തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത വികസന ഉദ്ഘാടന പരിപാടിയെ ചൊല്ലി പോര്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ലാത്തതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും.മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രിമാരായ എം.ബി. രാജേഷും കെ.കൃഷ്ണന്‍കുട്ടിയുമാണ് ചടങ്ങ് ബഹിഷ്കരിച്ചിരിക്കുന്നത്.
ഇന്നലെയാണ് അറിയിപ്പ് കിട്ടിയതെന്നാണ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കുന്നത്. മണ്ഡലത്തില്‍ വേറെ പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ ചടങ്ങിനെത്തില്ലെന്ന് എം.ബി. രാജേഷ് വ്യക്തമാക്കി. അസൗകര്യം കാരണം ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടിയും വ്യക്തമാക്കി.
കേരളത്തില്‍ നടപ്പിലാക്കുന്ന 10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് ഇന്ന് കൊച്ചിയില്‍ നടക്കുന്നത്. ഈ പരിപാടിയാണ് സര്‍ക്കാര്‍ ബഹിഷ്കരിച്ചിരിക്കുന്നത്.കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ക്ക് ക്ഷണമുണ്ട്.
രാജീവ് ചന്ദ്രശേഖറിനെ ക്ഷണിച്ചതിലാണ് സിപിഎമ്മിന് നീരസം. ദേശീയപാത 66 ലെ തലപ്പാടി-ചെങ്കള ആറുവരിപ്പാത, കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം രാമനാട്ടുകര ആറുവരിപ്പാത ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിക്കുന്നത്.
