ശരിയായത് വരാനിരിക്കുന്നതേയുള്ളൂ! വിംഗ് കമാന്‍ഡറെ വിട്ടയയ്ക്കുമെന്നുള്ള പാക്കിസ്ഥാന്റെ അറിയിപ്പ് വന്നതിന് പിന്നാലെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം ശ്രദ്ധേയമാവുന്നു

ശുഭകരമായ ഒരു വാര്‍ത്തയാണ് ഏറ്റവും ഒടുവിലായി രാജ്യം കേട്ടത്. പാക് പിടിയിലായ ഇന്ത്യന്‍ വൈമാനികനെ വിട്ടയ്ക്കുമെന്നത്. ഈ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ രാജ്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയ്ക്കുമെന്നുള്ള പാക്കിസ്ഥാന്റെ അറിയിപ്പ് വന്ന് മിനിറ്റുകള്‍ക്ക് ശേഷം പ്രധാനമന്ത്രി നടത്തിയ പരാമര്‍ശമാണ് ശ്രദ്ധേയമായിരിക്കുന്നത്. ഇപ്പോള്‍ നടന്നത് പൈലറ്റ് പ്രോജക്ട് മാത്രമാണെന്നും ശരിയായത് വരാനിരിക്കുന്നേയുള്ളുവെന്നുമാണ് മോദി പറഞ്ഞത്.

ഡല്‍ഹിയില്‍ ശാസ്ത്രജ്ഞന്മാര്‍ക്കുള്ള ശാന്തി സ്വരൂപ് അവാര്‍ഡ് വിതരണ ചടങ്ങിലായിരുന്നു മോദി പരാമര്‍ശം. തടവിലായ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയ്ക്കാന്‍ ഇന്ത്യ നടത്തിയ ഇടപെടലുകളെ കുറിച്ചാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

പ്രധാനമന്ത്രി ശാസ്ത്രജ്ഞന്മാരോട് പറഞ്ഞത് ഇങ്ങനെ: നിങ്ങളുടെ ഒരു ജീവതം ഒരു പരീക്ഷണശാലയാണ്. ഒരു പൈലറ്റ് പ്രോജക്ട് ഉണ്ടാക്കുകയാണ് പതിവായി നിങ്ങള്‍ ചെയ്യുക. അതിന്റെ പ്രയോഗസാധ്യത നോക്കുക പിന്നീടാകും. ഇപ്പോള്‍ നമ്മള്‍ ഒരു പൈലറ്റ് പ്രോജക്ട് പൂര്‍ത്തിയാക്കിയിട്ടേയുള്ളൂ. ശരിയായത് ഇനി വേണം സൃഷ്ടിക്കാന്‍. നേരത്തെ നടന്നത് പ്രാക്ടീസ് മാത്രമാണെന്നും മോദി പറഞ്ഞു. ഇന്ത്യ- പാക് ബന്ധത്തെപ്പറ്റി മറ്റൊരു പരാമര്‍ശവും മോദി ചടങ്ങിനിടെ നടത്തിയുമില്ല.

Related posts