കൊല്ലം: കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറിയ യുവാവ് മണിക്കൂറുകൾക്കുള്ളിൽ മരിച്ചു. തെന്മല ഇടമൺ സ്വദേശി ബിനു(41) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ബിനുവിന് പാമ്പിന്റെ കടിയേറ്റത്. കരവാളൂര്‍ മാത്രയിലെ കലുങ്കുംമുക്ക് ഏലായില്‍ ബന്ധുവീട്ടിലേക്കു വരുന്നവഴി കാൽ കഴുകാൻ തോട്ടിലിറങ്ങിയപ്പോഴാണ് ബിനുവിന് പാമ്പിന്റെ കടിയേറ്റത്.
തുടർന്ന് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പാമ്പിനെ കണ്ടെത്തി ബിനു പിടികൂടി. ഇതുമായി റോഡിലെത്തി നാട്ടുകാരെയും വനപാലകരെയും വിവരമറിയിച്ചു.
അരമണിക്കൂറിനുള്ളില്‍ വനപാലകരെത്തി പാമ്പിനെ ഏറ്റുവാങ്ങി. ഈ സമയം ബിനു ആശുപത്രിയിലേക്കു പോയില്ല.
പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ട ബിനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ തന്നെ മരിക്കുകയായിരുന്നു.
പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.