സഹായങ്ങള്‍ നിഷേധിക്കുന്നത് കേരളത്തില്‍ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങളെ വളര്‍ത്താന്‍ അനുവദിക്കാത്തതിനാല്‍! പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പൊങ്കാലയിട്ട് മലയാളികള്‍

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ലോകത്തിന്റെ നാനാഭാഗത്തു നിന്നും സഹായങ്ങള്‍ ഒഴുകുകയാണ്. എന്നാല്‍ ചിറ്റന്ന നയം സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സഹായങ്ങള്‍ നിരസിക്കുകയാണ്. മലയാളികള്‍ക്ക് വലിയ രീതിയിലുള്ള അമര്‍ഷമാണ് ഇക്കാര്യത്തിലുള്ളത്.

ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ടിരിക്കുകയാണ് മലയാളികള്‍. മോദിയുടെ എല്ലാ പോസ്റ്റുകള്‍ക്കും കമന്റുകളുമായി മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. വിവിധയിടങ്ങളില്‍ നിന്നുള്ള സഹായം നിഷേധിക്കുന്നത്, തങ്ങളുടെ രാഷ്ട്രീയ താത്പര്യം വളര്‍ത്താന്‍ അനുവദിക്കാത്തതിനാല്‍ കേരളത്തോടുള്ള ദേഷ്യം മൂലമാണെന്നാണ് പലരും പറയുന്നത്.

അറബി നാട്ടില്‍ വര്‍ഷങ്ങളോളം വിയര്‍പ്പ് ഒഴുക്കിയതിന്റെ ഫലമാണ് ഇപ്പോള്‍ കേരളത്തിന് ലഭിച്ചതെന്നും അത് തടയാന്‍ ഒരു കേന്ദ്രത്തിനും അധികാരമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നെറികെട്ട രാഷ്ട്രീയത്തിലൂടെ കേരളത്തെ തകര്‍ക്കാമെന്ന് കേന്ദ്രം മോഹിക്കരുതെന്ന മുന്നറിയിപ്പും കമന്റുകളിലുണ്ട്.

എന്നാല്‍ 2004 ലെ സുനാമി സമയത്ത് വിദേശസഹായം വേണ്ടെന്ന് യുപിഎ സര്‍ക്കാര്‍ വ്യക്തമാക്കിയെന്നും ആ നയം തുടരുന്നുവെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.

Related posts