മെട്രോയുടെ അവകാശികള്‍ ! ഡല്‍ഹി മെട്രോയിലെ സൗജന്യയാത്ര ആസ്വദിച്ച് കുരങ്ങന്‍; വീഡിയോ വൈറലാകുന്നു…

ഡല്‍ഹി മെട്രോ ട്രെയിന്‍ കുരങ്ങന്‍ യാത്ര നടത്തുന്നതിന്റെ വീഡിയോ വൈറലാകുന്നു.യമുന ബാങ്ക് സ്റ്റേഷന്‍ മുതല്‍ ഐ.പി സ്റ്റേഷന്‍ വരെയുള്ള യാത്രയിലാണ് സീറ്റില്‍ ഒരു കുരങ്ങും ഇടം പിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ ഹിറ്റാവുകയായിരുന്നു.

ശനിയാഴ്ചയാണ് വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. എവിടെ നിന്നാണ് കുരങ്ങ് ട്രെയിനകത്തേക്ക് കയറിയതെന്ന് വ്യക്തമല്ല. വൈകുന്നേരം 4.45 മണിയോടെയാണ് കുരങ്ങ് യമുന ബാങ്ക് സ്റ്റേഷനില്‍ നിന്ന് ട്രെയിനകത്തേക്ക് പ്രവേശിച്ചത്.

കോച്ചിനകത്ത് അല്‍പ നേരം കറങ്ങിനടന്ന കുരങ്ങ് ഐ.പി സ്റ്റേഷന്‍ എത്തുന്നത് വരെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു.

യാത്രക്കാരെ ഉപദ്രവിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇടയ്ക്ക് ജനലിലൂടെ പുറത്തെ കാഴ്ചകളിലേക്ക് എഴുന്നേറ്റ് നോക്കിയതൊഴിച്ചാല്‍ തീര്‍ത്തും സമാധാനപരമായിരുന്നു വാനരന്റെ യാത്ര.

കോച്ചിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് വാനരന്റെ മെട്രോ യാത്ര പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

ഐ.പി സ്റ്റേഷന്‍ എത്തിയപ്പോല്‍ കുരങ്ങും ട്രെയിനില്‍ നിന്ന് പുറത്തിറങ്ങി പോയി. പിന്നീട് അതിനെ സ്റ്റേഷന്റെ പരിസരത്ത് കണ്ടിട്ടില്ലെന്ന് മെട്രോ അധികൃതര്‍ പ്രതികരിച്ചു.

Related posts

Leave a Comment