ലാലേട്ടന്‍ നമ്മളുദ്ദേശിക്കുന്ന ആളല്ല ! മോഹന്‍ലാലിന്റെ വര്‍ക്ക് ഔട്ട് വീഡിയോ തരംഗമാവുന്നു…

അഭിനയം കൊണ്ടു മാത്രമല്ല മെയ് വഴക്കം കൊണ്ടും ആളുകളെ വിസ്മയിപ്പിക്കുന്ന താരമാണ് മോഹന്‍ലാല്‍. ഇപ്പോള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്ന ഒരു വീഡിയോ തരംഗമാവുകയാണ്. ‘Battle Rope Workout’ എന്ന വ്യായാമം ചെയ്യുന്ന താരമാണ് വീഡിയോയില്‍. ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ ഈ പ്രായത്തിലും മോഹന്‍ലാല്‍ കാണിക്കുന്ന ആര്‍ജ്ജവത്തിനു കയ്യടിക്കുകയാണ് ആരാധകര്‍.

മമ്മൂട്ടി ഫാന്‍സും ഉണ്ട് കമന്റുകളുമായി. മമ്മൂട്ടി ഉറുമി വീശുന്ന ഒരു ചിത്രം പങ്കു വച്ചതിന്റെ പിന്നാലെ മോഹന്‍ലാല്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ഇട്ടതിനാണ് അവര്‍ പരിഹസിക്കുന്നത്.
‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ചിത്രത്തിനായി അദ്ദേഹം പെണ്‍വേഷം കെട്ടി മാര്‍ഗം കളി കളിയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. മാര്‍ഗംകളിയ്ക്കായി ഒരുങ്ങി സ്റ്റേജില്‍ സലിം കുമാറിനും ഹരീഷ് കണാരനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയ്ക്കും ഒപ്പം മോഹന്‍ലാല്‍ നില്‍കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്. ‘ഭവന നിര്‍മ്മാണ സഹായനിധിയ്ക്കുള്ള മെഗാ മാര്‍ഗംകളി’ എന്നെഴുതിയ ബാനറാണ് ചിത്രത്തിനു പശ്ചാത്തലമാകുന്നത്. ഒരു എന്റര്‍ര്‍ടെയിനറാവും ചിത്രമെന്ന സൂചനയാണ് ലോക്കേഷന്‍ ചിത്രവും നല്‍കിയത്.

‘ഒടിയന്‍, ‘ലൂസിഫര്‍’, ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ആണ്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘വെള്ളിമൂങ്ങ’, ‘ചാര്‍ലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ‘ഇട്ടിമാണി’.

കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഹണി റോസാണ് ചിത്രത്തിലെ നായിക. നേരത്തെ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം മോഹന്‍ലാല്‍ തന്നെ പുറത്ത് വിട്ടിരുന്നു. കണ്ണിറുക്കി ചിരിക്കുന്ന കുസൃതി നിറഞ്ഞ മോഹന്‍ലാലിന്റെ ചിത്രമായിരുന്നു അത്. മോഹന്‍ലാലിനൊപ്പം രാധികാ ശരത്കുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. . 1985 ല്‍ പുറത്തിറങ്ങിയ ‘കൂടുംതേടി’ എന്ന ചിത്രത്തിലെ രാധിക- മോഹന്‍ലാല്‍ ജോഡിയും ‘വാചാലമെന്‍ മൗനവും’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

Related posts