കേസ് കെട്ടിക്കിടക്കുന്നത് അപ്പോള്‍ ജഡ്ജിമാരുടെ കുറ്റമാണോ ? കുഴി മരണത്തില്‍ ഹൈക്കോടതി നടത്തിയ വിമര്‍ശനത്തെ പുച്ഛിച്ചു തള്ളി മന്ത്രി സുധാകരന്‍

പാലാരിവട്ടത്തെ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച ഹൈക്കോടതിയ്ക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കോടതികളില്‍ കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോയെന്ന് മന്ത്രി ചോദിച്ചു. ജീവനക്കാരും ജഡ്ജിമാരും കുറവുളളതാണ് പ്രശ്‌നം. അങ്ങനെയുളളപ്പോള്‍ പൊതുവില്‍ പറയരുതെന്നും മൂക്കത്ത് വിരല്‍വച്ചിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും കുറ്റം ചെയ്തവര്‍ക്കെതിരേയാണ് തിരിയേണ്ടതെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടമായെന്ന് വ്യക്തമാക്കിയാണ് കോടതി അപകടത്തില്‍ മരിച്ച യദുലാലിന്റെ കുടുംബത്തോട് ക്ഷമ ചോദിച്ചത്.

യദുലാല്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചപ്പോള്‍ നേരിട്ടോ അല്ലാതെയോ കോടതിയും പരാജയമായെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഇതാണ് അവസ്ഥയെങ്കില്‍ കോടതി ഉത്തരവുകള്‍ ഇറക്കുന്നതില്‍ അര്‍ഥമില്ല. ഇനിയും എത്രയാളുകളുടെ ജീവന്‍ പൊലിഞ്ഞാലാണ് റോഡുകള്‍ നന്നാവുകയെന്ന് കോടതി ചോദിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് വന്‍തുക നഷ്ടപരിഹാരം ഈടാക്കേണ്ടി വരുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനൊക്കെ മറുപടിയായാണ് മന്ത്രിയുടെ പ്രസ്താവന.

Related posts