78കാരന്റെ കഫക്കെട്ട് ചികിത്സിച്ച് ന്യൂമോണിയയാക്കി; ഒടുവില്‍ സംസാര ശേഷിയും പോയി; ഒടുക്കം മറ്റൊരു ഹോസ്പിറ്റലിലേക്ക് രോഗിയെ മാറ്റേണ്ടി വന്നപ്പോള്‍ ബില്ലിട്ടത് ഒന്നേകാല്‍ ലക്ഷം രൂപ; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയുടെ പകല്‍ക്കൊള്ള ഇങ്ങനെ…

sk600തിരുവനന്തപുരം: ആരോഗ്യരംഗം ഇന്ന് വന്‍ വ്യവസായമായി മാറിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികളെ ഈ സാഹചര്യത്തില്‍ വ്യവസായ ശാലകളെന്നു തന്നെ വിളിക്കാം. ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഉള്ളതെല്ലാം വിറ്റു പറക്കി ലക്ഷങ്ങള്‍ ബില്ലടയ്ക്കുന്നവര്‍ക്ക് ഒടുവില്‍ കണ്ണീരു മാത്രമായിരിക്കും ഫലം. ഈയൊരവസ്ഥയെ ചൂഷണം ചെയ്യുകയാണ് സ്വകാര്യ ആശുപത്രികള്‍. തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രി ഒരു രോഗിയോട് ചെയ്ത ക്രൂരതയെ കണ്ണില്‍ ചോരയില്ലായ്മയെന്നു തന്നെ വിളിക്കണം.

കഫക്കെട്ടിനെത്തുടര്‍ന്നാണ് തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയും മുന്‍ ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ജയപാല്‍ എന്നയാള്‍ തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. എന്നാല്‍ ഇവിടുത്തെ ചികിത്സാപ്പിഴവ് ഇദ്ദേഹത്തിന്റെ കഫക്കെട്ട് ന്യൂമോണിയയാക്കി മാറ്റി. ഒടുവില്‍ നാവ് കുഴഞ്ഞ് സംസാരശേഷിയും നഷ്ടമായി. എല്ലാം കഴിഞ്ഞ് മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാനായി തയ്യാറായപ്പോള്‍ ബില്ല് കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് ബന്ദുക്കള്‍. ഒരാഴ്ചയോളം ചികിത്സിച്ച് രോഗിയുടെ അവസ്ഥ ഗുരുതരമാക്കിയതിന് ഒന്നേകാല്‍ ലക്ഷം രൂപയാണ് ബില്ല് വന്നത്.

തലസ്ഥാനത്തെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയായ എസ്.യു.ടി ആശുപത്രിയിലാണ് ആദ്യം ചികിത്സ നല്‍കിയിരുന്നത്. ഇവിടെ നല്ല രീതിയിലാണ് ചികിത്സ നല്‍കിയിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. പിന്നീട് പോയി വരാനുള്ള സൗകര്യം കണക്കിലെടുത്താണ് വീടിന് സമീപമുള്ള ആശുപത്രിയെന്ന നിലയില്‍ കഴിഞ്ഞ മാസം അവസാനത്തോടെ ഈ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രായമുള്ള രോഗിയായതിനാല്‍ തന്നെ അഡ്മിറ്റ് ചെയ്യണമെന്ന് പറയുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ മുറികളൊന്നുമില്ലെന്നും പനി സീസണായതിനാല്‍ ജനറല്‍ വാര്‍ഡില്‍ പോലും സ്ഥലമില്ലെന്നും ക്യാഷ്വാലിറ്റിയില്‍ നിന്നും അറിയിക്കുകയായിരുന്നു. എന്നാല്‍ ഐസിയുവില്‍ ബെഡ് ഉണ്ടെന്ന് പറഞ്ഞ് അവിടേക്ക് മാറ്റുകയായിരുന്നു. നടക്കാനും സംസാരിക്കാനും ഒരു പ്രശ്‌നവുമില്ലാതെയാണ് ജയപാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. ഐസിയുവിലായതുകൊണ്ട് തന്നെ ആര്‍ക്കും അകത്തേക്ക് പ്രവേശനമില്ലായിരുന്നു. ഇടയ്ക്ക് പുറത്ത് നിക്കുന്നവരോട് ജയപാലിന്റെ ആളുണ്ടെങ്കില്‍ ചായ എത്തിക്കണം കഞ്ഞി എത്തിക്കണം എന്ന് മാത്രം പറയുമായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് കാണാന്‍ പോലും അനുവാദം നല്‍കിയത്. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞ് ജയപാലിനെ കണ്ട ബന്ധുക്കള്‍ അന്തംവിടുകയായിരുന്നു. സംസാര ശേഷി നഷ്ടപെട്ട് നാക്ക് പോലും അനക്കാനോ എണീറ്റ് നില്‍ക്കാനോ പോലും കഴിയാത്ത അവസ്ഥയായിരുന്നു അദ്ദേഹത്തിന്.

ബന്ധുക്കള്‍ വിവരം അന്വേഷിച്ചപ്പോള്‍ ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാനില്ലയെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.തുടര്‍ന്ന് ബില്ല് വന്നപ്പോഴാണ് ബന്ധുക്കള്‍ ശരിക്കും ഞെട്ടിയത്. നടന്ന് വന്ന രോഗിയെ ആംബുലന്‍സില്‍ മറ്റൊരിടത്തേക്ക് മാറ്റേണ്ട അവസ്ഥയ്ക്ക് ബില്ലിട്ടത് ഒന്നേകാല്‍ ലക്ഷം രൂപ. ഉടന്‍ തന്നെ ആശുപത്രി സൂപ്രണ്ടുമായും ജനറല്‍ മാനേജറുമായും ബന്ധുക്കള്‍ സംസാരിച്ചപ്പോഴാണ് ചികിത്സിച്ച ഡോക്ടര്‍ ന്യൂറോ വിഭാഗത്തിലെയാണെന്ന് മനസിലായത്.

ഒന്നേകാല്‍ ലക്ഷം രൂപ ഒരുകാരണവശാലും അടയ്ക്കാന്‍ പറ്റില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞപ്പോള്‍ പലകാരണങ്ങള്‍ പറഞ്ഞ് വിഷയം മാറ്റാനും ആശുപത്രി അധികൃതര്‍ ശ്രമിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. നിങ്ങളെന്തിനാണ് ഇങ്ങനെ താടി വളര്‍ത്തിയിരിക്കുന്നതെന്നാണ് ജയപാലിന്റെ ചെറുമകന്‍ തോംസണോട് ജനറല്‍ മാനേജര്‍ ചോദിച്ചത്. അതൊന്നും ചര്‍ച്ചചെയ്യാനല്ല വന്നതെന്ന് പറഞ്ഞ ശേഷം ബില്ലില്‍ പറയുന്ന തുക അടയ്ക്കില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയില്‍ കൊണ്ട് വന്ന രോഗിയുടെ അസുഖം ഭേദമാകാതെ ലക്ഷങ്ങള്‍ അടയ്ക്കാന്‍ പറയുന്നത് എവിടുത്തെ മര്യാദയാണെന്ന് ബന്ധുക്കള്‍ ചോദിക്കുകയും ചെയ്തു. ഫാര്‍മസിയില്‍ മരുന്നിന് ആയ തുക അടച്ചേപറ്റുവെന്ന് അധികൃതര്‍ വാശിപിടിക്കുകയും ചെയ്തു.

പിന്നീട് ജനറല്‍ മാനേജര്‍ നല്‍കിയ ഓഫര്‍ നിങ്ങള്‍ ഇത്രയും ചര്‍ച്ച നടത്തിയ സ്ഥിതിക്ക് ഒരു അയ്യായിരം രൂപ കുറച്ച് തരാം എന്നായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. വൈകുന്നേരത്തോടെ തുക എണ്‍പതിനായിരമാക്കി ചുരുക്കുകയുമായിരുന്നു. മുപ്പതിനായിരം രൂപ ആദ്യം അടയ്ച്ചാല്‍ മതിയെന്നും ബാക്കി എണ്‍പതിനായിരം രൂപ ഇന്‍സ്റ്റള്‍മെന്റ് ഇനത്തില്‍ തന്നാല്‍ മതിയെന്നുമായിരുന്നും അധികൃതര്‍ പറയുകയായിരുന്നു. വൈകുന്നേരത്തോടെ രോഗിയെ പട്ടത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ 78കാരന്റെ അവസ്ഥ ഈ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം മോശമായെന്നു പറയുന്നത് അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ വാദിക്കുന്നു. ന്യൂമോണിയ ബാധിച്ചാല്‍ ഈ പ്രായത്തില്‍ ചികിത്സിക്കുകയും ഭേദമാക്കുകയും അത്ര എളുപ്പമല്ല. ന്യൂറോളജി സ്‌പെഷ്യലിസ്റ്റ് കേസില്‍ ഇടപെട്ടത് രോഗിക്ക് ന്യൂറോ സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടായതിനാലാണ്. പിന്നീട് ഒന്നേകാല്‍ ലക്ഷം രൂപയുടെ ബില്ല് കുറച്ച് കൊടുത്തതും ഇന്‍സ്റ്റാള്‍മെന്റായി മാറ്റിയതും സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതനുസരിച്ചാണെന്നും ഇവര്‍ പറയുന്നു.

Related posts