പഠനവൈകല്യമുള്ള കുട്ടികളെ മറയാക്കി രാഹുല്‍ഗാന്ധിയുടെയും സോണിയഗാന്ധിയുടെയും നേര്‍ക്ക് ഒളിയമ്പ്! പ്രധാനമന്ത്രിയുടെ പരിഹാസം വേദിയ്ക്കും പദവിയ്ക്കും യോജിക്കാത്തതെന്ന് വിമര്‍ശനം; വീഡിയോ

വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനിടെ പഠനവൈകല്യമുള്ള കുട്ടികളെക്കുറിച്ചുള്ള ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവന വന്‍ വിവാദത്തില്‍. തന്റെ പദവിയ്ക്ക് യോജിക്കാത്തതും വിദ്യാര്‍ത്ഥികളോടാണ് സംസാരിക്കുന്നതെന്ന ബോധ്യവുമില്ലാതെയാണ് പ്രധാനമന്ത്രി സംസാരിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്.

രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്ന രീതിയിലായിരുന്നു മോദിയുടെ പ്രസ്താവന. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഭാഗമായി ഐ.ഐ.ടി വിദ്യാര്‍ഥികളുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫ്രന്‍സിങ്ങായിരുന്നു പരിപാടി. കുട്ടികളില്‍ കണ്ടുവരുന്ന പഠനവൈകല്യമായ ഡിസ്‌ലെക്‌സിയ രോഗവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനി തയാറാക്കിയ പ്രോജക്ട് പ്രധാനമന്ത്രിയുമായി പങ്കുവയ്ക്കുകയായിരുന്നു.

പഠന വൈകല്യമുള്ള കുട്ടികള്‍ക്കായി തയ്യാറാക്കിയ പ്രൊജക്ട് പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കുയായിരുന്ന വിദ്യാര്‍ത്ഥിയോട്, ഈ പ്രോജക്ട് നാല്‍പത് വയസിനും അമ്പത് വയസിനും ഇടയിലുള്ള കുട്ടികള്‍ക്കും പ്രയോജനപ്പെടുമോ എന്നാണ് പരിഹാസരൂപേണ മോദി ചോദിച്ചത്.

ഇതു കേട്ടതോടെ സദസില്‍ ചിരിയുണര്‍ന്നു. എന്നാല്‍ വിദ്യാര്‍ഥി പ്രയോജനപ്പെടുമെന്ന മറുപടിയാണ് മോദിക്ക് നല്‍കിയത്. അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ. അങ്ങനെയാണെങ്കില്‍ അത്തരം കുട്ടികളുടെ അമ്മമാര്‍ക്ക് ഇത് സന്തോഷമുണ്ടാക്കും. ഈ വീഡിയോ പുറത്തുവന്നതോടെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പഠനവൈകല്യമുള്ള വിദ്യാര്‍ഥികളെയും അവരുടെ മാതാപിതാക്കളെയും പ്രധാനമന്ത്രി അപമാനിച്ചെന്നാണ് പ്രധാനമായും ആരോപണം ഉയരുന്നത്. രാഷ്ട്രീയ പകപോക്കലിന് ഇതല്ല മാര്‍ഗമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

Related posts