പ്രഭാതസവാരി നടത്തുന്ന സമയത്തിനുള്ളില്‍ ചെറുകിട ഇടത്തര സംരഭകര്‍ക്ക് ഒരു കോടി രൂപ വരെ വായ്പ! ചെറുകിട സംരഭകര്‍ക്കായി 12 പദ്ധതികളും; രാജ്യത്തിനുള്ള തന്റെ ദീപാവലി സമ്മാനം ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

തെരഞ്ഞെടുപ്പടുത്തിരിക്കുന്ന സാഹചര്യത്തില്‍ ചെറുകിട ഇടത്തരം സംരംഭകര്‍ക്കായി പുത്തന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 59 മിനിട്ട് കൊണ്ട് ഒരുകോടി രൂപവരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ചെറുകിട ഇടത്തരം സംരഭകര്‍ക്കായുള്ള പരിപാടി ഉദ്ഘാടനം ചെയ്യവേയായിരുന്നു മോദിയുടെ പുതിയ പ്രഖ്യാപനം. പ്രഭാതസവാരിക്കെടുക്കുന്ന സമയത്തിനുള്ളില്‍ സംരഭകര്‍ക്ക് ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുമെന്ന് മോദി പറഞ്ഞു.

ചെറുകിട സംരഭകര്‍ക്കായി 12 പദ്ധതികളാണ് മോദി പുതിയതായി പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തികനയം മൂലം ചെറുകിട വ്യവസായ മേഖല തകര്‍ന്നെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് സംരഭകര്‍ക്ക് ആശ്വാസം പകര്‍ന്ന് മോദി പുത്തന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ചെറുകിട സംരഭകര്‍ക്കുള്ള ദീപാവലി സമ്മാനമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചെറുകിട ഇടത്തരം വ്യവസായത്തില്‍ സര്‍ക്കാരിന്റെ വിഹിതം 20 ല്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്തും. ജി.എസ്.ടിയുമായി ബന്ധിപ്പിച്ച് വ്യവസായങ്ങള്‍ക്ക് നല്‍കുന്ന ഒരുകോടി രൂപവരെയുള്ള വായ്പയില്‍ രണ്ടുശതമാനം പലിശയിളവ് നല്‍കും തുടങ്ങിയ കാര്യങ്ങളും മോദി പ്രഖ്യാപിച്ചു. പുതിയ പദ്ധതികള്‍ ചെറുകിടവ്യവസായ രംഗത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും മോദി കുട്ടിച്ചേര്‍ത്തു. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, സഹമന്ത്രി ഗിരിരാജ് സിംഗ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇതെല്ലാം തെരഞ്ഞെടുപ്പടുത്തിരിക്കുന്ന സമയത്തെ മോദിയുടെ അടവുകളാണെന്നും ആരോപണം ഉയരുന്നുണ്ട്.

Related posts