സിനിമ സ്വപ്നവുമായി വീടുവിട്ടിറങ്ങി കാണാതായ ആളെ കണ്ടെത്തുവാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് സ്പീക്കർ പി. രാമകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്.
കണ്ണൂർ പാമ്പുരുത്തി സ്വദേശി നൗഷാദാണ് സിനിമ സ്വപ്നം തലയ്ക്ക് പിടിച്ച് വീടുവിട്ടിറങ്ങിയത്. രണ്ട് വർഷമായി ഇയാളെക്കുറിച്ച് ഒരു വിവരവുമില്ല.
45കാരനായ ഇയാൾക്ക് ഭിന്നശേഷിക്കാരിയായ സഹോദരിയുൾപ്പടെ നാല് പെങ്ങന്മാരാണുള്ളത്. തിരക്കഥയെഴുതുവാൻ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നൗഷാദ് വീട്ടിലേക്ക് വല്ലപ്പോഴും മാത്രമാണ് വരുന്നത്. ഇടയ്ക്ക് മാത്രം ഫോണിൽ വിളിക്കും.
അവസാനം വിളിച്ചിട്ട് രണ്ട് വർഷമായി. പല സ്ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും ഒരു വിവരവുമില്ല. കണ്ണൂർ മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം.
കടത്തിണ്ണകളിൽ, ആശുപത്രിയിൽ, മനോരോഗ കേന്ദ്രത്തിൽ, അനാഥാലയത്തിൽ, ലൈബ്രറികൾ എന്നിവിടങ്ങളിലെല്ലാം തിരഞ്ഞുവെങ്കിലും നൗഷാദിനെ കണ്ടെത്താനായില്ല.
ഏത് അവസ്ഥയിലാണെങ്കിലും സഹോദരിമാർക്ക് അവനെ വേണം എന്ന് കുറിച്ചാണ് സ്പീക്കർ കുറിപ്പ് അവസാനിപ്പിക്കുന്നത്. നൗഷാദിനെ കണ്ടെത്തുന്നവർക്ക് ബന്ധപ്പെടാനുള്ള ഫോണ് നമ്പരും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.