കാക്കനാട്: മോട്ടോർ വാഹനവകുപ്പിന്റെ അപേക്ഷ പരിഗണിച്ച് സിവിൽ സ്റ്റേഷനിലെ ഗേറ്റ് തുറന്നുകൊടുക്കാൻ ജില്ലാ കളക്ടർ രേണു രാജ് നിർദേശം നൽകി.
രാത്രിസമയങ്ങളിൽ ഗേറ്റുകൾ തുറന്നുകൊടുക്കണമെന്നാണ് സെക്യൂരിറ്റി വിഭാഗത്തിന് നല്കിയിരിക്കുന്ന നിർദേശം. മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗം നൽകിയ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്.
സിവിൽ സ്റ്റേഷന്റെ സുരക്ഷാ പ്രശ്നത്തിന്റ പേരിലാണ് കളക്ടറേറ്റ് കാമ്പസിലെ വാഹന പരിശോധനയും പിടികൂടുന്ന വാഹനങ്ങൾ കളക്ടറേറ്റ് വളപ്പിൽ സൂക്ഷിക്കുന്നതും നിയന്ത്രിച്ച് മുൻ കളക്ടർ ഉത്തരവിട്ടത്.
ഈ ഉത്തരവിനാണ് ഇപ്പോൾ ഭേദഗതി വരുത്തിയിക്കുന്നത്. എൻഫോഴ്സ്മെന്റ് വിഭാഗം രാത്രിയിലും പകലും ഷിഫ്റ്റുകളായി വാഹന പരിശോധന നടത്തുന്നുണ്ട്.
രാത്രി നടത്തുന്ന വാഹനപരിശോധനയിൽ അമിതഭാരം കയറ്റിയതും ടാക്സ് അടയ്ക്കാത്തതും തുടങ്ങി നിരവധി വാഹനങ്ങൾ പിടികൂടാറുണ്ട്.
ഇവയിൽ ചില വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കേണ്ടി വരും. അത്തരം വാഹനങ്ങൾ സിവിൽ സ്റ്റേഷൻ കാമ്പസിൽ സൂക്ഷിക്കേണ്ടതായും വരും.
ഇതിനുപുറമെ പുലർച്ചെവരെ വാഹന പരിശോധനയ്ക്കായി നിരത്തിൽ നിൽക്കേണ്ടി വരുന്ന ഉദ്യോഗസ്ഥർക്ക് പല ആവശ്യങ്ങൾക്കുമായി സിവിൽ സ്റ്റേഷനിൽ രാത്രി എത്തേണ്ടതായി വരും.
ഗേറ്റ് പൂട്ടിയിടുന്നത് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾക്ക് തടസമാകുന്നതായി എൻഫോഴ്സ്മെന്റ് ആർടിഒ അനന്തകൃഷ്ണൻ കളക്ടർക്ക് നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
സർക്കാർ ഖജനാവിലേക്ക് ഏറ്റവും കൂടുതൽ ഫണ്ട് എത്തിക്കുന്നത് വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗമാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ എറണാകുളം എൻഫോഴ്സ്മെന്റ് വിഭാഗം 91,15,012 രൂപ സമാഹരിച്ചിരുന്നു.
എന്നാൽ മാർച്ച് മാസത്തിൽ 41,79,075 രൂപയാണ് പിഴയിനത്തിൽ ഈടാക്കാനായത്. കഴിഞ്ഞ മാർച്ച് മൂന്നിന് നൽകിയ പരാതിയിൽ നടപടിയെടുക്കാതിരുന്ന കളക്ടർ വരുമാനം കുറയുന്നതായി ബോധ്യപ്പെട്ടപ്പോഴാണ് ഗേറ്റ് തുറന്നുകൊടുക്കാൻ ഉത്തരവിട്ടതെന്നു പറയുന്നു.
കളക്ടറേറ്റ് കാമ്പസിലെ വാഹന പരിശോധന തടഞ്ഞ മുൻ കളക്ടർ തൃക്കാക്കര നഗരസഭ സ്റ്റേഡിയം ഗ്രൗണ്ടിന് സമീപം 85 സെന്റ് സ്ഥലം മോട്ടോർ വാഹനവകുപ്പിന് പതിച്ചുനൽകിയെങ്കിലും അവിടെ യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.