കോഴിക്കോട്: സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതികൾ തെളിവുകള്‍ നശിപ്പിച്ചതായി സൂചന. കസ്റ്റംസ് അന്വേഷണസംഘം അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പുള്ള സ്വര്‍ണക്കടത്ത് സംഘത്തിലുള്ളവരാണ് മുന്‍കൂട്ടി തെളിവുകള്‍ നശിപ്പിക്കുന്നത്.
സ്ഥിരമായി ഉപയോഗിക്കുന്ന ഫോണുകളില്‍ നിന്നും വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പല നിര്‍ണായകമായ തെളിവുകളും നശിപ്പിച്ചതായാണ് അന്വേഷണസംഘം കരുതുന്നത്.
അതേസമയം ഇത്തരത്തിലുള്ള തെളിവുകള്‍ വീണ്ടെടുക്കാനായി കസ്റ്റംസ് സിഡാക്കിന്റെ സഹായം തേടും. പിടിയിലായ പ്രതികളിലേറെയും ഉപയോഗിക്കുന്നത് പുതിയ ഫോണാണ്. സിംകാര്‍ഡും പുതിയതാണ് ഉപയോഗിക്കുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി റമീസിനെ പിടികൂടിയതോടെ അന്വേഷണം താഴേത്തട്ടിലേക്ക് എത്തുമെന്ന് പലരും മനസിലാക്കി. അറസ്റ്റുണ്ടാവുമെന്നറിഞ്ഞതോടെ പരമാവധി തെളിവുകള്‍ നശിപ്പിക്കുകയാണിപ്പോള്‍ ചെയ്യുന്നത്.
ഇതിന്റെ ഭാഗമായാണ് മൊബൈല്‍ ഫോണുകള്‍ ഒഴിവാക്കുന്നത്. ഒരിക്കലും വീണ്ടെടുക്കാന്‍ സാധിക്കാത്ത വിധത്തില്‍ ഫോണുകള്‍ ചിലര്‍ നശിപ്പിച്ചതായും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.
കസ്റ്റംസ് മുമ്പാകെ കീഴടങ്ങിയ കൊച്ചി സ്വദേശിയായ പ്രതി ഫോണ്‍ പുഴയില്‍ ഉപേക്ഷിച്ചതായാണ് വിവരം. കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി സംജുവിന്റെ വീട്ടിലെ സിസിടിവിയും ഹാര്‍ഡ് ഡിസ്കും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു.
ഹാര്‍ഡ് ഡിസ്കില്‍ ഒരാഴ്ചത്തെ ദൃശ്യങ്ങള്‍ മാത്രമാണുള്ളത്. മറ്റുദിവസങ്ങളിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കസ്റ്റംസ് സിഡാക്കിന്റെ സഹായം തേടും.
നയതന്ത്ര പാഴ്സല്‍ വഴി എത്തിയിരുന്ന സ്വര്‍ണം കഴിഞ്ഞ ദിവസം അറസ്റ്റിലായ മലപ്പുറം സ്വദേശി ഷാഫിയാണ് സംജുവിന് കൈമാറിയിരുന്നത്. ഇതിനായി ഷാഫി നിരവധി തവണ സംജുവിന്റെ വീട്ടിലെത്തിയതായി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.
ഈ മൊഴി ശരിയാണോയെന്ന് അന്വേഷിക്കുന്നതിനാണ് സിസിടിവി കസ്റ്റഡിയിലെടുത്തത്. നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവര്‍ ആരെങ്കിലും സംജുവിന്റെ വീട്ടില്‍ എത്തിയിരുന്നോ എന്നതും പരിശോധിക്കും.
സിഡാക്കില്‍ നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുത്താല്‍ മാത്രമേ ഇത്തരത്തിലുള്ള അന്വേഷണം പുരോഗമിക്കുകയുള്ളൂ. ഇതിനു പുറമേ ഇന്നലെ കസ്റ്റംസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത മീഞ്ചന്ത വട്ടക്കിണര്‍ സ്വദേശി കോങ്കണിപ്പറമ്പ് ജാസ് മന്‍സിലില്‍ ജിഫ്സലിന്റെ ഫോണിലും കൂടതല്‍ തെളിവുകള്‍ ഉണ്ടായിരുന്നില്ല. ഫോണില്‍ നിന്നും എല്ലാം മായ്ചതായാണ് സംശയിക്കുന്നത്.