുന്നില്ല.

അമേരിക്കയിലേക്കുള്ള മയക്കുമരുന്നു കടത്തിന്റെ മൂന്നിലൊന്നിന്റെ മേല്‍നോട്ടം വഹിക്കുന്നത് ഈ സംഘമാണെന്നാണ് മെക്‌സിക്കന്‍ അധികൃതര്‍ കണക്കാക്കുന്നത്. യൂറോപ്പും ഏഷ്യയും ഇവര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്.

സിനലോവ കാര്‍ട്ടല്‍


അമേരിക്കന്‍ സേന അറുപത്തിരണ്ടുകാരനായ ജോക്വിന്‍ ഗുസ്മാനെ പിടികൂടി അമേരിക്കയിലെ എഡിഎക്‌സ് ഫ്‌ളോറന്‍സ് (അല്‍കാട്രാസ് ഓഫ് റോക്കീസ്) തടവറയിലാക്കി. ഇതിന് ശേഷമാണ് സിജെഎന്‍ജി തലപൊക്കി തുടങ്ങിയത്.


ജോക്വിന്‍ ഗുസ്മാന്റെ സാമ്രാജ്യമായ സിനലോവ കാര്‍ട്ടലിനെ ഇപ്പോള്‍ നയിക്കുന്നത് ചപ്പോയുടെ മക്കളും മുന്‍ പങ്കാളിയുമായ ‘എല്‍ മയോ’ എന്നറിയപ്പെടുന്ന ഇസ്മായില്‍ സാംബഡയാണ്. എന്നാല്‍, ഗുസ്മാനിന്റെ പ്രതാപകാലം കഴിഞ്ഞതോടെ കാര്‍ട്ടല്‍ ഇപ്പോള്‍ സിജെഎന്‍ജിയുടെ നിഴലിലാണ്.

ഫെഡറല്‍ സേന


ഫെഡറല്‍ മെക്‌സിക്കന്‍ സേനയ്ക്ക് ഈ കാര്‍ട്ടലുകളേക്കാള്‍ സൈനിക ശേഷിയും ആയുധശേഖരങ്ങളും ഉണ്ട്. എന്നാല്‍, സൈന്യം രാജ്യത്തിന്റെ നാനാദിക്കുകളിലായി ചിതറിക്കിടിക്കുകയാണ്.

മാത്രമല്ല കോവിഡ് മഹാമാരിയുടെ വ്യാപനവും സൈനികര്‍ക്കു ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായും സി/ഒ ഫ്യൂച്ചേഴ്‌സ് എന്ന ലിമിറ്റഡ് ലയബിലിറ്റി കമ്പനിയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് ഡയറക്ടര്‍ ഡോ. റോബര്‍ട്ട് ജെ ബങ്കര്‍ പറയുന്നു.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മെക്‌സിക്കോയുടെ ലഹരി മാഫിയയുടെ ഉള്ളറ രഹസ്യങ്ങള്‍ വ്യക്തമാക്കിയത്.

വേള്‍ഡ് നമ്പര്‍ വണ്‍ സിജെഎന്‍ജി


മെക്‌സിക്കോയിലുടനീളമുള്ള സിനലോവ കാര്‍ട്ടലിനേക്കാള്‍ വലിയ ശക്തിയായാണ് സിജെഎന്‍ജിയെ ഇപ്പോള്‍ ലോകം കാണുന്നത്. എന്നാല്‍, സിനലോവ കാര്‍ട്ടല്‍ അതിന്റെ ചില പ്രധാന പ്രദേശങ്ങളായ കുലിയാക്കനലിലും അതിന്റെ വിപുലീകൃത പ്രദേശങ്ങളിലും ഇന്നും പ്രതാപം കാത്തുസൂക്ഷിക്കുന്നുണ്ട്.

ജൂലൈയില്‍ മെക്‌സിക്കോയില്‍ യൂണിഫോം ധരിച്ച ആയിരക്കണക്കിനു തോക്കുധാരികളായ പുരുഷന്‍മാര്‍ സൈനിക നിലവാരത്തിലുള്ള ആയുധങ്ങളുമായി കവചിത പിക്കപ്പ് ട്രക്കുകള്‍ക്കു സമീപം നിന്ന് ആക്രോശിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍നിന്നു ദൃശ്യങ്ങള്‍ വ്യാജമല്ലെന്നും തെളിഞ്ഞു. സിജെഎന്‍ജിയുടെ കൊലപാതക സംഘം പരിശീലനത്തിന്റെയും ഉപകരണങ്ങളുടെയും കാര്യത്തില്‍ കൂടുതല്‍ ആര്‍ജവം നേടിയിട്ടുണ്ട്.

റിക്കാര്‍ഡ് തിരുത്തുന്നു


കഴിഞ്ഞ വര്‍ഷം 33,000 ഇരകള്‍ കൊല്ലപ്പെട്ടു എന്ന റിക്കാര്‍ഡ് തകര്‍ക്കാനുള്ള ശ്രമത്തിലാണ് ലഹരിമാഫിയ സംഘങ്ങള്‍. ഇതുപോലെയുള്ള മരണനിരക്ക് ഇവിടെ വലിയ സംഘട്ടനങ്ങളില്‍ സര്‍വസാധാരണയാണ്. മരിച്ചവരില്‍ ഭൂരിഭാഗവും മയക്കുമരുന്ന് കാര്‍ട്ടലിന്റെ ഇരകളാണ്.

അവര്‍ പലപ്പോഴും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. ചിലരുടെ തലകള്‍ വെട്ടിമാറ്റി, മറ്റുചില സന്ദര്‍ഭങ്ങളില്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. മോട്ടോര്‍വേ പാലങ്ങളില്‍ ശവശരീരങ്ങള്‍ തൂക്കിയിടുന്നത് ഒരു ട്രെന്‍ഡായി മാറി. വാസ്തവത്തില്‍ ഇവയ്‌ക്കൊന്നും ഒരു പരിമതികളും ഇല്ലാതായിരിക്കുകയാണ്.

രക്തദാഹികളായ ‘ഹിറ്റ് വുമണ്‍’


ജനുവരിയില്‍, സിജെഎന്‍ജിയുടെ ഗ്ലാമറസ് ഹിറ്റ് വുമണ്‍ എന്നറിയപ്പെടുന്ന ലാ കാട്രീന, ടെപല്‍കാറ്റെപെക് എന്ന നഗരത്തില്‍ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു.

മരണത്തോടു മല്ലിടുന്ന ലാ കാട്രീനയെ ഒരു സൈനികന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഘം റോഡില്‍ സ്ഥാപിച്ച തടസങ്ങളില്‍ ഒന്ന് അധികൃതര്‍ പൊളിച്ചുമാറ്റിയതിനു ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന്റെ തോക്കുധാരികള്‍ അധികൃതര്‍ക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നു.

ലാ കാട്രീനയെപോലെ ഒരുപാട് യുവതികള്‍ ഈ അക്രമസംഘത്തിന്റെ കൂട്ടത്തില്‍ ഉണ്ടെന്നത് അവിശ്വസിനീയമാണ്. ‘സിക്കാരിയാസ്’ അല്ലെങ്കില്‍ ‘ഹിറ്റ് വുമണ്‍’ എന്നറിയപ്പെടുന്ന ഗ്ലാമറസ് കില്ലര്‍മാര്‍ അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയട്ടുണ്ട്.

ഇത്തരം രക്തദാഹികളായ യുവതികള്‍ അടുത്തകാലത്തായി തങ്ങളുടെ മോശപ്പെട്ട ജീവിതശൈലികളെ കുറിച്ച് ‘വീമ്പു’ പറഞ്ഞും വിലകൂടിയ ആയുധങ്ങളും ഡിസൈനര്‍ വസ്ത്രങ്ങളും ധരിച്ചും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയെടുക്കുകയാണ്.

തയാറാക്കിയത്: കെ.എം. വൈശാഖ്

Related posts

Leave a Comment