എംഎല്‍എ ആകുന്നതിന് മുമ്പുവരെ എന്റെ ബാങ്ക് അക്കൗണ്ട് ശൂന്യമായിരുന്നു! ഗ്രാമം വിട്ട് പോയിട്ടും അക്കൗണ്ട് ക്ലോസ് ചെയ്തുമില്ല; പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍

എം.എല്‍.എ ആകുന്നതിന് മുമ്പുവരെ തന്റെ ബാങ്ക് അക്കൗണ്ട് ശൂന്യമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘വിദ്യാര്‍ത്ഥികള്‍ക്കുള്ള അക്കൗണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്തുണ്ടായിരുന്നു. എന്നാല്‍ ആ അക്കൗണ്ട് എപ്പോഴും കാലിയായിരുന്നു. പിന്നീട് ഞാന്‍ ആ ഗ്രാമത്തില്‍ നിന്നും പോയി. എന്നാല്‍ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തിരുന്നില്ല.’ മോദി പറഞ്ഞു.

ബാങ്കധികൃതര്‍ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനായി തന്നെ അന്വേഷിച്ച് നടന്നിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നീട് 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാങ്കധികൃതര്‍ തന്റെ സമീപമെത്തിയത്.

’32 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ എന്നെ തേടി കണ്ടുപിടിച്ചു. എന്നിട്ട് പറഞ്ഞു ദയവ് ചെയ്ത് ഒന്ന് ഒപ്പിടൂ…ഞങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യണം.’

പിന്നീട് ഗുജറാത്തിലെ എം.എല്‍.എയായതിനുശേഷമാണ് ശമ്പളം വാങ്ങാന്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയതെന്നും മോദി കൂട്ടിച്ചേര്‍ത്തു. അതിന് മുമ്പ് തന്റെ അക്കൗണ്ടില്‍ പണമില്ലായിരുന്നു. അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയാണ് ഐ.പി.പി.ബി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

നോട്ടുനിരോധനത്തിലൂടെ പിടിച്ചെടുക്കുന്ന കള്ളപ്പണം രാജ്യത്തെ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്ന വാഗ്ദാനം നല്‍കി ജനങ്ങളെ മണ്ടന്മാരാക്കിയെന്ന ആരോപണം നിലനില്‍ക്കെ, നരേന്ദ്രമോദിയുടെ ഈ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്.

Related posts